03:47am 26 August 2026
NEWS
ഓപ്പറേഷൻ തൂഫാൻ: ഞാൻ പ്രവർത്തിച്ച മേഖലകളിൽ നിന്നുള്ള അറിവിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ചില നിർദ്ദേശങ്ങൾ
29/07/2026  01:24 PM IST
എൻ.എസ്. അലക്‌സാണ്ടർ
ഓപ്പറേഷൻ തൂഫാൻ: ഞാൻ പ്രവർത്തിച്ച മേഖലകളിൽ നിന്നുള്ള അറിവിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ചില നിർദ്ദേശങ്ങൾ

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളത്തിലാകെ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ രാസ ലഹരിക്കെതിരെയുള്ള വളരെ ശക്തമായ നടപടികൾ ഏതാണ്ട് വിജയകരമായി തന്നെ മുന്നേറുകയാണല്ലോ. ഈ അവസരത്തിൽ ഞാൻ പ്രവർത്തിച്ച മേഖലകളിൽ നിന്നുള്ള അറിവിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ചില നിർദ്ദേശങ്ങൾ ഇവിടെ കുറിക്കട്ടെ: 

കഴിഞ്ഞ ഏതാണ്ട് പത്തുവർഷം മുമ്പ് വരെ കഞ്ചാവ് ഉൾപ്പെടെയുള്ള  ലഹരിവസ്തുക്കൾ ഉടുമുണ്ടിന്റെ മടിയിലോ അടിവസ്ത്രത്തിന്റെ പോക്കറ്റിലോ ഒക്കെ മാത്രമായി ഇട്ടാണ് കടത്തിയിരുന്നത്. എന്നാൽ എല്ലാത്തരം ലഹരിവസ്തുക്കളും കേരളത്തിലാകമാനം കഴിഞ്ഞ വർഷങ്ങളിൽ വ്യാപകമായി ലഭ്യമായി തുടങ്ങി. ഈ സംഘത്തിൽപ്പെട്ടവരുടെ സംഘടനാ ശക്തിയുടെ ഫലമാണോ എന്തോ സ്‌കൂൾ കുട്ടികൾമുതൽ സമൂഹത്തിലെ ഉന്നതർ എന്ന് കരുതേണ്ടവർ ഉൾപ്പെടെ സ്ത്രീകളും മുതിർന്നവർ വരെയും, വിദ്യാർത്ഥിനി - വിദ്യാർത്ഥികൾ, മധ്യവയസ്‌ക്കർ തുടങ്ങിയ എല്ലാ വിഭാഗത്തിലും പെട്ട ഒട്ടനവധിപ്പേർ ഈ വിപത്തിൽ അടിമകളായും, ചിലരൊക്കെ മാനസിക രോഗികളായി മാറിയതായും നമ്മൾ കാണുന്നുണ്ട്. ഇത്തരം മാനസികവിഭ്രാന്തിക്ക് അടിമകളായവർ പൊതുസ്ഥലങ്ങളിൽ പോലും സ്ഥലകാലബോധമില്ലാതെ ആരുടെ നേരെയും കാട്ടിക്കൂട്ടുന്ന അക്രമ സംഭവങ്ങളും നിരന്തരം കാണുന്നുണ്ട്. നാടിന്റെ നാനാഭാഗത്തായി ട്രെയിനുകൾ, വിമാനത്താവളങ്ങൾ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, ഓഫീസുകൾ, ക്ലബ്ബുകൾ തുടങ്ങിയ പല ഭാഗത്തുനിന്നും വളരെ ഉയർന്ന തോതിലുള്ള അളവിൽ ലഹരിവസ്തുക്കളോടെയാണ് പലരും പിടിക്കപ്പെടുന്നത്. 

എന്നാൽ അതിശയമായി തോന്നിയത് ഇവിടെയുള്ള ഉത്തരവാദിത്തപ്പെട്ട വകുപ്പുകൾ ആയ പോലീസ്, എക്‌സൈസ്, നാർകോട്ടിക് വിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥർക്ക് വിദേശരാജ്യങ്ങളിൽ ഉള്ളവരുമായി ബന്ധം സ്ഥാപിക്കുകയും അവിടെനിന്നെല്ലാം, ഏജന്റുമാർ വഴിയും അല്ലാതെയും ഇതു കടത്തുകയും ചെയ്തിട്ടും ഇതിൽ ആരുടെയെങ്കിലും ഉറവിടം കണ്ടെത്താനോ ഇതിനെതിരെ ഇപ്പോഴുള്ളത് പോലുള്ള ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുവാനോ സാധിക്കാതെ പോയി എന്നുള്ളത് എന്തുകൊണ്ടാണെന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. ഇതിനോടകം പിടിക്കപ്പെട്ടവ ക്വിന്റൽ കണക്കിനോ  ലോറിലോഡ് കണക്കിനോ ഉണ്ടെങ്കിൽ, എത്രയോ അധികം കണ്ടുപിടിക്കപ്പെടാതെ മേൽപ്പറഞ്ഞ വിഭാഗങ്ങളുടെ പക്കൽ എത്തി, ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടാണല്ലോ ഇത്രയധികം പേർ ഇവിടെ ഇതിന് അടിമകളായത്. മേൽ സൂചിപ്പിച്ച ഉദ്യോഗസ്ഥവൃന്ദത്തെ, ഉത്തരവാദിത്തപ്പെട്ട അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് ആരെങ്കിലും തടഞ്ഞിരുന്നോ അതോ ആരുടെയെങ്കിലും അനുവാദത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നോ? ജനങ്ങളോട് ഇവർ സമാധാനം പറയേണ്ടതാണ്. 

ഇനി കാര്യത്തിലേക്ക് വരാം. നമ്മൾ കാണുകയും അറിയുകയും ചെയ്യുന്നിടത്തോളം ടീനേജ് ഗ്രൂപ്പിൽപ്പെട്ട വിഭാഗക്കാരാണ് വളരെ പെട്ടെന്ന് രാസ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നതും അടിമകളാകുന്നതും. ഇവരെ ബോധവൽക്കരിക്കുന്നതിന് അധികാരികളുടെയോ പൊതുപ്രവർത്തകരുടെയോ ഉപദേശങ്ങൾ കൊണ്ടോ പ്രബോധനങ്ങൾ കൊണ്ടോ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. അതിനുപകരം ഇത്തരം ലഹരിവസ്തുക്കൾ ശരീരത്തിലെ ആപാദചൂഡമുള്ള ഓരോ അവയവങ്ങളെയും ഒരിക്കലും പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കാത്ത വിധം എങ്ങനെയൊക്കെ ഗുരുതരമായി ബാധിക്കും എന്നും, അങ്ങനെ സ്വന്തം ആരോഗ്യസ്ഥിതി ആകെ നശിച്ച് വിലപ്പെട്ട ജീവൻ അകാലത്തിൽ ഹോമിക്കേണ്ടി വരുമെന്നും കാര്യകാരണസഹിതം ബോധ്യപ്പെടുത്തിയാൽ വലിയൊരു അളവ് വരെ ഈ സാമൂഹ്യവിപത്ത് നിയന്ത്രിക്കാൻ സാധിച്ചേക്കാം.

 ഇത് സാധ്യമാകുന്നതിന് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ആ അവസരങ്ങളിൽ വിദഗ്ധനായ ഒരു ഡോക്ടറെക്കൊണ്ട് ഹ്യൂമൻ ഫിസിയോളജിയുടെ ഒരു മാപ്പിന്റെ സഹായത്തോടെ മുകളിൽ പറഞ്ഞ രീതിയിൽ വിശദമായ ഒരു ക്ലാസ്സും ഇത് സംബന്ധിച്ച ഒരു ചർച്ചയും നടത്തിയാൽ അത് ഒരു കുടുംബത്തിലുള്ള എല്ലാവരും പങ്കെടുക്കുന്ന സ്ഥിതിയിൽ അവരുടെ എല്ലാവരുടെയും ബുദ്ധിയിലേക്കും ഹൃദയത്തിലേക്കും മനസ്സിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലാനും അതുവഴി ഒരിക്കലും മറക്കാൻ ഇടയില്ലാത്ത അവബോധവും ഉണ്ടാവുകയും ചെയ്യും. മുതിർന്നവരുടെ ഒത്തുചേരലുകളിലും സദസ്സുകളിലും ഇത് പ്രാവർത്തികമാക്കാവുന്നതാണ്. അങ്ങനെ ഈ വിപത്തിനെപ്പറ്റി എല്ലാവരിലും തികഞ്ഞ ബോധോദയം ഉണ്ടാവുകയും ചെയ്യും.
ഞാൻ വളരെ ആലോചിച്ചിട്ട് എന്റെ മനസ്സിൽ തെളിഞ്ഞുവന്ന ഒരു ആശയം മാത്രമാണിത്. 

ഇനി അടുത്ത അപകടത്തിലേക്ക് കടക്കാം. 

അഡിക്ഷന് കാരണമാകുന്ന രാസഘടകങ്ങൾ അടങ്ങിയ ഇംഗ്ലീഷ് മരുന്നുകൾ ഡോക്ടർമാരുടെ കുറുപ്പിടിയോടുകൂടി മാത്രമേ വിൽക്കാവൂ എന്ന കർശന നിർദേശം മരുന്നുവ്യാപാരികൾക്ക് നൽകിയതായി വാർത്തകൾ കണ്ടു. ഇത് ഒരിക്കലും പ്രാവർത്തികമല്ല. ഇത് നടപ്പിലാക്കണമെങ്കിൽ മറ്റൊരു കാര്യം കൂടി ചെയ്യണം. അതായത് ഇത്തരം മരുന്നുകൾക്ക് ഡോക്ടർമാർ  പ്രിസ്‌ക്രിപിഷന്റെ രണ്ടു കോപ്പികൾ രോഗിക്ക് നൽകണമെന്നും അവയിൽ ഒന്ന്  വിൽപ്പനക്ക് ശേഷം കടയിൽ തന്നെ ഒരു മാസമെങ്കിലും ഫയൽ ചെയ്ത് സൂക്ഷിക്കണമെന്നും ഉത്തരവ് നൽകുകയും അത് പാലിക്കുന്നുണ്ടെന്ന്,  ഡ്രഗ് കൺട്രോളർ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശോധന സമയത്ത് ഉറപ്പാക്കുകയും ചെയ്യണം. ഈ വിഷയത്തിൽ എന്തെങ്കിലും ക്രമക്കേട് കണ്ടാൽ ലൈസൻസ് ക്യാൻസൽ ചെയ്യുകയും വേണം.

എന്നാൽ ഈ വകുപ്പിൽ ഇതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. കാരണം ഈ വകുപ്പിന് കീഴിൽ റീട്ടെയിലുകളും ഹോൾസെയിലുകളും ഉൾപ്പെടെയുള്ള കേരളത്തിലെ ഏകദേശം 24000 ത്തോളം വരുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്താനുള്ള  ഉദ്യോഗസ്ഥരുടെ എണ്ണവും അവർക്ക് ഒരു യൂണിറ്റ് പ്രതിവർഷം ഒരു തവണയെങ്കിലും പരിശോധിക്കണം എന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ള ടാർജറ്റും  കമ്പയർ ചെയ്ത് ഞാൻ സ്വന്തമായി നടത്തിയ വിശദമായ പഠനത്തിൽ നിന്ന് ഓരോ വർഷവും ഏകദേശം 7200 ഓളം സ്ഥാപനങ്ങൾ പരിശോധിക്കപ്പെടാതെ പോകുന്നുണ്ടെന്ന് മനസ്സിലായി. ഈ വിവരങ്ങളെല്ലാം കാണിച്ചുകൊണ്ട് ഞാൻ ആരോഗ്യവകുപ്പിലെ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുകയും ഇതിനുവേണ്ടി പുതുതായി 20 ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരെ എങ്കിലും നിയമിക്കണമെന്ന് ബോധിപ്പിക്കുകയും ചെയ്തു. പക്ഷേ സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ല എന്നാണ് കിട്ടിയ മറുപടി. വകുപ്പ് മേധാവിയായ ഡ്രഗ്‌സ് കൺട്രോളർ ഈ വിഷയത്തിൽ നടത്തിയ നിവേദനങ്ങൾക്ക് ഇതേ മറുപടിയാണ് ലഭിച്ചത് എന്നാണ് അറിയുന്നത്. ആലോചിച്ചു നോക്കിയാൽ ശരിയാണ്, ഇതുപോലുള്ള കാര്യങ്ങളെക്കാൾ പ്രധാനം സംഗമങ്ങളും കോൺക്ലേവുകളും വിദേശ പര്യടനങ്ങളുമൊക്കെയാണെന്ന് ഭരണാധികാരികൾക്ക് ബോധ്യമായാൽ എന്ത് ചെയ്യാൻ സാധിക്കും.

രാസലഹരിയുടെ പ്രാമുഖ്യം കൂടിയതോടുകൂടി ബിവറേജുകൾ വഴി വിൽക്കുന്ന മദ്യം കേരളത്തിൽ ലഹരിയുടെ നിർവചനത്തിൽ നിന്നും അപ്രത്യക്ഷമാവുകയാണ്. കാരണം ബാറുകളുടെ എണ്ണം 29 ൽ നിന്നും 1000 ത്തിനടുത്ത് ആയിട്ടും സ്വയം പ്രഖ്യാപിത ബുദ്ധിജീവികളോ സാമൂഹ്യ പരിഷ്‌കർത്താക്കളോ നവോത്ഥാന നായകരോ എന്തിനേറെ ഇപ്പോഴത്തെ ഭരണകക്ഷിയായ അക്കാലത്തെ പ്രതിപക്ഷമോ കാതലായി എന്തെങ്കിലും എതിർപ്പ് ഉയർത്തിയതായി കണ്ടിട്ടില്ല. കുറേക്കാലം മുൻപ് വരെ എവിടെയെങ്കിലും ഒരു ബാർ അനുവദിച്ചാൽ അവിടെ സ്ത്രീകളെയും കുട്ടികളെയുമൊക്കെ അണിനിരത്തി ദിവസങ്ങളോളം പ്രതിഷേധം സംഘടിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാലിവിടെ അത്തരത്തിലുള്ള യാതൊരു നടപടിയും ഒരിടത്തും കണ്ടിട്ടില്ല.  ഒത്തുകളിയോ ഒത്തുതീർപ്പോ ? ആർക്കറിയാം.

നിയമപരമായ ലൈസൻസ് ഫീസ് മാത്രം നൽകി ഇത്തരം ലൈസൻസുകൾക്ക് ആവശ്യമായ എല്ലാ നിബന്ധനങ്ങളും പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്ക് വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യാം. വാരിക്കോരി മോഡറേഷൻ മാർക്ക് നൽകി പൊതു പരീക്ഷകളിൽ 100%  വിജയം നേടുന്നത് നമ്മുടെ കഴിവുകൊണ്ടാണെന്ന്  തോന്നിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുള്ള നമ്മുടെ നാട്ടിൽ ബാറുകളുടെ എണ്ണത്തിലുള്ള വൻ കുതിച്ചുചാട്ടം തങ്ങളുടെ നേട്ടമായി വകുപ്പ് മന്ത്രിക്ക് അവതരിപ്പിക്കാവുന്നതാണ്. അതില്ലാത്തതു നമ്മുടെ ഭാഗ്യം. 

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. എക്‌സൈസിൽ നിന്നുള്ള വരുമാനത്തേക്കാൾ അധികമായി മദ്യപാനം മൂലം രോഗികൾ ആകുന്നവരുടെ ചികിത്സയ്ക്കായി ആരോഗ്യവകുപ്പിൽ നിന്നും വൻ തുക ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് ഇപ്പോഴത്തെ ഭരണ മുന്നണിയിലെ മുഖ്യകക്ഷിയിലെ പ്രമുഖനായ ഒരു നേതാവ് ഒരു ചാനൽ ചർച്ചയിൽ പറയുന്നത് ഞാൻ കേട്ടു. ഇക്കാര്യം ഭരണക്കാർ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img