
പൊലീസ് സ്റ്റേഷനിനുള്ളിൽ വനിതാ കോൺസ്റ്റബിളുമായി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിലെ ഒരു കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ഉത്തർപ്രദേശിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ അരവിന്ദാണ് സസ്പെൻഷനിലായത്.
ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ വനിതാ കോൺസ്റ്റബിൾ അരവിന്ദിന്റെ സമീപത്തെത്തി ഇരുവരും ചുംബിക്കുന്നതായി കാണാം. സ്റ്റേഷനിലെ കമ്പ്യൂട്ടർ റൂമിൽ വെച്ചാണ് സംഭവം.
വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് വകുപ്പ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കോൺസ്റ്റബിൾ അരവിന്ദിനെ ഉടൻ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ദൃശ്യങ്ങളിലുള്ള വനിതാ കോൺസ്റ്റബിളിന്റെ പങ്കും അന്വേഷിച്ചുവരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.










