
സർക്കാർ സർവ്വീസിൽ തൊഴിൽ അന്വേഷിക്കുന്ന മലയാളികളുടെ ആശ്രയമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം. ഭരണഘടനയുടെ ആർട്ടിക്കിൾ 320(3) പ്രകാരം പരാമർശിച്ചിരിക്കുന്ന സർവ്വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കമ്മീഷൻ സർക്കാരിനെ ഉപദേശിക്കുകയും നിയമന അധികാരികളുടെ അഭ്യർത്ഥനപ്രകാരം വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുകയും, എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷകളും ശാരീരികക്ഷമതാ പരീക്ഷയും അഭിമുഖവും നടത്തുകയും, മത്സരാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് പട്ടിക തയ്യാറാക്കുകയും സംവരണമാനദണ്ഡങ്ങൾ പാലിച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് നിയമനത്തിന് ഉപദേശിക്കുകയും ചെയ്യുന്ന ചുമതലയാണ് പബ്ലിക് സർവ്വീസ് കമ്മീഷന്റേത്.
ഒരുവിധ സ്വാധീനങ്ങൾക്കും വഴങ്ങാത്ത സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വവുമായി തങ്ങളിലർപ്പിതമായ ചുമതല നിർവ്വഹിക്കുന്ന സ്ഥാപനമായിരിക്കണം പി.എസ്.സി എന്നതാണ് സങ്കൽപ്പം. പി.എസ്.സി രൂപീകൃതമായ കാലം മുതലേ പി.എസ്.സി ചെയർമാനും അംഗങ്ങളും അതതുകാലത്ത് ഭരിക്കുന്ന സർക്കാരുകൾ നോമിനേറ്റ് ചെയ്യുന്നവരാണ്. എങ്കിലും കേരള പി.എസ്.സിക്ക് കുറച്ചുകാലം മുമ്പ് വരെ തങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ കഴിയുംവിധം ഒരു പരിധിവരെ സുതാര്യമായി ചുമതല നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പി.എസ്.സി വഴി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ യോഗ്യതയെയും കഴിവിനെയും കുറിച്ച് സമൂഹത്തിൽ ഒരു മതിപ്പുണ്ടായിരുന്നു.
അതിനാലാണ് സ്വന്തം നിലയ്ക്ക് നിയമനം നടത്തുന്ന പൊതുസ്ഥാപനങ്ങളിലെയെല്ലാം നിയമനങ്ങൾ പി.എസ്.സിക്ക് വിടണം എന്ന പൊതുവായ ആവശ്യം ഉയർന്നിരുന്നത്. പി.എസ്.സി ചെയർമാനോ അംഗങ്ങളോ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് വഴിപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് കനത്ത ശമ്പളം ഇവർക്ക് ലഭ്യമാക്കിയിരുന്നത്.
എന്നാൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പി.എസ്.സി മെമ്പർമാരുടെ നിയമനാവകാശം പാർട്ടിയടിസ്ഥാനത്തിൽ വീതംവച്ചു നൽകിയപ്പോൾ കക്ഷികളുടെ തലപ്പത്തുള്ളവർ വലിയ തുക കോഴ വാങ്ങി പദവി വിറ്റഴിച്ചതുപോലും അങ്ങാടിപ്പാട്ടായിരുന്നു. എല്ലാ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് ക്ഷേമനിധി ബോർഡുകളിലെ താൽക്കാലിക നിയമനം മുതൽ പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ വരെ പരമാവധി പാർട്ടിക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റാൻ നടന്ന വഴിവിട്ട ഇടപെടലുകൾ 2016-2026 ഭരണകാലത്തെ എടുത്തുപറയാവുന്ന പ്രത്യേകതകളിൽ ഒന്നായിരുന്നു.
കനത്ത ശമ്പളം പറ്റിക്കൊണ്ടാണല്ലോ പി.എസ്.സി തലപ്പത്തുള്ളവർ ഈ കൊള്ളരുതായ്മകൾ കാണിച്ചതെന്നതിലാണ് ജനങ്ങൾക്ക് രോഷം. ഏറ്റവും ഒടുവിൽ ഇവരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് 2025 ഫെബ്രുവരി 19 ന് ചേർന്ന പിണറായമ മന്ത്രിസഭയുടെ യോഗമാണ്. പി.എസ്.സി ചെയർമാന് പ്രതിമാസം 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപാവരെയുമാണ് നിലവിലെ മൊത്തം ശമ്പളം.
ചെയർമാന്റെ അടിസ്ഥാനശമ്പളം 2,24100 രൂപ വിവിധ അലവൻസുകൾ/ഡി.എ, എച്ച്.ആർ.എ ഉൾപ്പെടെയാണ് മൊത്തം ശമ്പളം 4.10 ലക്ഷം രൂപയാകുന്നത്. അംഗങ്ങളുടെ അടിസ്ഥാനശമ്പളം 2,19,000 രൂപാ അലവൻസുകൾ ഉൾപ്പടെ 4 ലക്ഷം രൂപ. ശമ്പളത്തിന് പുറമെ ഔദ്യോഗിക വാഹനം, വീട്ടുവാടക, യാത്രാബത്ത, ചികിത്സാ ആനുകൂല്യങ്ങൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കും ലഭിക്കുന്നുണ്ട്.
2016 ൽ പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ ഡോ. കെ.എസ്. രാധാകൃഷ്ണനായിരുന്നു പി.എസ്.സി ചെയർമാൻ. 2016 ഒക്‌ടോബർ 30 ന് അദ്ദേഹം വിരമിച്ച ഒഴിവിൽ നിയമിതനായത് അഡ്വ. എം.കെ. സക്കീറാണ്. വി.എസ്. സർക്കാർ പി.എസ്.സി മെമ്പറായി നിയമിച്ച സക്കീർ 2017 ജനുവരി 28 ന് കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് പിണറായി സർക്കാർ ചെയർമാനായി നിയമിക്കുന്നത്.
ഇദ്ദേഹം 2022 ഒക്‌ടോബറിൽ വിരമിച്ച ഒഴിവിൽ ഡോ. എം.ആർ. ബൈജു ചെയർമാനായി. 2017 ജനുവരി 9 മുതൽ പി.എസ്.സി മെമ്പറായിരുന്നു. പി.എസ്.സി ചെയർമാനായിരുന്ന എം.കെ. സക്കീർ പിന്നീട് സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി. ഇദ്ദേഹം 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലെ സി.പി.എം സ്ഥാനാർത്ഥിയായിരുന്നു.
ഡോ. എം.ആർ. ബൈജു ചെയർമാനായ പി.എസ്.സി ഭരണസമിതിയിൽ നിലവിലുള്ള അംഗങ്ങൾ ഡോ.എസ്. ശ്രീകുമാർ, എസ്.എ. സൈഫ്, അബ്ദുൽ സമദ് വി.ടി.കെ, ഡോ. സി.കെ. ഷാജിബ്, ഡോ. സ്റ്റാനി തോമസ്, രമ്യ വി.ആർ, അഡ്വ.സി ജയചന്ദ്രൻ, പ്രകാശൻകെ, ഡോ. ജിപ്‌സൺ വി. പോൾ, ഡോ. പ്രകാശൻ പി.പി, കെ.ടി. ബാലഭാസ്‌ക്കരൻ, ഡോ. പ്രിൻസ് കുര്യാക്കോസ്, അഡ്വ. ജോഷ് എച്ച്, അഡ്വ. ബോസ് അഗസ്റ്റിൻ, ഋഷി ടി ഗോപാൽ എന്നിവരാണ്. ഇവരെല്ലാവരും തന്നെ എൽ.ഡി.എഫ് നോമിനികളാണ്. നിലവിൽ 5 പേരുടെ ഒഴിവുകളുണ്ട്.
പി.എസ്.സി പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ മുൻപെല്ലാം കർശനമായി രഹസ്യസ്വഭാവവും സുതാര്യതയും പാലിച്ചിരുന്നു. ചോദ്യങ്ങളുടെ അഞ്ചോ ആറോ സെറ്റുകൾ ഉണ്ടാക്കി അതിൽ നിന്ന് നറുക്കിട്ടെടുത്താണ് അച്ചടിക്കായി അയച്ചിരുന്നത്. ചെയർമാനാണ് ചോദ്യം തയ്യാറാക്കുന്ന പാനലിനെ നിശ്ചയിക്കുന്നത്. ഇടതുപക്ഷ സർവ്വീസ് സംഘടനയുടെ നേതാവായിരുന്ന ആളാണ് ഇപ്പോഴത്തെ കമ്മീഷൻ ചെയർമാൻ. അഭിമുഖങ്ങൾ നടത്താനെത്തുന്നവരും ചോദ്യങ്ങൾ തയ്യാറാക്കുന്നവരും സംഘടനാ നേതാക്കളോ അംഗങ്ങളോ ആകുന്നത് ഇടപെടലുകൾ എളുപ്പമാക്കുന്നു.
എഴുത്തുപരീക്ഷയിൽ പിന്നിൽ പോയാലും അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ച് ജോലി നേടുന്നവർ ധാരാളമുണ്ട്. എഴുത്തുപരീക്ഷയ്ക്ക് 200 മാർക്കും അഭിമുഖത്തിന് 40 മാർക്കുമാണ് പരമാവധി. എഴുത്തുപരീക്ഷയിൽ പിന്നിലുള്ള വേണ്ടപ്പെട്ട വരെ അഭിമുഖം നടത്തുന്നവർ 35 ഓ 36 ഓ മാർക്ക് നൽകി മുമ്പിലെത്തിക്കുകയാണ് ചെയ്യുക.
ആസൂത്രണ ബോർഡിലെ 3 ചീഫ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ക്രമക്കേടു പുറത്തുവന്നതോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.എസ്.സി നടത്തിയ ഒട്ടേറെ പ്രധാന പരീക്ഷകളേയും അഭിമുഖങ്ങളേയും കുറിച്ച് അതിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ പരാതിയും സംശയവും ഉന്നയിച്ച് അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് തസ്തികയിലേക്കുള്ള 100 മാർക്കിന്റെ പരീക്ഷയിൽ 10 ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങൾ(58 മാർക്ക്) മൂല്യനിർണ്ണയം നടത്താതെ വിട്ടു. എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാതിരുന്ന ചിലർക്ക് ഉയർന്ന റാങ്ക് ലഭിക്കുകയും നിയമനം നടക്കുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരം ഒരു ഉദ്യോഗാർത്ഥിക്ക് ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുകയും പരാതിപ്പെടുകയുമായിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ഈ റാങ്ക് ലിസ്റ്റ് പി.എസ്.സിക്ക് റദ്ദാക്കേണ്ടി വന്നു. പുനർമൂല്യ നിർണ്ണയത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് പി.എസ്.സി യോഗം തീരുമാനിച്ചെങ്കിലും ഇത് അട്ടിമറിച്ച് ചെയർമാൻ അന്വേഷണം പരീക്ഷ കൺട്രോളറെ ഏൽപ്പിക്കുകയായിരുന്നു. പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായി പരീക്ഷാ കൺട്രോളറുടെ അന്വേഷണത്തിൽ കണ്ടെത്തി. വീണ്ടും ചേർന്ന പി.എസ്.സി യോഗമാണ് സമഗ്ര അന്വേഷണത്തിന് വിജിലൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. വിവാദത്തിലെ പരീക്ഷാരേഖകൾ മുഴുവൻ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.
2019 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു അക്രമ സംഭവത്തിൽ മുന്നിലുണ്ടായിരുന്ന എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ പോലീസ് കോൺസ്റ്റബിൾ ആകാൻ സെലക്ഷൻ ലഭിച്ചവരാണെന്നറിഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണത്തിലാണ് ഇവർ 2019 ജൂലൈയിൽ നടന്ന കേരള ആംഡ് പോലീസ് ബറ്റാലിയൻ പരീക്ഷയിൽ ക്രമക്കേടിലൂടെ ആദ്യറാങ്കുകൾ നേടിയ കാര്യം മനസ്സിലാക്കുന്നത്. പരീക്ഷാഹാളിൽ ഇരുന്നുകൊണ്ട് മൊബൈൽ ഫോണും സ്മാർട്ട് വാച്ചും ഉപയോഗിച്ച് പുറത്തുനിന്നും എസ്.എം.എസ് വഴി ഉത്തരം സ്വീകരിച്ചുമാണ് ഇവർ പരീക്ഷ എഴുതിയത്. മൂന്നുപേരെയും പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുകയും ആജീവനാന്തം പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്യേണ്ടി വന്നു.
തുടർന്ന് 2020 ൽ നടന്ന കെ.എ.എസ്. പരീക്ഷയ്‌ക്കെതിരെയും ആരോപണം ഉണ്ടായി. പി.എസ്.സി സെക്രട്ടറി പരാതിപ്പെട്ടതിനെ തുടർന്ന് ആരോപണം ഉന്നയിച്ച സെക്രട്ടറിയേറ്റിലെ യു.ഡി.എഫ് അനുകൂല സംഘടനയിൽപ്പെട്ടവർക്കെതിരെ അച്ചടക്കനടപടിയുണ്ടായി. 2 ഉദ്യോഹസ്ഥരുടെ സ്ഥാനക്കയറ്റം തടഞ്ഞു. ഒരാൾ വിരമിച്ചിട്ടു മാസങ്ങളായെങ്കിലും പെൻഷൻ നൽകിയിട്ടില്ല. നാലരലക്ഷം പേർ പങ്കെടുത്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്(കെ.എ.എസ്) പ്രാഥമിക പരീക്ഷ ഒ.എം.ആർ രീതിയിലാണ് നടത്തിയത്. ഇതിൽ 12000 ഉത്തരക്കടലാസുകൾ ഒ.എം.ആർ മെഷീൻ സ്വീകരിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 21 പി.എസ്.സി ഉദ്യോഗസ്ഥരെ കൊണ്ടാണ് മൂല്യനിർണ്ണയം നടത്തിയത്. ഇതിനെതിരെ ലഭിച്ച പരാതികൾ പി.എസ്.സി ഗൗനിച്ചില്ല.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളിൽ കുഫോസിലെ എസ്.എഫ്.ഐ നേതാക്കൾക്ക് മുൻഗണന ലഭിച്ചെന്നും ആകെ നടന്ന 44 നിയമനങ്ങളിൽ 38 പേരും കുഫോസിലെ വിദ്യാർത്ഥികളാണെന്നതും പരാതിക്കിടയാക്കിയിരുന്നു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡി.വൈ.എസ്.പി(സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, സർവ്വകലാശാല പി.ആർ.ഒ എന്നിവയിലും ക്രമക്കേട് നടന്നതായി ഗവർണർക്ക് പരാതിപോയിട്ടുണ്ട്.
പ്ലാനിംഗ് ബോർഡ് നിയമനവിവാദത്തെ തുടർന്ന് ഒട്ടേറെ നിയമനങ്ങളിൽ സംശയം പ്രകടിപ്പിച്ച് ധാരാളം പേർ പരാതികളുമായി മുമ്പോട്ടുവരുന്നുണ്ട്. പി.എസ്.സിയിലെ തന്നെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ 10 ഒഴിവുകളിൽ വ്യവസ്ഥാപിത മാർഗ്ഗങ്ങൾ ഒന്നും സ്വീകരിക്കാത്ത വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റിയതു കൂടി പുറത്തുവന്നതോടെ അടിമുടി സംശയത്തിന്റെ നിഴലിലാണ് കേരള പി.എസ്.സി. സംസ്ഥാന സർക്കാർ പ്രഖ്യപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും തുടർ നടപടികളും ശുദ്ധികലശത്തിനിടയാക്കുമെങ്കിൽ ഉചിതമായി.










