
ദോഹ: പ്രമുഖ ടെലികോം സേവനദാതാക്കളായ ഉരീദൂ ഗ്രൂപ്പും (Ooredoo Group) സൈൻ ഗ്രൂപ്പും (Zain Group) തമ്മിലുള്ള മേഖലയിലെ ചരിത്രപരമായ ടവർ പങ്കാളിത്ത ഇടപാടിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇരു ഗ്രൂപ്പുകൾക്കും 50 ശതമാനം വീതം ഓഹരി പങ്കാളിത്തമുള്ള സംയുക്ത റീജിയണൽ ടവർ പ്ലാറ്റ്ഫോമിന് കീഴിലാണ് ഇരുസ്ഥാപനങ്ങളുടെയും ടവർ ആസ്തികൾ സംയോജിപ്പിച്ചത്.
ഉരീദൂ ഖത്തറിന്റെ (അൽ അബ്രാജ്), സൈൻ കുവൈത്തിന്റെ (ഐ.ടി.കെ) ടവർ ആസ്തികളാണ് ആദ്യഘട്ടത്തിൽ ഈ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. ഇവ രണ്ടും ചേർന്ന് ഏകദേശം 4,000 ടവറുകളാണ് പ്ലാറ്റ്ഫോമിന് കീഴിൽ വരുന്നത്.
ഡിജിറ്റൽ അടിസ്ഥാനസൗകര്യ രംഗത്ത് വലിയ രീതിയിലുള്ള മൂല്യവർദ്ധനവിനും മൂലധന കാര്യക്ഷമതയ്ക്കും ഈ പങ്കാളിത്തം വഴിതെളിക്കും. ആവശ്യമായ നിയന്ത്രണ ഏജൻസികളുടെ അംഗീകാരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് വരുംഘട്ടങ്ങളിൽ കൂടുതൽ ടവറുകൾ ഈ പ്ലാറ്റ്ഫോമിലേക്ക് കൂട്ടിച്ചേർക്കും.
റീജിയണൽ ടവർ പ്ലാറ്റ്ഫോമിലൂടെ വലിയ മൂല്യം സൃഷ്ടിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് ഉരീദൂ ഗ്രൂപ്പ് സി.ഇ.ഒ അസീസ് അൽ ഉഥ്മാൻ ഫഖ്റൂ പറഞ്ഞു.
ആസ്തികളിൽ നിന്ന് ഉയർന്ന മൂല്യം കണ്ടെത്തുന്നതിനൊപ്പം മേഖലയിലെ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും ഈ നീക്കം സഹായകരമാകുമെന്ന് സൈൻ വൈസ് ചെയർമാനും ഗ്രൂപ്പ് സി.ഇ.ഒയുമായ ബദർ അൽ ഖറാഫി വ്യക്തമാക്കി.
അതേസമയം, ടെലികോം നെറ്റ്വർക്കുകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സാങ്കേതികവിദ്യ, സോഫ്റ്റ്വെയർ തുടങ്ങിയ ആക്ടീവ് അടിസ്ഥാന സൗകര്യങ്ങൾ (Active Infrastructure) ഇരു കമ്പനികളും സ്വന്തമായി തന്നെ നിലനിർത്തും.










