
കേരളത്തിൽ സ്‌ക്കൂൾ- കോളേജ് വിദ്യാർത്ഥികളിലടക്കം വളരെ ചെറിയ പ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയും അതിന്റെ ഫലമായി കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയരുകയും കുടുംബങ്ങളിൽ സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്ന അത്യധികം ആശങ്കാജനകമായ പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്, 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന നൂതന പദ്ധതിയുമായി രംഗത്ത് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾ ഈ പദ്ധതിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും സർവ്വാത്മനാ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിൽ ആഭ്യന്തരവകുപ്പിന് അഭിമാനിക്കാം.
കേരളത്തിൽ ലഹരിയുടെ ഉപയോഗവും അതിന്റെ വ്യാപനവും യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിട്ട് കാലം കുറെയായെങ്കിലും ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ ദുരൂഹമായ കാരണങ്ങളാൽ അലംഭാവം കാട്ടിപ്പോരുകയായിരുന്നു. 2026 ജൂൺ രണ്ടിന് തുടക്കമിട്ട തൂഫാൻ ഓപ്പറേഷൻ വഴി ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും പൊതുജനപങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. എന്നാൽ ഇത് ഒന്നും ആരംഭശൂരത്വം ആയി മാറരുത് എന്നതാണ് എല്ലാവർക്കും പറയാനുള്ളത്.
ഒറ്റപ്പെട്ട ലഹരിവേട്ട നടപടികളിൽ നിന്ന് വ്യത്യസ്തമായി മറ്റ് സംസ്ഥാനങ്ങളിലെ ഇന്റലിജൻസുകളുമായും കേന്ദ്ര ഏജൻസികളുമായും കൈകോർത്ത് 'യൂണിഫൈഡ് കമാൻഡ് സ്ട്രക്ച്ചർ' രൂപീകരിച്ച നടപടി 'ഓപ്പറേഷൻ തൂഫാ'നെ കൂടുതൽ ഫലപ്രാപ്തിയിലെത്തിക്കും എന്നതിന് സംശയമില്ല. നിയമസംവിധാനങ്ങളുടെ ശക്തമായ ഇടപെടലുകളുടെ അഭാവമാണ് കഴിഞ്ഞ കുറേക്കാലമായി ലഹരി മാഫിയ സംഘടിതമായി നമ്മുടെ യുവത്വത്തെ കവർന്നെടുക്കുന്നതിനിടയാക്കിയത്. ഒരു വ്യക്തിയുടെ മാനസിക ശാരീരിക ആരോഗ്യപ്രശ്‌നം എന്നതിനപ്പുറം കുടുംബങ്ങളുടെ തന്നെ തകർച്ചയിലേക്കും ക്രൂരമായ അക്രമങ്ങളിലേക്കും വഴിമാറുന്ന വലിയൊരു സാമൂഹിക വിപത്തായി ലഹരി ഉപയോഗം മാറിയിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾ, റോഡപകടങ്ങൾ എന്നിവയിലുണ്ടായിട്ടുള്ള വലിയ വർദ്ധനവിലും ലഹരിയുടെ പങ്ക് ചെറുതല്ല. നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (ചഉജട) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വർഷവും ഇരട്ടി വീതം പെരുകുകയാണ്. പുതിയ കേസുകളിലധികവും സിന്തറ്റിക് രാസലഹരികളുടെ ഉപയോഗത്തെ തുടർന്നുള്ളതാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇപ്പോൾ താൽപ്പര്യം കൂടുതൽ എം.ഡി.എം.എ, എൽ.എസ്.ഡി, ഹെറോയിൻ തുടങ്ങിയ രാസലഹരികളിലാണെന്നതും ആശങ്കാജനകമാണ്.
ഇവയുടെ എളുപ്പത്തിലുള്ള ലഭ്യത തന്നെയാണ് വ്യാപനവും ഉപയോഗവും വർദ്ധിപ്പിക്കാനിടയാക്കിയത്. ഡാർക്ക് വെബ്, രഹസ്യചാറ്റുകൾ എന്നിവ വഴി ലഹരിവ്യാപാരം ഡിജിറ്റലൈസ് ചെയ്യപ്പെട്ടതും വലിയ ഒരു വെല്ലുവിളിയാണ്. മയക്കുമരുന്ന് ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലഹരി വ്യാപാരത്തിലെ അവസാന കണ്ണികളായ പ്രതികളെ പിടികൂടുന്നതിനപ്പുറം ഇവ എത്തിച്ചേരുന്ന സ്രോതസ് കണ്ടുപിടിച്ച് ശക്തമായ നടപടിയെടുക്കാൻ സാധിക്കണം. ഈ വ്യാപാരത്തിന്റെ പിന്നിലുള്ള മാഫിയ എത്ര ശക്തരാണെങ്കിലും അവരെ പിടികൂടി തുറുങ്കിലടക്കണം. അതിനായി സ്ഥിരതയുള്ള നടപടികളുമായി മുമ്പോട്ടുപോയാൽ സമാധാനകാംക്ഷികളായ സമൂഹം മുഴുവൻ പിന്തുണയുമായി കൂടെയുണ്ടാവും.










