
ദോഹ: ആകാശത്ത് മിസൈലുകൾ തകർക്കപ്പെടുമ്പോഴുണ്ടാകുന്ന വലിയ ശബ്ദത്തെയും പ്രകമ്പനത്തെയും കുറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ വ്യക്തമാക്കി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് 5
വസ്തുതകൾ മന്ത്രാലയം വിശദീകരിക്കുന്നത്.
1. എന്താണ് ആ വലിയ ശബ്ദത്തിന് പിന്നിൽ?
അസാധാരണമായ വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ (Air Defense Systems) ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തകർക്കുന്നതിനാലാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണിത്.
2. ശബ്ദത്തിനൊപ്പം പ്രകമ്പനം ഉണ്ടാകുന്നത് എന്തുകൊണ്ട്?
ഉയർന്ന ആകാശത്തുവെച്ച് മിസൈലുകൾ പൊട്ടിത്തെറിക്കുമ്പോൾ വലിയ മർദ്ദത്തിലുള്ള തരംഗങ്ങൾ (Pressure waves) ഉണ്ടാകുന്നു. ഇവ കെട്ടിടങ്ങളിലും ജനലുകളിലും തട്ടുമ്പോഴാണ് ഭൂമികുലുക്കം പോലെ നമുക്ക് അനുഭവപ്പെടുന്നത്. ഇത് താഴെ മിസൈൽ പതിച്ചതിന്റെ സൂചനയല്ല, മറിച്ച് ആകാശത്തെ പ്രതിരോധത്തിന്റെ ഫലമാണ്.
3. ശബ്ദം ഇത്ര അടുത്ത് കേൾക്കാൻ കാരണമെന്ത്?
മിസൈലുകൾ തകർക്കപ്പെടുമ്പോൾ ശബ്ദതരംഗങ്ങൾ താഴേക്ക് സഞ്ചരിക്കുന്നു. അന്തരീക്ഷത്തിൽ തടസ്സങ്ങൾ ഇല്ലാത്തതിനാൽ പ്രതിധ്വനി (Echo) വർദ്ധിക്കുകയും ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കുകയും ചെയ്യുന്നു. ഇത് സ്ഫോടനം തൊട്ടടുത്താണെന്ന തോന്നൽ ഉണ്ടാക്കാം.
4. ചില്ലുകൾക്കും ജനലുകൾക്കും അരികിൽ പോകരുത്
മിസൈലുകൾ തകർക്കപ്പെടുമ്പോഴുണ്ടാകുന്ന മർദ്ദതരംഗങ്ങൾ ജനൽ ചില്ലുകൾ തകരാൻ കാരണമായേക്കാം. അതിനാൽ വലിയ ശബ്ദം കേൾക്കുമ്പോൾ ജനലുകൾക്കും തുറസ്സായ സ്ഥലങ്ങൾക്കും അരികിൽ നിൽക്കാതെ കെട്ടിടത്തിനുള്ളിൽ സുരക്ഷിതമായി തുടരുക.
5. ലോഹാവശിഷ്ടങ്ങൾ (Shrapnel) അപകടകാരിയാണ്
ആകാശത്തുവെച്ച് തകർക്കപ്പെടുന്ന മിസൈലുകളുടെ കഷ്ണങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. ഇവ അതീവ അപകടകാരിയും മാരകവുമാണ്. ഇത്തരം അവശിഷ്ടങ്ങൾ കാണാനിടയായാൽ ഒരിക്കലും അവയ്ക്ക് അരികിൽ പോകാനോ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ മുതിരരുത്.











