
ലക്നൗ: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതായി വ്യാപകമായി പരാതികൾ ഉയർന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഇതിനിടെ ഉത്തർപ്രദേശിലെ ഹാമിർപുരിൽ മധുരപലഹാരക്കടയിൽ നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മായം ചേർത്ത മധുരപലഹാരങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കടയിൽ പരിശോധന നടത്തിയത്. സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന സംഘമാണ് കടയിലെത്തിയത്.
പരിശോധനയ്ക്കിടെ കടയിലെ മധുരപലഹാരങ്ങളിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ സാമ്പിൾ എടുത്ത് ഉടമയ്ക്ക് നൽകി കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം കടയിലെ പലഹാരം കഴിക്കാൻ വ്യാപാരി തയ്യാറായില്ല. കൈകൾ കൂപ്പി നിൽക്കുന്ന വ്യാപാരിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
തുടർന്ന് അധികൃതർ മധുരപലഹാരങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. ശേഷിക്കുന്ന പലഹാരങ്ങൾ വിൽപന നടത്താതെ മാറ്റിവയ്ക്കാനും നിർദേശിച്ചു. സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്ന ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
In Hamirpur, a sweet shop owner refused to eat his own sweets....
— Dont Be Afraid (@RebelVista31) August 21, 2026
As soon as the raiding team arrived at his shop and found adulteration in the sweets, the officer said, "First eat your own sweets yourself to show," but the shopkeeper refused and said, "I can't eat this, it's… pic.twitter.com/8eZQYVOpWm










