01:46pm 18 October 2026
NEWS
എണ്ണവിലയിൽ വൻ ഇടിവ് പ്രതീക്ഷിക്കാം; ബാരലിന് 80 ഡോളറിലേക്ക് കൂപ്പുകുത്തുമെന്ന പ്രവചനവുമായി ഗോൾഡ്മാൻ സാക്സ്
18/10/2026  10:47 AM IST
nila
എണ്ണവിലയിൽ വൻ ഇടിവ് പ്രതീക്ഷിക്കാം; ബാരലിന് 80 ഡോളറിലേക്ക് കൂപ്പുകുത്തുമെന്ന പ്രവചനവുമായി ഗോൾഡ്മാൻ സാക്സ്

 

ആഗോള എണ്ണവിലയിൽ വരും വർഷം ഗണ്യമായ കുറവുണ്ടാകുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ പുതിയ വിലയിരുത്തൽ. 2027ൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിലേക്ക് താഴുമെന്നാണ് പ്രവചനം. പശ്ചിമേഷ്യയിൽ എണ്ണവിതരണം മെച്ചപ്പെടുന്നതും ആഗോള വിപണിയിലെ ആവശ്യകത കുറയുന്നതും വിലയിടിവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നത് എണ്ണവിലയിൽ വീണ്ടും സമ്മർദമുണ്ടാക്കാനിടയുണ്ട്.

നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 109.69 ഡോളറാണ്. ഡിസംബറോടെ വില 90 ഡോളറിലേക്ക് താഴുമെന്നും 2027ൽ 80 ഡോളറിലെത്തുമെന്നും ഗോൾഡ്മാൻ സാക്സിന്റെ ഓയിൽ റിസർച്ച് വിഭാഗം മേധാവി ഡാൻ സ്ട്രുയ്‌വൻ പറയുന്നു. നേരത്തെ ഡിസംബറിലെ വില 85 ഡോളറായിരിക്കുമെന്നായിരുന്നു സ്ഥാപനത്തിന്റെ കണക്കുകൂട്ടൽ. പുതിയ പ്രവചനത്തിൽ ഈ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്.

എണ്ണവിപണിയിൽ വിതരണക്കുറവ് കുറഞ്ഞുവരുന്നതാണ് വിലയിടിവിന് അനുകൂലമായ പ്രധാന ഘടകം. പശ്ചിമേഷ്യയിൽ നിന്നുള്ള കയറ്റുമതി പുനഃസ്ഥാപിക്കപ്പെടുന്നതും പേർഷ്യൻ ഗൾഫിന് പുറത്തുള്ള ഉൽപ്പാദനം വർധിക്കുന്നതും ആഗോളതലത്തിൽ എണ്ണയുടെ ആവശ്യകത കുറയുന്നതും വിപണിയിലെ സമ്മർദം ലഘൂകരിക്കുന്നു. മാർച്ചിൽ പ്രതിദിനം 72 ലക്ഷം ബാരലായിരുന്ന വിതരണക്കുറവ് സെപ്റ്റംബറിൽ വെറും മൂന്ന് ലക്ഷം ബാരലായി കുറഞ്ഞതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2026ന്റെ അവസാന പാദത്തോടെ എണ്ണവിപണി വിതരണ മിച്ചത്തിലേക്ക് കടക്കുമെന്നും 2027ലും ഈ സാഹചര്യം തുടരുമെന്നുമാണ് ഗോൾഡ്മാൻ സാക്സിന്റെ ഗവേഷകരുടെ വിലയിരുത്തൽ. സെപ്റ്റംബർ അവസാനത്തോടെ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കയറ്റുമതി ഏറെക്കുറെ സാധാരണ നിലയിലായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘർഷം സൃഷ്ടിച്ച പ്രതിസന്ധിയുമായി കയറ്റുമതിക്കാർ പൊരുത്തപ്പെട്ടതും ഗതാഗതശേഷി വർധിപ്പിച്ചതും വിതരണത്തെ സഹായിച്ചു.

എന്നാൽ എണ്ണവില കുറയുമെന്ന പ്രതീക്ഷയ്ക്കിടയിലും അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ നീണ്ടുപോകുകയോ എണ്ണവിതരണ ശൃംഖലയിൽ വീണ്ടും തടസ്സങ്ങളുണ്ടാകുകയോ ചെയ്താൽ വില ഉയർന്നേക്കാം. അതേസമയം, സംസ്കരിച്ച എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ലഭ്യത ക്രമേണ വർധിക്കുമെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img