09:14pm 08 May 2026
NEWS
ഇടതുമുന്നണിയിലും അധികാര വടംവലി
08/05/2026  08:11 PM IST
nila
ഇടതുമുന്നണിയിലും അധികാര വടംവലി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഇടതു മുന്നണിയിലും അധികാര വടംവലി. പ്രതിപക്ഷ ഉപനേതാവ് പദവിക്കായാണ് എൽഡിഎഫിൽ വടംവലി നടക്കുന്നത്.  പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നൽകണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ഉന്നയിച്ചതോടെയാണ് സിപിഎം–സിപിഐ ഭിന്നത പുറത്തുവന്നത്. ഭരണഘടനാപരമായി അത്തരമൊരു പദവി നിലവിലില്ലെന്ന സിപിഎം നിലപാടിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മുൻപ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണൻ പ്രതിപക്ഷ ഉപനേതാവായി പ്രവർത്തിച്ച സാഹചര്യമാണ് സിപിഐ ഉയർത്തിക്കാട്ടുന്നത്. സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി ആവശ്യം തള്ളേണ്ടതില്ലെന്നും, ഇത്തരം വിഷയങ്ങൾ മുൻകാലങ്ങളിലും പരിഹരിച്ചിട്ടുണ്ടെന്നുമാണ് സിപിഐയുടെ വാദം.

അതേസമയം വിഷയത്തിൽ പ്രതികരിച്ച സിപിഐ ദേശീയ നേതാവ് പി സന്തോഷ് കുമാർ ഉപനേതൃപദവി സംബന്ധിച്ച ചർച്ചകളെക്കുറിച്ച് വ്യക്തമായ അറിവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ സിപിഐ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും ശക്തമാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഞായറാഴ്ച ഡൽഹിയിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം നിർണായകമാകും. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി മാറിനിൽക്കുകയാണെങ്കിൽ മറ്റൊരാൾക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. ആ സാഹചര്യത്തിൽ കെ എൻ ബാലഗോപാൽ പ്രധാന പരിഗണനയിലുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img