11:50pm 11 November 2026
NEWS
സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ മകന്റെ ആത്മരോഷം; ഓൺലൈൻ 'കഴുകന്മാർക്കെതിരെ' പൊലീസിന്റെ പിടിവീഴുന്നു
09/06/2026  09:34 AM IST
സുരേഷ് വണ്ടന്നൂർ
സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ മകന്റെ ആത്മരോഷം; ഓൺലൈൻ കഴുകന്മാർക്കെതിരെ പൊലീസിന്റെ പിടിവീഴുന്നു

തിരുവനന്തപുരം: സന്ദർഭവും സുജനമര്യാദയും മറന്ന്, ലൈക്കുകൾക്കും കാഴ്‌ചക്കാർക്കും വേണ്ടി സാമൂഹികജീവിതം അലങ്കോലമാക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും റീൽസ് നിർമ്മാതാക്കൾക്കുമെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന ആഭ്യന്തരവകുപ്പ്. വ്യക്തികളുടെ അതീവ സ്വകാര്യ നിമിഷങ്ങളിലേക്ക് മൊബൈൽ ക്യാമറകളുമായി ഇടിച്ചുകയറുന്നവർ ഇനി അഴിയെണ്ണേണ്ടി വരുമെന്ന് പൊലീസ് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
​അന്തരിച്ച നടൻ സലിംകുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ 'ലാഫിംഗ് വില്ല'യിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ചില ഓൺലൈൻ ചാനലുകാരും റീൽസുകാരും കാട്ടിയ അതിരുകടന്ന പെരുമാറ്റവും, അതിനെതിരെ സലിംകുമാറിന്റെ മകൻ ചന്തു പ്രകടിപ്പിച്ച ആത്മരോഷവുമാണ് ഈ അടിയന്തര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.
​മരണവീടുകളിലെ 'ലൈക്ക്' വേട്ട
​അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ വിങ്ങിപ്പൊട്ടുന്ന മക്കളുടെയും പ്രിയതമന്റെ വേർപാടിൽ തളർന്നിരിക്കുന്ന ഭാര്യയുടെയും മുഖത്തേക്ക് ക്യാമറയും മൈക്കും നീട്ടുന്ന ക്രൂരതയാണ് ഇക്കൂട്ടർ കാട്ടുന്നത്. അവിടെയെത്തുന്ന സെലിബ്രിറ്റികളുടെ പിന്നാലെ നടന്ന് റീൽസുകളുണ്ടാക്കി ലൈക്ക് നേടുക എന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. സ്വന്തം മാതാപിതാക്കൾ അപകടത്തിൽപ്പെടുമ്പോൾ പോലും റീൽസെടുക്കാൻ മടിക്കാത്ത ഈ 'കുത്സിതജീവികളെ' നിലയ്ക്കു നിർത്തണമെന്ന പൊതുവികാരം സിനിമാരംഗത്തുനിന്നും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ശക്തമായിരുന്നു. സലിംകുമാറിന്റെ മകൻ ചന്തു അവരെ കൈകാര്യം ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ സുജനബോധം കൊണ്ടുമാത്രമാണെന്നാണ് പൊതുവികാരം.
​ഇതാദ്യമായല്ല കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. മുൻപ് വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുണിന്റെ മൃതശരീരം പൊതുദർശനത്തിന് വച്ചപ്പോഴും, നടൻ ശ്രീനിവാസൻ അന്തരിച്ചപ്പോഴും ഇക്കൂട്ടരുടെ ശല്യം അതിരുവിട്ടിരുന്നു. അന്ന് നിർമ്മാതാവ് രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ ഇവർക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. "ആ നടനെ കണ്ടപ്പോൾ ഈ നടി ചെയ്തത് കണ്ടോ?", "സൂപ്പർതാരം മകളുമായി വരുന്നത് കണ്ടോ?" എന്നിങ്ങനെയുള്ള ക്യാപ്ഷനുകളിട്ട് യുട്യൂബിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യലാണ് ഇവരുടെ പ്രധാന വിനോദം.
​സെക്രട്ടേറിയറ്റിലും റീൽസ് തള്ളിക്കയറ്റം
​ഓൺലൈൻ മീഡിയ എന്ന വ്യാജേന സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ വരെയും ഇത്തരം റീൽസുകാരുടെ തള്ളിക്കയറ്റം ഇപ്പോൾ പതിവായിരിക്കുകയാണ്. സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാകുന്ന ഇത്തരം പ്രവണതകൾക്ക് പൂർണ്ണമായ ഒരു അറുതി വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
​പൊലീസിന്റെ കർശന മുന്നറിയിപ്പ് (IT Act Section 66E):
2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. ഇത് തെളിയിക്കപ്പെട്ടാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാം.
​മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ മൊബൈൽ ക്യാമറകൾ നീട്ടുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് വകുപ്പിന്റെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img