08:46am 11 November 2026
NEWS
വോട്ടര്‍പട്ടിക നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
23/07/2025  08:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വോട്ടര്‍പട്ടിക നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക ലഭ്യമാക്കാതെ ഭരണ സ്വാധീനമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് ജനാധിപത്യ ധ്വംസനമാണെന്നും, കേരളത്തില്‍ ഇതേവരെ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് യഥാര്‍ത്ഥ വോട്ടര്‍മാരെ രാഷ്ട്രീയമായി വേര്‍തിരിച്ച് വെട്ടിക്കുറക്കുന്ന നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമപരമായി നീതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും യോഗം തീരുമാനിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗവും, കൊച്ചി കോര്‍പ്പറേഷന്‍ മിഷന്‍ 25 യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. 

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 7 വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അനുവദിച്ചത്. എന്നാല്‍ ഇന്നലെ വരെ വോട്ടര്‍പട്ടിക വിതരണം ചെയ്തില്ല. ഇന്ന് കര്‍ക്കിടകവാവ് അവധി കൂടി ആതിനാല്‍ പട്ടിക വിതരണം നീളുകയാണ്. പതിനഞ്ചു ദിവസ സമയ പരിധിക്കകം 2020 മുതല്‍ 2025വരെയുള്ള വോട്ടര്‍മാരെ ചേര്‍ക്കുകയും, മരണമടഞ്ഞവരുടെയും, താമസം മാറിയവരുടെയും പേരുകള്‍ നീക്കം ചെയ്യുകയും വേണം. കോര്‍പ്പറേഷനില്‍ ഏകദേശം ഓരോ ഡിവിഷനിലും ആയിരത്തിലേറെ വോട്ടുകളാണ് കൂട്ടിച്ചേര്‍ക്കാനുള്ളത്. പഞ്ചായത്തുകളിലിത് ഇരുനൂറോളം കൂട്ടിച്ചേര്‍ക്കാനും, അത്രതന്നെ ഒഴിവാക്കേണ്ടതായുമുണ്ട്. എന്നാല്‍ പട്ടിക ലഭ്യമാകാതെ വോട്ടര്‍മാരെ ചേര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിന് പിന്നില്‍ ശക്തമായ ഭരണ വിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന സിപിഎമ്മിന്റെ ഭയമാണെന്നുംവോട്ടര്‍ പട്ടിക വൈകിപ്പിക്കുന്നത് തീരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യവിലോപമാണെന്നും യോഗം ആരോപിച്ചു. വോട്ടര്‍പട്ടിക സമയത്ത് ലഭ്യമാക്കാത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കൊച്ചി കോര്‍പ്പറേഷനിലടക്കം വന്‍ അധിമതിയും ധൂര്‍ത്തുമാണ് അരങ്ങേറുന്നത്. കോര്‍പ്പറേഷനിലെ കൂടിയ നികുതി നിരക്ക്, കെട്ടിട നമ്പര്‍ അനുവദിക്കാനായി കോഴ വാങ്ങിയ ഉദ്യോഗസ്ഥരെയും ജന പ്രതിനിധികളെയും സംരകക്ഷിക്കല്‍, കോര്‍പ്പറേഷന്റെ പുതിയ കെട്ടിടം നിര്‍മ്മാണത്തിലെ അപാകത മറച്ചുവെച്ച് ഉദ്ഘാടനം, നഗരത്തിലെ മാലിന്യ പ്രശ്‌നം, തെരുവുനായ പ്രശ്‌നം തുടങ്ങി കോടാനുകോടികള്‍ ചിലവഴിച്ചിട്ടും ജനങ്ങള്‍ക്ക് യാതൊരു ഉപകാരവും ലഭ്യമാകുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎല്‍എ, അഡ്വ. എസ് അശോകന്‍, ജോസഫ് വാഴക്കന്‍, വി ജെ പൗലോസ് , വി പി സജീന്ദ്രന്‍, ബി എ അബ്ദുല്‍ മുത്തലിബ്, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, ജയ്‌സണ്‍ ജോസഫ്, പി ജെ ജോയ്, ഐ കെ രാജു , ടോണി ചമ്മണി, എം ആര്‍  അഭിലാഷ്, ഐ കെ രാജു, തമ്പി സുബ്രഹ്‌മണ്യന്‍, ലൂഡി ലൂയിസ്, ചാള്‍സ് ഡയസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img