
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന റെനോ ക്വിഡ് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് കാറിന് തീപിടിച്ചത്. ഓട്ടത്തിനിടെ വാഹനത്തിൽ തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും കാറിനുള്ളിലുണ്ടായിരുന്നയാളുടെ ജീവൻ രക്ഷിക്കാനായില്ല.
കെഎൽ 05 എവി 3686 ആണ് കത്തിനശിച്ച കാറിന്റെ നമ്പർ. കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാറിന് തീപിടിക്കാനുണ്ടായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാഹന നമ്പർ സംബന്ധിച്ചോ കാറിലുണ്ടായിരുന്ന വ്യക്തിയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിഴിഞ്ഞം പൊലീസ് സ്റ്റേഷനുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.










