
ന്യൂയോർക്ക്: അമേരിക്കൻ സേന പിടികൂടി ന്യൂയോർക്കിലെ ജയിലിൽ കഴിയുന്ന മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ജയിലിൽനിന്നുള്ള രണ്ട് ചിത്രങ്ങളാണ് മഡുറോ ടെലിഗ്രാമിലൂടെ പുറത്തുവിട്ടത്. ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ധരിച്ച് കൈയുയർത്തി വിജയചിഹ്നം കാണിക്കുന്ന മഡുറോയെയാണ് ചിത്രങ്ങളിൽ കാണുന്നത്. ജയിലിലെത്തിയതിന് ശേഷം മഡുറോയുടെ ശരീരഭാരത്തിൽ കാര്യമായ കുറവുണ്ടായതും ചിത്രങ്ങളിൽ വ്യക്തമാണ്. ജൂൺ 25നാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് ക്യാമറയിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ചിത്രങ്ങൾ പുറത്തുവന്നത് ഇപ്പോഴാണ്.
പേരക്കുട്ടികൾക്കും തന്നെ സ്നേഹിക്കുന്ന എല്ലാവർക്കുമുള്ള ചെറിയൊരു സമ്മാനമാണ് ചിത്രങ്ങളെന്ന് മഡുറോ ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു. 'ഞങ്ങൾ ശക്തരും ശാന്തരും ആത്മവിശ്വാസമുള്ളവരുമായി തുടരും. ദൈവം ഞങ്ങളോടൊപ്പമുണ്ട്. ദൈവം വഴികാട്ടും. വെനസ്വേല വീണ്ടും ഉയിർത്തെഴുന്നേൽക്കും' എന്നും അദ്ദേഹം കുറിച്ചു. വെനസ്വേലയുടെ വടക്കൻ മേഖലയിൽ വൻ നാശനഷ്ടമുണ്ടാക്കിയ ഇരട്ട ഭൂകമ്പത്തിൽ 6,500ലേറെ പേർ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രം പകർത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ജയിലിൽ മഡുറോയ്ക്ക് പത്രങ്ങളും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുമതിയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ഫോൺ വഴി സംസാരിക്കാൻ സൗകര്യമുണ്ട്. പ്രതിമാസം ഏകദേശം 300 മിനിറ്റ് വരെ ഫോൺ സംഭാഷണം അനുവദിക്കുന്നുണ്ടെങ്കിലും ഓരോ കോളിനും പരമാവധി 15 മിനിറ്റാണ് സമയം.
മഡുറോ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ മകൻ നിക്കോളാസ് മഡുറോ ഗവേര പറഞ്ഞു. ജയിലിൽ ബൈബിൾ പഠിച്ചാണ് പിതാവ് സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഡുറോയും ഭാര്യ സീലിയ ഫ്ളോറസും നേരിടുന്ന കേസിലെ വിചാരണ 2027 ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ന്യൂയോർക്കിലെ ഫെഡറൽ കോടതി ജൂലൈ അവസാനത്തിൽ അറിയിച്ചു.
ജനുവരിയിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് കാരക്കാസിൽനിന്ന് മഡുറോയെയും ഭാര്യയെയും പിടികൂടിയത്. മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും നശീകരണ ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്.










