02:26am 13 June 2026
NEWS
ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
18/01/2026  09:23 AM IST
nila
ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമ്മർദം ചെലുത്തില്ലെന്ന് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗിന്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവും ഉണ്ടാകില്ല. ആവശ്യമെങ്കിൽ ഏതു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

മുൻകാലങ്ങളിൽ ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും മുസ്‌ലിം ലീഗ് അത് സ്വീകരിക്കാതിരുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഡിഎഫ് നേതൃത്വം ലീഗ് നേതാക്കൾക്ക് വിവിധ പദവികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം)മായി ഔദ്യോഗികമായ ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അത്തരം ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ സ്വാഭാവികമായി ഉയർന്നുവന്നതാണെന്നും, കേരള കോൺഗ്രസ് യുഡിഎഫിലേക്കു വന്നില്ലെങ്കിലും അത് മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേരള കോൺഗ്രസിനോടുള്ള സമീപനത്തിൽ യുഡിഎഫ് ആവശ്യമായ ഹൃദയവിശാലത കാണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തവണ മുസ്‌ലിം ലീഗിന്റെ വനിതാ സ്ഥാനാർഥി വിജയസാധ്യതയുള്ള ഒരു മണ്ഡലത്തിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനകത്തും കോൺഗ്രസിനകത്തും ഇപ്പോൾ ഐക്യം ശക്തിപ്പെടുത്തേണ്ട സമയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img