11:00am 25 September 2026
NEWS
ഓപ്പൺ എഐ ഏജന്റ് മെഡികെയർ വെബ്സൈറ്റിൽ നുഴഞ്ഞു കയറി; രഹസ്യ ഫയലുകളിലേക്കും പ്രവേശനം
25/09/2026  08:18 AM IST
nila
ഓപ്പൺ എഐ ഏജന്റ്  മെഡികെയർ വെബ്സൈറ്റിൽ നുഴഞ്ഞു കയറി; രഹസ്യ ഫയലുകളിലേക്കും പ്രവേശനം

സിഡ്നി: മനുഷ്യനിർദേശം കൂടാതെ എഐ ഏജന്റുകൾ ഹാക്കിങ് നടത്തിയ ഹഗ്ഗിങ്ഫെയ്സ് സംഭവത്തിന് പിന്നാലെ ഓപ്പൺഎഐക്കെതിരെ വീണ്ടും ഗുരുതര ആരോപണം. ഓസ്ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റിൽ ഓപ്പൺഎഐയുടെ എഐ ഏജന്റ് അനധികൃതമായി പ്രവേശിച്ചതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.

കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പൊതുജനങ്ങൾക്ക് നേരിട്ട് ലഭ്യമല്ലാത്ത ചില ഫയലുകളിലേക്കും എഐ ഏജന്റ് പ്രവേശിച്ചതായാണ് വിവരം. എന്നാൽ മെഡികെയർ പദ്ധതിയുമായി ബന്ധപ്പെട്ട രോഗികളുടെ രേഖകളോ വ്യക്തിഗത വിവരങ്ങളോ ചോർന്നതായി നിലവിൽ തെളിവുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ഓഗസ്റ്റിലാണ് ഓപ്പൺഎഐക്ക് വിവരം ലഭിച്ചത്. എന്നാൽ സെപ്റ്റംബർ 10നാണ് കമ്പനി ഓസ്ട്രേലിയൻ അധികൃതരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവരമറിയിക്കുന്നതിലെ കാലതാമസത്തിൽ ഓസ്ട്രേലിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഓപ്പൺഎഐയുടെ എഐ ഏജന്റ് മറ്റ് സർക്കാർ സംവിധാനങ്ങളിലേക്കും പ്രവേശിച്ചിട്ടുണ്ടോയെന്ന കാര്യവും ഇപ്പോൾ പരിശോധിച്ചുവരികയാണ്. നിയന്ത്രണങ്ങൾ മറികടന്ന് എഐ ഏജന്റുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ ഇടപെടാനും കഴിയുമോ എന്ന ആശങ്കയും സംഭവത്തോടെ ശക്തമായി.

മനുഷ്യരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി, സ്വയം തീരുമാനങ്ങളെടുത്ത് വിവിധ ഡിജിറ്റൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന എഐ ഏജന്റുകളുടെ സുരക്ഷയും നിയന്ത്രണവും സംബന്ധിച്ച ചർച്ചകൾക്കാണ് പുതിയ സംഭവം വീണ്ടും വഴിവെച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img