
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഇന്നും തിങ്കളാഴ്ചയും മാത്രം സമയം അവശേഷിക്കെ, സംസ്ഥാനത്തെ മൂന്ന് മുന്നണികളും കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിൽ. സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണവും അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴും അടിയൊഴുക്കുകൾ എങ്ങോട്ട് തിരിയുമെന്ന ഭീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ.
യു.ഡി.എഫിൽ ശാന്തത, എങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല
കെ. സുധാകരൻ വിഷയത്തിൽ ഉയർന്ന വിവാദങ്ങൾ തന്ത്രപൂർവ്വം പരിഹരിച്ച് എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. എങ്കിലും പാർട്ടിയിലെ ചിലയിടങ്ങളിൽ ഇപ്പോഴും അസംതൃപ്തി പുകയുന്നുണ്ട്. സി.പി.എമ്മിൽ നിന്നുള്ള വിമതരെ അണിനിരത്തി പോരാട്ടം കടുപ്പിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നുണ്ടെങ്കിലും, ഒറ്റപ്പാലത്ത് പി.കെ. ശശിക്കും അമ്പലപ്പുഴയിൽ ജി. സുധാകരനും നൽകുന്ന പിന്തുണ പ്രാദേശിക തലത്തിൽ പ്രവർത്തകർക്കിടയിൽ എതിർപ്പിന് കാരണമായിട്ടുണ്ട്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഇതുവരെ പൂർണ്ണമായി വിജയിച്ചിട്ടില്ല.
നിഴൽപേടിയിൽ എൽ.ഡി.എഫ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തുടക്കത്തിൽ മേൽക്കൈ നേടിയെങ്കിലും, എൽ.ഡി.എഫിൽ സ്ഥാനാർത്ഥി നിർണ്ണയം ഇപ്പോഴും പൂർണ്ണമായിട്ടില്ല. തളിപ്പറമ്പിൽ പി.കെ. ശ്യാമളയ്‌ക്കെതിരെ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ രംഗത്തുവരുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെ നിലപാടും ഒറ്റപ്പാലത്തെ പി.കെ. ശശി വിഷയവും എൽ.ഡി.എഫിന് തലവേദനയാകുന്നു. തങ്ങളുടെ മുൻകാല സഖാക്കൾ തന്നെ എതിർചേരിയിൽ നിൽക്കുന്നത് വോട്ട് ചോർച്ചയുണ്ടാക്കുമോ എന്നാണ് ഇടതുമുന്നണിയുടെ പ്രധാന പേടി.
എൻ.ഡി.എയിൽ 'ഗസ്റ്റുകളുടെ' തള്ളിക്കയറ്റം
മറ്റു പാർട്ടികളിൽ നിന്നും മുന്നണികളിൽ നിന്നും എത്തുന്നവർക്ക് വാരിക്കോരി സീറ്റുകൾ നൽകുന്ന ബി.ജെ.പി നിലപാടിൽ ഒരു വിഭാഗം പ്രവർത്തകർ അസംതൃപ്തരാണ്. സംഘടനയ്ക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് 'ഗസ്റ്റ്' സ്ഥാനാർത്ഥികൾക്ക് മുൻഗണന നൽകുന്നത് പ്രചാരണത്തെ ബാധിക്കുമെന്ന് ഇവർ കരുതുന്നു. കൂടാതെ, ട്വന്റി-20യുമായുള്ള സഖ്യത്തിലെ ആശയക്കുഴപ്പങ്ങളും ചില സ്ഥാനാർത്ഥികളുടെ പിന്മാറ്റവും എൻ.ഡി.എ ക്യാമ്പിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്.
പ്രചാരണ സമയം കുറവ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പന്ത്രണ്ട് പ്രവൃത്തി ദിനങ്ങൾ പോലും തികച്ചു കിട്ടില്ലെന്നതാണ് മുന്നണികളെ അങ്കലാപ്പിലാക്കുന്ന മറ്റൊരു ഘടകം. സ്വന്തം പാളയത്തിലെ കലഹങ്ങളും എതിർ മുന്നണിയിലേക്കുള്ള അപ്രതീക്ഷിത ചുവടുമാറ്റങ്ങളും വോട്ട് വിഹിതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയോടെയാണ് മുന്നണികൾ പത്രികാ സമർപ്പണത്തിന്റെ അവസാന ദിനങ്ങളിലേക്ക് കടക്കുന്നത്.











