
ദോഹ:പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പുതിയ ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സേവനം ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെയും ഡിജിറ്റൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം.
രക്ഷിതാക്കൾക്ക് പ്രവേശന നടപടികൾ ലളിതമാക്കാനും കൂടുതൽ സുതാര്യത ഉറപ്പാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. അംഗീകൃത ഭൂമിശാസ്ത്രപരമായ മാനദണ്ഡങ്ങൾ (Geographic criteria) അനുസരിച്ചായിരിക്കും സ്കൂളുകളിൽ പ്രവേശനം നൽകുക.ഓട്ടിസം, ബൗദ്ധിക വൈകല്യങ്ങൾ, കാഴ്ച-ശ്രവണ പരിമിതിയുള്ളവർ, ശാരീരിക വൈകല്യങ്ങൾ, തലച്ചോറിനേറ്റ പരിക്കുകൾ മൂലം പ്രയാസപ്പെടുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ ഫയൽ, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകൾ ലഭിച്ച ശേഷം സ്റ്റുഡന്റ് സപ്പോർട്ട് സർവീസ് സെന്ററുകളിൽ വിദഗ്ധ പരിശോധന നടത്തി കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ വിദ്യാഭ്യാസ സാഹചര്യം ഏതാണെന്ന് തീരുമാനിക്കും.നിലവിൽ ഏഴ് 'അൽ ഹിദായ' സ്‌കൂളുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
നേരത്തെയുള്ള ഇടപെടലുകൾക്കായി പ്രവർത്തിക്കുന്ന റൗദത്ത് അൽ ജിവാൻ സെന്ററിൽ അടുത്ത വർഷം 50 കുട്ടികളെ കൂടി പ്രവേശിപ്പിക്കും.
ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വാരിഫ് അക്കാദമിയിലെ സീറ്റുകളുടെ എണ്ണം 56-ൽ നിന്ന് 90-ലേക്ക് ഉയർത്തും.
നിലവിൽ 99 സർക്കാർ സ്കൂളുകളിലായി 4,000-ലധികം ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.മന്ത്രാലയത്തിന്റെ ഔദ്യോഗിക 'പബ്ലിക് സർവീസസ്' (Public Services) പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ നിലവിലെ സ്ഥിതി ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും. രേഖകളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ രക്ഷിതാക്കളെ എസ്.എം.എസ് വഴി അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ ഉൾക്കൊള്ളുന്നതും (Inclusive) സുസ്ഥിരവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ വിപ്ലവമെന്ന് മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ മോന സലേം അൽ ഫദ്‌ലി വ്യക്തമാക്കി.










