04:41am 14 September 2026
NEWS
തോൽവികൾ മാത്രം നൽകുന്ന അറിവുകൾ; പഠിക്കേണ്ട ചിലത് അതിലുണ്ടാകും
31/12/2025  03:49 PM IST
ഡോ. ബി. അശോക്
തോൽവികൾ  മാത്രം നൽകുന്ന അറിവുകൾ; പഠിക്കേണ്ട ചിലത് അതിലുണ്ടാകും

ജനാധിപത്യ പ്രക്രിയയിലെ  ഏറെ സുന്ദരമായ  ഒരു നിമിഷമാണ് തങ്ങൾക്ക് ജനങ്ങളുടെ അംഗീകാരം പോരാ എന്നു ഭരണകർത്താക്കൾ മനസ്സിലാക്കുന്ന സുദിനം.   എല്ലാ പ്രചരണത്തിന്റെയും അടിവേര് തോണ്ടിയ  സത്യം വോട്ടിംഗ് മെഷീൻ വിളിച്ചു കൂവുന്നു. ഭരണത്തിന്റെ രുചി വിചാരിച്ചതുപോലെ മധുരിക്കുന്നില്ല;  നല്ല ചവർപ്പുമുണ്ട് എന്നവർ  പറയുന്നു. പാർലിമെന്ററി  രീതിശാസ്ത്രങ്ങൾ മറയ്ക്കുന്ന ജനാധിപത്യ സമൂഹത്തിന്റെ ആന്തരികമൂല്യം  പ്രതികൂലപൊതുജനാഭിപ്രായം എന്ന കനത്ത  വെല്ലുവിളിയായി ഭരണകൂടം അപ്പോൾ ഗ്രഹിക്കുന്നു. നിശ്ശബ്ദനായി തന്നെ നോക്കി  ചിരിക്കുന്ന  സമ്മതിദായകന്റെ ഹൃദയത്തിൽ വന്നു പോയ ആന്തരികമായ അകൽച്ച അധികാരികൾ മണക്കുന്നു. പരസ്പരം അതിവേഗം  മോചനമാഗ്രഹിക്കുന്ന ദമ്പതികളെപ്പോലെ അവർ പരസ്പരം നോക്കുന്നു. ഒരു ആത്മപരിശോധനയുടെ പരിസരം അല്പമെങ്കിലും പൊതുരംഗത്ത് ഉയരുന്നത് അപ്പോഴാണ്;  അങ്ങനെയാണ്. 

കേരളത്തിലെ മുന്നണികളിലും പാർട്ടികളിലും സാമൂഹ്യ മൂലധനവും  സാമുദായിക അടിത്തറയും തമ്മിൽ ചില കൊടുക്കൽ വാങ്ങലുകളും  ബലാബലങ്ങളും  ഉണ്ട്.  സാധാരണ ദാരിദ്ര്യനിർമ്മാർജ്ജനം ശക്തിയാക്കി അവതരിപ്പിച്ച തെരഞ്ഞെടുപ്പിൽ സാമൂഹ്യ മൂലധന നിർമ്മിതി സാധാരണഗതിയിൽ  ഭരണകൂടത്തെ സഹായിക്കേണ്ടതാണ്.  സാമുദായിക നീതി കൂടി  പുലർത്തിയാൽ മികച്ച ഫലം  സമ്മതിദായകർ നൽകേണ്ടതാണ്.  ഇതു രണ്ടും പരിശ്രമിച്ചിട്ടും   സമ്മതിദായകർ അകന്നാൽ ഇവയുടെ നിർമ്മാണത്തിൽ  അപാകതകൾ വന്നു എന്നു കാണണം; തിരുത്തണം. 

നമ്മുടെ കാലയളവിന്റെ  ദുര്യോഗം 'വികസനം' ഒരു വക   പുതിയതരം രാഷ്ട്രീയമായി  പ്രഛന്നവേഷത്തിൽ ആടിത്തകർക്കുന്നതാണ്.   രാഷ്ട്രത്തെ സംബന്ധിച്ചത്  എന്ന മഹാസംഗീതസാഗരത്തിൽ  വികസനം എന്ന അടിപൊളി സിനിമാപ്പാട്ടാണ് അരങ്ങു തകർക്കുന്നത്. ഒരു ഉപോൽപ്പന്നം  ഒരിക്കലും മൗലിക സൃഷ്ടിയുടെ സ്ഥാനത്തു ശോഭിക്കില്ല.  വികസനം, തൊഴിൽ, വളർച്ച, പുതിയ അറിവുകൾ എന്നിവ തളിർക്കുന്ന സുഭിക്ഷപരിസരം രാഷ്ട്രീയ പ്രക്രിയ സൃഷ്ടിക്കണം.   കെ-റെയിൽ, ദേശീയ ഹൈവേ, ഗ്യാസ് പൈപ്പ് ലൈൻ, മെട്രോ, വിമാനത്താവളം എന്നിങ്ങനെ പശ്ചാത്തല മേഖലയുടെ സൂചകങ്ങൾ സമൃദ്ധമായി ചേർത്തപട്ടിക വികസനത്തിലെ സർഗ്ഗാത്മകമായ  അടിസ്ഥാന രാഷ്ട്രീയ പ്രക്രിയയുടെ  അഭാവത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അഭാവത്തിൽ വികസനം വേണ്ടത്ര  വസ്തുനിഷ്ഠമായി സംവദിക്കാൻ പോലും ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിനാകുന്നില്ല. ആസൂത്രണം ഇന്ന് ഏറെക്കുറെ അപരിഷ്‌കൃതമായ ഒരു വാക്കാണ്.  ആസൂത്രണമോ വിപണിയോ എന്ന ചോദ്യം സർക്കാരുകളുടെ  സാമ്പത്തിക പരിപാടിയെയാകെ ഗ്രസിക്കുകയാണ്; അടിമുടി മാറ്റുകയാണ്.  

ബജറ്റിലൂടെയും ആസൂത്രണത്തിലൂടെയും  പൊതുവിഭവം ശേഖരിച്ച് ജനാധിപത്യമായി വിതരണം ചെയ്തിരുന്ന പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തലിന് വൻതോതിൽ കടമെടുത്താകാം എന്ന രീതി പ്രചാരത്തിലായി. ബജറ്റിലെ കടത്തിന്റെ അക്കൗണ്ടിംഗ് മാനദണ്ഡം 2022 ൽ കേന്ദ്രം ഏകപക്ഷീയമായി പുന:ക്രമീകരിച്ചപ്പോൾ ദീർഘകാല  മൃദു ബാധ്യതയായി  സമീപിച്ചിരുന്നത് ഹ്രസ്വകാല തീവ്ര ബാധ്യതകളായി  മാറി ബജറ്റിനെയാകെ സമ്മർദ്ദത്തിലാക്കി. അങ്ങനെ 4.5 ലക്ഷം കോടി രൂപ പൊതുക്കടം സഞ്ചിതമായി വർദ്ധിച്ചപ്പോൾ 40,000 കോടിയിൽപ്പരം രൂപയെങ്കിലും  കരാറുകാർക്കും പെൻഷൻ - ജീവനക്കാർക്കും ബാധ്യതയിടുന്ന ദു:സ്ഥിതിയുമുണ്ടായി. 2024-25, 2025-26 പ്ലാൻ വർഷങ്ങളിൽ  50% ത്തോളം പ്ലാൻ പദ്ധതികളും സുപ്രധാന സബ്‌സിഡികളും ചുരുക്കേണ്ടി വന്നു.  ഒരുദാഹരണത്തിന് കാർഷിക ഗവേഷണ വിദ്യാഭ്യാസ ഗ്രാന്റുകൾ ബജറ്റ് ചെയ്തതിന്റെ 35% മാത്രമാണ് കഴിഞ്ഞ 7 ധനവർഷം ലഭ്യമായത്. സാമാന്യം ചെറിയ  സർക്കാർ വകുപ്പുകളിൽപ്പോലും  ഒരു വർഷത്തെ പ്ലാൻ വിഹിതത്തിന്റെയത്രയും കുടിശ്ശികയിട്ടാണ് തെരഞ്ഞെടുപ്പിലേക്ക് നമ്മൾ എത്തിപ്പെടുന്നത്. ഇതിലൊക്കെയുള്ള പൊതുജനങ്ങളുടെ അതൃപ്തി എത്ര ആഴത്തിലുള്ളതാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ അതൃപ്തികൾ സത്വരമായി പരിഹരിക്കേണ്ടതുണ്ട്. 

വൻകിട ഭൗതിക  പശ്ചാത്തലസൗകര്യങ്ങളുടെ കാര്യമെടുക്കൂ. ഹൈബ്രിഡ് ആന്യൂവിറ്റി  മാതൃകയിലുള്ള  നാഷണൽ ഹൈവേ  പണിക്കുറവുകളാൽ തകർന്ന  റീച്ചുകളിൽ നിർമ്മാണം  പൂർത്തീകരിക്കാൻ ഇനിയും ഏറെ സമയം വേണ്ടി വരും. എന്നാൽ വലിയലാഭം നിർമ്മിക്കുന്നവർക്കു ലഭിക്കുന്ന ഹൈവേകളും  ഗ്യാസ് പൈപ്പ് ലൈൻ, സ്വകാര്യ തുറമുഖപദ്ധതികളുടെ കുതിപ്പും ലാഭവും സ്വകാര്യ മേഖലയുടെ  കൈവശം ഭദ്രം. അപ്പോൾ  ധാരാളം സ്വകാര്യ- പൊതു സംയുക്ത  പങ്കാളിത്ത പദ്ധതികളാവാമായിരുന്ന വർഷങ്ങളിൽ  ബജറ്റിനെ   പരിമിതപ്പെടുത്തുന്ന  കടമെടുപ്പ് നമുക്ക് പങ്കാളിത്ത പദ്ധതികൾ വഴി  അൽപ്പം പുന:ക്രമീകരിക്കാമായിരുന്നില്ലേ? തിരിച്ചടവും പലിശയും കടമെടുപ്പ്  പരിധിയിൽപ്പെട്ടയുടൻ കിഫ്ബി സ്വീകരിക്കുന്ന കടം ക്രമേണ ബജറ്റിനുള്ളിൽ നിർവ്വഹിക്കാൻ തുനിഞ്ഞാൽ കിഫ്ബിയുടെ അധിക പലിശ നിരക്കുകൾ കുറെ  ലാഭിക്കാമായിരുന്നു. ഒരു ശതമാനം കൂടുതൽ പലിശ നൽകുന്നത് 30,000 കോടി രൂപയ്ക്കാണെങ്കിൽ ഇതിൽ തന്നെ സംസ്ഥാനത്തിന്  ഏൽക്കുന്ന അധിക ബാധ്യത ഗണനീയമാണ്.  

ഏതായാലും ബജറ്റോ  ബജറ്റേതര കടമോ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒരു വികസന ജനാധിപത്യ വാദിയായ ഒരു  പ്രൊഫഷണലിന് നൽകാൻ കഴിയൂ. ബജറ്റ് ഒരു പങ്കാളിത്ത ഭരണഘടനാധിഷ്ഠിത  ജനാധിപത്യ സംവിധാനമാകയാൽ  ബജറ്റിനെ ബലി കഴിച്ചുക്കൊണ്ടുള്ള ഉയർന്ന ചെലവുള്ള ബദൽ സംവിധാനങ്ങൾ  പുന:പരിശോധിച്ച് കാലികമായി  തിരുത്തേണ്ടതാണ്. ബജറ്റിനു പുറത്തുള്ള ചെലവ് ധനകാര്യ  സാമൂഹ്യ ഓഡിറ്റിംഗിന് വേണ്ടത്ര വിധേയമാക്കപ്പെടുകയില്ല. അതിന്റെ അതാര്യതയും വിതരണത്തിലെ അസന്തുലിതാവസ്ഥയും  തന്നെയാണ് അതിന്റെ അടിസ്ഥാന  ദൗർബല്യം. 

ഏതൊരു ഭരണകൂടവും ആത്മപരിശോധന നടത്തേണ്ട മറ്റൊരു വിഷയമാണ് നീതിക്കെന്തു സംഭവിച്ചു എന്നത്. വേണ്ടത്ര നീതി എളുപ്പം എല്ലാവർക്കും വിലയിരുത്തിയ കാലത്തിൽ ലഭിച്ചോ? നാടിനെ പിടിച്ചു കുലുക്കിയ കുറ്റകൃത്യങ്ങളിൽ  പ്രതികൾ ശിക്ഷിക്കപ്പെട്ടോ, സ്ത്രീ സുരക്ഷ മെച്ചപ്പെട്ടോ എന്നൊക്കെ.  എത്ര കഠിനാധ്വാനം ചെയ്താലും  എത്ര പ്രഗത്ഭ ഭരണകൂടത്തിനും ഇതിൽ മെച്ചപ്പെടാനുണ്ടാവും.  നീതി ദേവതയുടെ ലഭ്യതയും വിതരണവും പൗരന്മാർക്കെല്ലാം ഉറപ്പിപ്പിച്ചോ എന്നത് പ്രസ്തമായ ചോദ്യമാണ്. പോരായ്മകൾ തിരുത്തി ഏവർക്കും നീതി എന്ന സംവിധാനം സുശക്തമാക്കണം. 

നാട്ടിൽ  അക്കാലത്തു വാഗ്‌ദേവതയ്ക്കു വിലങ്ങു വീണോ എന്നതും ചിന്തിക്കണം. നിയമങ്ങൾ  ലിബറൽ ആശയാവിഷ്‌ക്കാരത്തെ തളച്ചുവോ? വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ടുവോ? അത്യപൂർവ്വമായി ആശയാവിഷ്‌ക്കാരത്തിലുടെ നടത്തുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനെന്നോണം പൗരന്റെ  കഴുത്ത് ഞെരിക്കപ്പെട്ട് അവന്റെ നാവരിഞ്ഞുവോ? എങ്കിലവിടെ ജനാധിപത്യം വേണ്ടത്ര പുലരുന്നില്ല എന്നു നിസ്സംശയം പറയാം.  വികസനം പുലർത്താൻ ജനാധിപത്യം പരിമിതപ്പെടുത്താനോ ഒടുക്കാനോ ആവില്ല.  ആശയാവിഷ്‌ക്കാരത്തിന്  ഏതെങ്കിലും കരിനിയമങ്ങൾ തടവറ തീർത്തോ?

അറിവിന്റെ വികാസവും വാക്കിന്റെ മേന്മയും ആ ഭരണകൂടം  ചേർത്തു പിടിച്ചോ? സുകുമാര കലകൾ അക്കാലത്ത് വേണ്ടത്ര വളർന്നുവോ? കേരളം സൃഷ്ടിച്ച  19-ാം നൂറ്റാണ്ടിലെ നവോത്ഥാനം പോലെയൊന്നുമായില്ലെങ്കിലും  താരതമ്യേന സാംസ്‌ക്കാരികമായ ഉൽക്കർഷയുള്ള ഒരു മാനസികാവസ്ഥ  പൗരാവലിക്കുണ്ടായോ? രാജ്യ ധർമ്മം സാമാന്യജനങ്ങളും ഭരണകർത്താക്കളും പാലിച്ചോ?  ധർമ്മത്തിലും സുതാര്യതയ്ക്കും സുലഭതയുള്ള ഒരു  കാലമായിരുന്നോ അത്?  നിരപരാധികളുടെ ചോര കണ്ടമാനം വീണോ? അലമുറയിട്ടുകരയുന്ന വിധവകൾക്കു നീതി ലഭിച്ചോ?   മക്കളെ നഷ്ടമായ  അമ്മമാരെ രാഷ്ട്രം സമാശ്വസിപ്പിച്ചുവോ?

ജനതയുടെ വിയർപ്പ് തിരിച്ചടയ്ക്കുമെന്ന ഉറപ്പുള്ള കടം  പശ്ചാത്തല സൗകര്യമായി  മാറിക്കാണിക്കുക മാത്രമല്ല ഒരു ജനാധിപത്യ സമൂഹത്തിലെ  വികസന സങ്കൽപ്പം. വികസനത്തിന്റെ മർമ്മം, എല്ലാരും ഒന്നിച്ച് സഹകരിച്ച് ബഹദൂരം മുന്നേറണം എന്നതും കൂടിയാണ്.   അതിദരിദ്രർ 'ഇല്ലാതായ' ധനവർഷം സാധാരണ ഗതിയിൽ   ഭരണസ്വീകാര്യത പലമടങ്ങ് വർദ്ധിക്കേണ്ടതാണ്. മറിച്ചു സംഭവിച്ചെങ്കിൽ അതും ചികഞ്ഞു നോക്കണം. പഠിക്കേണ്ട ചിലത് അതിലുണ്ടാകും. 

നേട്ടങ്ങളും കോട്ടങ്ങളും  ഇഴചികഞ്ഞു നോക്കുമ്പോൾ  ജനാധിപത്യ സമൂഹത്തിലെ  ചിരന്തന സമസ്യകളും  തെരഞ്ഞെടുപ്പിനു മുൻപ് സംഭവിക്കുന്ന എന്തെങ്കിലും  താൽക്കാലിക അവിചാരിതവും അനിഷ്ടവും തമ്മിൽ നമ്മൾ   വേർതിരിച്ചു കാണണം.  ജനങ്ങളുടെ ഇഷ്ടം  രൂപപ്പെടുത്തുന്നതു പോലെ അനിഷ്ടം രൂപപ്പെട്ട് വെറുപ്പായി മാറുന്നത് ഒരുതരം ഉടനറിവു നൽകാത്ത രസതന്ത്രമാണ്. പാൽ പുളിച്ചുപോവുന്നതിന് മുൻപ് അത് വലിയ മുന്നറിയിപ്പുകൾ നൽകാറില്ല.  അത്ഭുതകരമാണത്. ശതകോടികൾ ചെലവിട്ട പൊതു പബ്ലിക് റിലേഷൻസ് സംവിധാനം സൃഷ്ടിച്ചെടുക്കുന്ന ഒരു തലത്തിലെ യാഥാർത്ഥ്യത്തെ ജനത അതിന്റെ  പൗരാണികവും ഗ്രാമ്യവുമായ  അറിവുപയോഗിച്ച് എങ്ങനെ നിസ്സാരമായി ഭേദിക്കുന്നു എന്നത്.  

പി. ആർ മാമാങ്കങ്ങൾ 500 കോടി രൂപ ചെലവിട്ടു നടത്തുന്ന ഒരു പ്രതിഛായാ വർദ്ധന 500 രൂപ മൂലധനമില്ലാത്തവൻ രണ്ടീരടി എഴുതി 'കട്ടവനാരെന്റയ്യപ്പ' എന്ന്  പ്രാസത്തിൽ താളം ചവുട്ടിപ്പാടുമ്പോൾ തകരുന്ന വെറും നീർക്കുമിളയാകുന്നു. 500 കോടി രൂപയെ നിഷ്പ്രയാസം എറിഞ്ഞിടുന്ന 500 രൂപക്കാരന്റെ  താളം പിടിച്ചുള്ള പാട്ടാണ്  ജനാധിപത്യത്തിന്റെ യഥാർത്ഥ  മകുടിയൂതൽ. രാഷ്ട്രീയലോകത്തിലെ  പൊതു  ജനാഭിപ്രായം എന്ന ഈശ്വരൻ  ഇക്കുറി കേട്ടത് ശതകോടികളുടെ   ഓർക്കസ്‌ട്രേഷനല്ല; ഏച്ചുകെട്ടിയ ഒരു നാടൻ പാട്ടിനെയാണ്. ഭരണാധികാരികൾ എപ്പോഴും പേടിക്കേണ്ടതും സാധാരണക്കാരന്റെ നാവിനെയും  ഭാവനയുമാണ്, കരുതേണ്ടതും.  അതാണല്ലോ രാമകഥ പട്ടാഭിഷേകശേഷം നമ്മളെ പഠിപ്പിക്കുന്നത്. 

സ്റ്റേറ്റാകെ ഉത്സാഹിക്കുന്ന വലിയ വികസനത്തിന്റെ തിരക്കഥയെ രണ്ടീരടി നാടൻ പാട്ട് എറിഞ്ഞിടുന്ന സൗന്ദര്യമാണ്  ജനാധിപത്യം എന്ന സുകുമാരകല. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ചരിത്ര പ്രസ്ഥാനം  പ്രവാസിയുടെ ആറുവരിക്കു മുന്നിൽ പതറിപ്പോകുന്നത് അധികാരത്തിന്റെ  തണലിൽ അനിവാര്യമായി സംഭവിക്കുന്ന ധാർമ്മിക  ശോഷണം മൂലമാണ്.  
ധർമ്മം പാടേ അസ്തമിച്ചു പോയ രാഷ്ട്രീയം തികഞ്ഞ അശ്ലീലമാണ്. വ്യക്തി  കുടുംബകേന്ദ്രീകൃതം കൂടിയായാൽ അത് ജനാധിപത്യത്തെ വെറും  പഴഞ്ചൻ രാജഭരണമാക്കി മാറ്റും. നമ്മുടെ ഭരണഘടന ഒരു സംസ്ഥാനത്തും രാജ്യത്തും അത് ഉദ്ദേശിക്കുന്നില്ല.   
കവി ഉദ്ദേശിക്കുന്നതരം ഒരു കളിയല്ല ജനായത്തം. അതാണ് 2025  ഒടുക്കം നമുക്കു തോൽവിയിൽ  നിന്നും കിട്ടുന്ന വലിയ അറിവ്!

(അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img