07:37pm 21 October 2026
NEWS
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധിക്കാരിയായ നേതാവ്:വെള്ളാപ്പള്ളി നടേശൻ
18/09/2025  09:58 AM IST
ന്യൂസ് ബ്യൂറോ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധിക്കാരിയായ നേതാവ്:വെള്ളാപ്പള്ളി നടേശൻ

കുമ്പനാട് (പത്തനംതിട്ട): പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധിക്കാരിയായ നേതാവാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുവരെ കണ്ട രാഷ്ട്രീയക്കാരിൽ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്ന ഏക വ്യക്തി സതീശനാണെന്നും അദ്ദേഹം ആരോപിച്ചു. എസ്.എൻ.ഡി.പി യോഗം തിരുവല്ല, കോഴഞ്ചേരി യൂണിയൻ ശാഖാ നേതൃത്വസംഗമത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഈ പരാമർശം നടത്തിയത്.

​കേരള രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തെ വളരാൻ അനുവദിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സി. കേശവൻ, ആർ. ശങ്കർ, കെ.ആർ. ഗൗരിയമ്മ എന്നിവരെയെല്ലാം ഇങ്ങനെ പുറത്താക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് ഇതിൽ ഒരു അപവാദമായി വളർന്നുവന്നത്. അദ്ദേഹത്തെയും 'ചെത്തുകാരന്റെ മകൻ' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. മൂന്നാം തവണയും ഭരണം പിടിക്കുമെന്നായപ്പോൾ വീണ്ടും പിണറായിയെ ആക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

​പഴയകാലത്ത് മുസ്ലീം ലീഗും എസ്.എൻ.ഡി.പി യോഗവും പിന്നാക്ക വിഭാഗങ്ങളെന്ന നിലയിൽ ഒരുമിച്ച് സമരം ചെയ്തിരുന്നവരാണെന്നും, എന്നാൽ പിന്നീട് ഭരണം ലഭിച്ചപ്പോൾ മുസ്ലീം ലീഗിന് പ്രത്യേക റിക്രൂട്ട്മെന്റ് ലഭിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

​അയ്യപ്പ സംഗമം എതിർക്കപ്പെടേണ്ടതല്ല: വെള്ളാപ്പള്ളി

​സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം എതിർക്കപ്പെടേണ്ടതല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. 'ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം' എന്ന മട്ടിലാണ് ചിലർ സംഗമത്തെ എതിർക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അയ്യപ്പന്റെ പ്രസക്തി ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായി ദേവസ്വം ബോർഡും സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് അയ്യപ്പ ഭക്തർ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
​മുമ്പ് ഇതേ സർക്കാർ മുസ്ലീം സംഗമം സംഘടിപ്പിച്ചപ്പോൾ മാധ്യമങ്ങൾ വിമർശിച്ചിരുന്നില്ലെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് നടക്കുന്ന അയ്യപ്പ സംഗമത്തെ എതിർക്കുന്നില്ലെന്നും, എന്നാൽ അതിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷണിച്ചാൽ പോലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img