01:57am 18 July 2026
NEWS
'മൃതദേഹം' വെച്ച് രാഷ്ട്രീയ മുതലെടുപ്പ് മത്സരം: ആർ.എസ്.എസ് പ്രവർത്തകന്റെ ജഡം സംസ്‌കരിച്ചത് സേവാഭാരതിയെന്ന്
17/07/2026  08:23 AM IST
നെല്ലിക്കുത്ത് ഹനീഫ
മൃതദേഹം വെച്ച് രാഷ്ട്രീയ  മുതലെടുപ്പ് മത്സരം: ആർ.എസ്.എസ് പ്രവർത്തകന്റെ ജഡം സംസ്‌കരിച്ചത് സേവാഭാരതിയെന്ന്
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സണും, മഞ്ചേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഷെയ്ഖ് സായിദ് ഓൾഡേജ് ഓർഫനേജി'ന്റെ സ്ഥാപകയുമായ ഇർഫാന എന്ന മുസ്ലിം വനിത, കുടുംബം ഉപേക്ഷിച്ച നാരായണൻ എന്ന വയോധികന്റെ ജഡം ഹൈന്ദവാചാര പ്രകാരം സംസ്‌കരിച്ചത് സംബന്ധിച്ച വാർത്താപുകിലാണ്  ഏതാനും നാളുകളായി സോഷ്യൽ മീഡിയായിൽ നീറിപ്പുകഞ്ഞ് കൊണ്ടിരുന്നത്. മരണപ്പെട്ട വയോധികൻ ആർ.എസ്.എസ് പ്രവർത്തകനുമായിരുന്നു എന്നത് വിഷയത്തിന് മാറ്റ് കൂട്ടുന്നു. 
 
മഞ്ചേശ്വരം താലൂക്കിലെ മീഞ്ചയിലെ ചിഗ്പദവ് സ്വദേശി നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സ തുടരവെ മരണപ്പെട്ടത്. ജഡം ഏറ്റെടുക്കാനോ, സംസ്‌കരിക്കുവാനോ ആളില്ലാതെ വന്നതോടെയാണ് അതിനായി ഇർഫാന മുന്നോട്ട് വന്നത്. ദേശീയ മാധ്യമങ്ങൾ വരെ വൻ പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തതും. സാമൂഹിക പ്രവർത്തകരായ റിയാസ് പിലാത്തറ, മഹ്മൂദ് കൈക്കമ്പ, ശ്മശാനം സൂക്ഷിപ്പുകാരനായ രഘു എന്നിവർക്കൊപ്പം കാസർഗോഡ്-ചെറുഗോളി പൊതു ശ്മശാനത്തിൽ മുഖമക്കനയും, പർദ്ദയും ധരിച്ച ഇർഫാന എന്ന മുസ്ലിംസ്ത്രീ സ്വന്തം കൈകളാൽ ചിതയിലേക്ക് വിറക് എടുത്ത് വയ്ക്കുകയും, മരണപ്പെട്ട വ്യക്തിയുടെ മകളുടെ സ്ഥാനത്ത് നിന്നുകൊണ്ട് അർഹമായ ആദരവോടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച്, ചിതയ്ക്ക് തീ കൊളുത്തി, കർമ്മങ്ങളുടെ ഫോട്ടോയും, വീഡിയോകളും സോഷ്യൽ മീഡിയായിൽ പലരായി ഷെയർ ചെയ്തതോടെ, വയോധികന്റെ ശവസംസ്‌കാരച്ചടങ്ങ് നടത്തിയതിനും, അതിനായി പണം ചെലവിട്ടതിനും അവകാശവാദവുമായി പലരും രംഗത്തെത്തി. 
 
വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് ലീഗ് വനിതാ നേതാവ് ഇർഫാന അത് ചെയ്തതെന്നും പറഞ്ഞ് സംഘ്പരിവാർ കേന്ദ്രങ്ങൾ വലിയ തോതിൽ പ്രചാരണം നടത്തിയതോടെ വിവാദം കത്തിപ്പടർന്നു. സംഭവത്തിന്റെ തുടക്കത്തിൽ ജനം ടി.വിയിലെ അനിൽ നമ്പ്യാർ ഇർഫാനയെ അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഏറ്റെടുക്കാൻ ആരോരുമില്ലാത്ത ഘട്ടത്തിൽ സ്വന്തം മതത്തിന്റെ എതിർപ്പ് അവഗണിച്ച്, നാരായണന്റെ മൃതദേഹം ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ച ഇർഫാന ഇക്ബാലിന് ബിഗ് സല്യൂട്ട് എന്നിങ്ങനെയായിരുന്നു അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ്. ചിതയിൽ വിറകെടുത്ത് വെച്ചതും, സംസ്‌കാരത്തിന് സാക്ഷിയായതും മതമൈത്രിയും മതസൗഹാർദ്ദവും, മാനവ സാഹോദര്യവും ഉയർത്തിപ്പിടിച്ച പ്രിയപ്പെട്ട സഹോദരിയെ മാതൃകയാക്കുക എന്നും ഈ കുറിപ്പിലുണ്ടായിരുന്നു. എന്നാൽ പിന്നീടുണ്ടായ നിർവ്വചനങ്ങളും, വ്യാഖ്യാനങ്ങളും സംഘ്പരിവാർ സംഘടനകളും മുസ്ലിംലീഗും തമ്മിലുള്ള വിഴുപ്പലക്കലായി മാറി. 
 
ഒരു ജനപ്രതിനിധി നിർവ്വഹിക്കേണ്ട കടമ മാത്രമാണ് ഇർഫാന ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, അനാഥമായ വയോധിന്റെ ജഡം തങ്ങളാണ് സംസ്‌കരിച്ചതെന്ന് ആർ.എസ്.എസ് വക്താക്കളും അവകാശപ്പെടുന്നു. ജഡം സംസ്‌കരിക്കാനായി കൊണ്ടുവന്ന ആംബുലൻസിനെച്ചൊല്ലിയും തർക്കം മുറുകി. ജഡം കൊണ്ടു വന്നത് സേവാഭാരതി ആംബുലൻസിലാണെന്ന് 'മറുനാടൻ മലയാളി ഓൺലൈൻ' ശക്തമായി വാദിക്കുമ്പോൾ, മറുവിഭാഗം ജഡം സംസ്‌കരിക്കുന്നതിന്റെ വിഷ്വൽ സഹിതം പത്രസമ്മേളനം നടത്തി അത് ഖണ്ഡിക്കുകയും ചെയ്തു. 
ഏതായാലും കാസർഗോഡിൽ ആരാലും ഉപേക്ഷിക്കപ്പെട്ട നാരായണൻ എന്ന വയോധികന്റെ മരണാനന്തര ചർച്ചകൾ 'ചുടലപ്പറമ്പ്' വരെ എത്തി നിൽക്കുന്നു. മരണപ്പെട്ടത് ആർ.എസ്.എസ്സുകാരണെന്നും, അതല്ല അയാൾ കേവലം ഹിന്ദു വിശ്വാസി മാത്രമാണെന്നും ചാനലുകാർ അവരുടെ അഭീഷ്ടമനുസരിച്ച് ചാപ്പകുത്തി കഴിഞ്ഞു. കൊഴുത്തു തിളയ്ക്കുന്ന ഈ ചർച്ച അത്ര വേഗം അവസാനിക്കുന്ന മട്ടുമില്ല. പലരും ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലാണ്. പർദ്ദയിട്ട മുസ്ലിം സ്ത്രീ ആർ.എസ്.എസ്സുകാരന്റെ ചിതയ്ക്ക് തീ കൊളുത്തി ആചാരങ്ങൾ ലംഘിച്ചു എന്നോ, ശ്മശാനത്തിൽ അതിക്രമിച്ച് കേറിയ മുസ്ലിംസ്ത്രീ ആക്രമണം നടത്തി എന്നോ, ചിലപ്പോൾ നോർത്ത് ഇന്ത്യയിലെ സംഘ്പരിവാർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വാർത്ത ഉണ്ടായേക്കാം. 'കേരളത്തിൽ മുസ്ലിം യുവതി ഹിന്ദു സഹോദരനെ കൊലപ്പെടുത്തി ജഡം അഗ്‌നിക്കിരയാക്കി' എന്ന തരത്തിൽ വിഷലിപ്തമായ പ്രചാരണങ്ങളും ചിലപ്പോൾ ഉണ്ടായെന്നിരിക്കും. കാര്യങ്ങൾ അവിടം വരെ എത്തിയിട്ടുണ്ട്. ചുരുക്കത്തിൽ ഒരു മുസ്ലിം സ്ത്രീ മാനുഷിക പരിഗണനയിൽ ചെയ്ത ഒരു നൻമയെ, ഇവ്വിധം വലിച്ചുകീറി അപഹസിക്കുകയും, ആനന്ദിക്കുകയുമാണ് സോഷ്യൽ മീഡിയ.
 
നാരായണന്റെ  ശവസംസ്‌കാരം
 
താൻ പുലർത്തുന്ന ആശയങ്ങളുടെ പേരിൽ ആരോഗ്യമുള്ള കാലത്ത് കടുത്ത മുസ്ലിം വിരോധവുമായി ജീവിച്ച വ്യക്തിയായിരുന്നു നാരായണനെന്ന് നാട്ടുകാർ പറയുന്നു. ഇതര മതസ്ഥരുമായി ഇടപഴകാൻ വിമുഖത  പ്രകടിപ്പിച്ചിരുന്ന സ്വഭാവമായിരുന്നു ഇയാൾക്കുണ്ടായിരുന്നതെന്നും നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. യുവത്വം പിന്നിടുകയും, കാൻസർ ശരീരത്തെ കീഴടക്കുകയും ചെയ്തതോടെ, തന്റെ പ്രത്യയശാസ്ത്ര വക്താക്കൾ മാത്രമല്ല, ഇയാളുടെ രണ്ട് ഭാര്യമാരും, മക്കളും, സഹോദരങ്ങളും അയാളെ കൈവിട്ടു. ഇതോടെ അയാളുടെ വാസം ഒഴിഞ്ഞ കടത്തിണ്ണകളായി. ഭക്ഷണവും, പരിചരണവുമില്ലാതെ കടത്തിണ്ണയിൽ നരകിച്ച് കിടന്ന നാരായണനെ സയ്യിദ് ഓൾഡേജ് ഓർഫനേജ് അധികൃതർ ചികിത്സക്കായി കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അവിടെ മതിയായ ചികിത്സ ലഭിയ്ക്കാതെ അയാൾ തിരികെ പഴയ കടത്തിണ്ണയിലേക്ക് തന്നെ തിരിച്ചെത്തി. തുടർന്ന് ഈ വയോധികന്റെ ദൈന്യാവസ്ഥ ഇർഫാന ജില്ലാ കലക്ടറെ വിളിച്ചറിയിച്ചു.  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതുംപ്രകാരം നാരായണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 
 
ഒരു മാസമായി അവിടെ ചികിത്സ തുടരവെ, ജൂൺ 25-ന് നാരായണൻ മരണപ്പെട്ടു. ഈ വിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ  ജഡം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല. അത് ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിനായി നാരായണന്റെ രണ്ട് ഭാര്യമാരും, മക്കളും സഹോദരങ്ങളും, കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസനായ ഇർഫാനയ്ക്ക് സമ്മതപത്രം നൽകി. ഇതും പ്രകാരം ഇർഫാനയും മറ്റ് സാമൂഹിക പ്രവർത്തകരും ചേർന്ന് നാരായണന്റെ ജഡം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ ചെറുഗോളി പൊതു ശ്മാശാനത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഹൈന്ദവ ആചാര പ്രകാരം ഇർഫാന തന്നെ നാരായണന്റെ ചിതയ്ക്ക് തീകൊളുത്തി.  
 
നാരായണന്റെ ജഡം സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട് പലതരം അവകാശ വാദങ്ങൾ പല കോണിൽ നിന്നായി ഉയർന്ന് വരികയും, വ്യക്തിപരമായ അധിക്ഷേപങ്ങൾ വരെ ഉണ്ടാവുകയും ചെയ്തതോടെ, കാസർഗോഡ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മഞ്ചേശ്വരം എസ്.എച്ച്.ഒ ഒപ്പ് വെച്ച ബന്ധപ്പെട്ട രേഖകൾ സഹിതം ഇർഫാന കാര്യങ്ങൾ വിശദീകരിച്ചു. കുടുംബത്തിന്റേയും, പോലീസിന്റേയും രേഖാമൂലമുള്ള അനുമതി പ്രകാരമാണ് ഇർഫാന നാരായണന്റെ ജഡം സംസ്‌കരിച്ചത്. ശ്മശാനം നോക്കി നടത്തുന്ന രഘു മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സാമ്പത്തികമായ എല്ലാ ചെലവുകളും താൻ തന്നെയാണ് വഹിച്ചതെന്നും, ഇക്കാര്യത്തിൽ തന്റെ സമുദായത്തിൽ നിന്ന് ഒരു തരത്തിലുള്ള എതിർപ്പും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പലരും തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒട്ടേറെ ഹൈന്ദവ സഹോദരൻമാരും വിളിച്ചിരുന്നു. മനുഷ്യനാണ് എന്ന തിരിച്ചറിവും, സഹജീവികളെ ചേർത്ത് പിടിക്കലുമാണ് ഞാൻ വിശ്വസിക്കുന്ന ഇസ്ലാം മതം അനുശാസിക്കുന്നത്. അത് എന്റെ വിശ്വാസമാണ്. എനിക്ക് അതാരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എന്റെ കുടുംബം പഠിപ്പിച്ചതും അതുതന്നെയാണ്. 
 
വിവാദം അവസാനിപ്പിക്കണമെന്നും വാർത്താ സമ്മേളനത്തിൽ ഇർഫാന ആവശ്യപ്പെട്ടു. ഇർഫാന ചെയ്ത സദ്പ്രവർത്തിയെ ഇകഴ്ത്തിക്കാണിയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നും, നാരായണന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സേവാഭാരതിക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും കാസർഗോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകനായ കൂക്കൾ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.  
 
നവമാധ്യമങ്ങളിലെ മതേതരം
 
 നവമാധ്യമങ്ങളുടെ തുടക്ക കാലത്ത് 'സ്വാമിയും, മുസ്ല്യാരും, പാതിരിയുമെല്ലാം പരസ്പരം തോളിൽ കയ്യിട്ട് നിൽക്കുന്ന' 'സൗഹൃദ-മതമൈത്രീ ഫോട്ടോ'കൾ സോഷ്യൽ മീഡിയാകളിൽ വൈറലാക്കി കൊണ്ടായിരുന്നു  കേരളത്തിന്റെ മതസൗഹാർദ്ദം ലോകത്തോട് വിളംബരം നടത്തിയിരുന്നത്. അന്ന് ഇതൊരു സ്ഥിരം ഏർപ്പാടായി മാറുകയും ചെയ്തിരുന്നു. പരശ്ശതം ലൈക്കുകളും, കമന്റുകളും ഇവ വാരിക്കൂട്ടുകയും ചെയ്തിരുന്നു. തുടക്കത്തിൽ കപടമുഖവുമായി മതേതരനാകാനുള്ള ഓട്ട മത്സരത്തിലായിരുന്നു പലരും. സമൂഹവും, സോഷ്യൽ മീഡിയായും അതിവേഗം മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കെ, പിന്നീട് 'ക്രിയേഷൻ രീതി' വികസിച്ച് വന്നു. മറ്റുള്ളവരെ അപഹസിക്കുന്ന ക്രിയേഷനുകൾ. പെരുപ്പിച്ച് അവതരിപ്പിക്കുന്ന ക്രിയേഷനുകൾ, 'നൻമമരങ്ങളെ' സൃഷ്ടിക്കുന്ന ക്രിയേഷനുകൾ. തങ്ങളുടെ വർഗ്ഗീയ അജണ്ടകൾക്ക് വേണ്ടി  എന്തും, ഏതും, ആർക്കും സോഷ്യൽ മീഡിയാ വഴി വളച്ചൊടിച്ച് പുനർനിർമ്മാണം നടത്താം എന്ന അവസ്ഥ സ്വയം രൂപപ്പെട്ടു. ഒത്ത് കിട്ടുന്ന അവസരങ്ങളിലെല്ലാം മനുഷ്യന്റെ ജാതിയും, മതവും നോക്കി പരസ്പരം തമ്മിലടിപ്പിച്ച് അതിൽ ചിലർ ലാഭം കണ്ടെത്തിത്തുടങ്ങിയതോടെ യഥാർത്ഥത്തിൽ, കേരളത്തിൽ ചിലയിടത്തെങ്കിലും ഹിന്ദുവും, മുസ്ലിമും പരസ്പരം വിശ്വസിക്കുന്നില്ല എന്ന നിലയാണിപ്പോൾ. 'രാഷ്ട്രീയക്കാർ' ആയാൽ ഏത് വേഷവും കെട്ടണം. എല്ലാവർക്ക് മുന്നിലും കൈകൂപ്പി പല്ലിളിക്കണം. നെറ്റിയിൽ കുറി തൊടണം, ചടങ്ങിൽ നിലവിളക്ക് കൊളുത്തണം. ചിതയ്ക്ക് തീ കൊളുത്തണം തുടങ്ങി മറ്റ് സമുദായക്കാരുടെ രീതി അവംലംബിക്കുന്നത് കടുത്ത തെറ്റ് തന്നെയാണ് എന്നിങ്ങനെയൊക്കെ സോഷ്യൽ മീഡിയായിലൂടെ വിലപിക്കുന്ന മനസ്സുകളും ഉണ്ട്. മനുഷ്യനെ, തന്റെ ജന്മപ്രകൃത വിശുദ്ധിയിൽ ജീവിക്കാൻ പ്രാപ്തമാക്കുന്ന മൂല്യങ്ങളാണ് ഓരോ മതങ്ങളും അനുശാസിക്കുന്നത്. ഒരാൾ ഒരു മതവിശ്വാസിയായിരിക്കുക എന്നാൽ അയാളിൽ നിന്ന്, മറ്റ് സഹജീവികളും, പ്രകൃതിയും സുരക്ഷിതമായിരിക്കുകയും, അയാളുടെ കാരുണ്യത്തിനും, ചേർത്ത് പിടിക്കലിനും സാക്ഷികളുമായിരിക്കണം. മനുഷ്യനെ മതം കൊണ്ടല്ല, മനുഷ്യത്തം കൊണ്ടാണ് വിലയിരുത്തേണ്ടത്. അത് സ്വന്തം പ്രവൃത്തിയിലൂടെ വ്യക്തമാവുകയും വേണം. ഇവിടെ ജയിക്കുന്നത് ഒരു മതമല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമല്ല. ജയിക്കുന്നത് മനുഷ്യത്വമാണ്. 
 
ഇർഫാന നടത്തിയ ഇത്തരം സംഭവങ്ങളൊക്കെ കേരളത്തിൽ പതിവുള്ളതാണ്. കേരളത്തിൽ ഇത്തരം കാര്യത്തിൽ ഒരത്ഭുതവുമില്ല. പ്രസക്തിയുമില്ല. മനുഷ്യർക്കിടയിൽ ഇതെല്ലാം സാധാരമാണ്. മറ്റെന്ത് അതിശയമാണ് ഇക്കാര്യത്തിലുള്ളതെന്ന് ചോദിക്കുന്നവരുണ്ട്. കാരുണ്യമുള്ള വിശാല ഹൃദയമാണ് ഇത്തരം സംഭവങ്ങളിലുള്ള പ്രത്യേകത എന്നതാണ് അതിനുള്ള ഉത്തരം. 'മതം ഏതായാലും, മനുഷ്യൻ നന്നായാൽ മതി' എന്ന ശ്രീനാരായണ ഗുരുവചനം അന്വർത്ഥമാക്കുന്നതാണ് ഈ സംഭവമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അവസാന ദിനങ്ങളിൽ സ്വന്തം പിതാവിനെ പോലെയാണ് ഇർഫാന അദ്ദേഹത്തെ പരിചരിച്ചതെന്നും, വെറുപ്പിന്റെ രാഷ്ട്രീയത്തിനപ്പുറം മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവരാണ് നമ്മുടെ നാടിന്റെ യഥാർത്ഥ കരുത്തെന്നും, ഇർഫാനയെ പോലുള്ളവരുടെ നന്മകൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്നും സ്വാമി സന്ദീപാനന്ദഗിരി തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. 
 
വിവാദം മുന്നോട്ട് 
 
എന്തെങ്കിലും വിഷയം ഒത്തുകിട്ടിയാൽ, അതിൽ കടിച്ച് തൂങ്ങി വിവാദം കൊഴുപ്പിക്കുക എന്നതാണ് സാക്ഷര കേരളത്തിന്റെ പുതുരീതി. ഗതികെട്ട ഒരു വയോധികൻ കാസർഗോഡ് മരണപ്പെടുകയും, തുടർന്നുണ്ടായ പുകിലുകളും എന്തൊരു ദുസ്സഹമാണ്. ആർക്കും നേട്ടമോ, കോട്ടമോ ഇല്ലാത്ത ഒരു സാധാരണ സംഭവം. ആ വയോധികന്റെ മൃതശരീരം സംസ്‌കരിച്ചത് സേവാഭാരതിയാണെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. താനും, സഹപ്രവർത്തകരുമാണ് ജഡം സംസ്‌കരിച്ചതെന്ന് ഒരു മുസ്ലിംസ്ത്രീ തെളിവ് സഹിതവും വ്യക്തമാക്കുന്നു. ജഡം സംസ്‌കരിക്കാൻ മുന്നിൽ നിലകൊണ്ട സ്ത്രീയെ കണ്ട് അവരുടെ സമുദായത്തിൽ ചിലർക്ക് കലി കയറുന്നു. ചിലർ അവരെ അനുമോദിക്കുന്നു. ആകെ ബഹളമയം. 
എങ്കിലും സാധാരണ കാണാത്ത കാഴ്ചയാണ് കേരളം കണ്ടത്. ജനപ്രതിനിധിയാണെങ്കിലും, ഒരു ഹൈന്ദവന് ചിത ഒരുക്കിയ പർദ്ദവേഷധാരിയായ മുസ്ലിം സ്ത്രീ കേവലം ഫോട്ടോ ഷൂട്ടിന് വേണ്ടിയല്ല അത് നടത്തിയത്. ഹൈന്ദവനായാലും, മുസ്ലിം ആയാലും, ക്രിസ്ത്യാനി ആയാലും പ്രവൃത്തിയിൽ നന്മ പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമ തന്നെയാണ്. മതാന്ധത ബാധിച്ചവരെ അല്ല ഇന്നിന്റെ ആവശ്യം. മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്നവരേയാണ്. മനുഷ്യനാവുക എന്നത് ഒരു മതത്തിന്റേയും പേരല്ല. അത് ഹൃദയത്തിന്റെ പേരാണ്. 
 
അതവരുടെ കടമമാത്രം-ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ
 
കുടുംബത്തേയോ, കൂട്ടുകാരേയോ ഉൾക്കൊള്ളാതെ കടുത്ത മദ്യപാനിയായി ഒടുവിൽ അവശനായി വഴിയോരത്ത് കിടക്കുന്ന ഒരനാഥന്റെ പ്രഥമ ഉത്തരവാദിത്തം പഞ്ചായത്ത് മെമ്പർക്ക് തന്നെയാണ്. സ്വാഭാവികമാണത്. ആര് വാർഡ് മെമ്പർ ആയാലും ഇതേ നടക്കൂ. ഇതാണ് നടക്കേണ്ടതും. ബന്ധുക്കൾക്ക് വേണ്ടാത്ത മൃതശരീരം മറുള്ളവരുടെ സഹായത്താൽ പൊതുശ്മശാനത്തിൽ സംസ്‌കരിക്കേണ്ട ചുമതല അവർക്ക് തന്നെയാണ്. പല സ്ഥലങ്ങളിലും ഇപ്രകാരം നടക്കാറുമുണ്ട്. എന്നാൽ അനാഥശവങ്ങൾ ഏറ്റെടുക്കേണ്ടി വരുമ്പോൾ അവരാരും ആ മൃതശരീരം വെച്ച് ആളാകാറില്ല . നാളിത് വരെ ഒരു വാർഡ് മെമ്പറും അതു ചെയ്തിട്ടുമില്ല. ഇർഫാന അനാഥമന്ദിരത്തിന്റെ നടത്തിപ്പുകാരിയായതുകൊണ്ട് പിരിവ് അല്ലെങ്കിൽ വരവ് കനക്കാൻ ഇത്തരത്തിലുള്ള പബ്ലിസിറ്റി പ്രയോജനപ്പെടും എന്നവർക്കറിയം. അതിനായി മരിച്ചയാൾ ആർ.എസ്.എസ്സുകാരനായിരുന്നു തുടങ്ങിയ ന്യായങ്ങളും, താനാണ് ചിത കൊളുത്തിയത് എന്ന തരത്തിലുള്ള അവകാശവാദവും പരസ്യമായി അറിയിച്ച് നന്മമരം ചമഞ്ഞത് അൽപ്പത്തരമായി. ഒരാൾ സ്വയം വലുതാകാൻ ശ്രമിക്കുമ്പോൾ തനിയെ ചെറുതാകും എന്നത് ലോക തത്വമാണ്. കൊറോണാ വേളയിലും, പ്രളയസമയത്തും, മറ്റ് ദുരന്തങ്ങളിലും എത്രയെത്ര ജഡങ്ങൾ സേവാഭാരതി സംസ്‌കരിച്ചിരുന്നു. അവർ എപ്പോഴെങ്കിലും നന്മമരം ചമഞ്ഞ് നിങ്ങൾ കണ്ടിട്ടുണ്ടോ. അവർക്കത് കടമയാണ്. കാരണം അവർ സ്വയം സേവകരാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img