
കൊച്ചി: കേരളം മതാധിപത്യത്തിലാണെന്നും മതപണ്ഡിതർ ഭരണത്തിൽ അനാവശ്യമായി ഇടപെടുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. യോഗം സാരഥ്യത്തിൽ 30 വർഷം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ച് കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെറിഞ്ഞാലും സാമൂഹ്യനീതിക്കായി താൻ പറയാനുള്ളത് പറയും," വെള്ളാപ്പള്ളി വ്യക്തമാക്കി. സർക്കാർ നടപ്പാക്കുന്ന പല പരിഷ്കാരങ്ങളിലും കാന്തപുരം ഉൾപ്പെടെയുള്ള മുസ്ലിം മതപണ്ഡിതർ ഇടപെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സൂംബ ഡാൻസിൻ്റെ കാര്യത്തിലും സ്കൂൾ സമയം മാറ്റുന്നതിലും മതത്തിൻ്റെ പേരിൽ ഇവർ വെല്ലുവിളികൾ നടത്തിയെന്നും പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ജാതിക്കോമരമാണെന്ന് തന്നെ വിശേഷിപ്പിക്കുന്നവർ 24 മണിക്കൂറും ജാതിക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നും ഒരു മതത്തിനും താൻ എതിരല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കേരളത്തിൽ സംഘടിത ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് എസ്.എൻ.ഡി.പി യോഗത്തിന് ഒരു സ്കൂൾ പോലുമില്ലെന്ന് പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഹീനമായ ആക്രമണമാണ് അഴിച്ചുവിട്ടതെന്നും അദ്ദേഹം പരാതിപ്പെട്ടു. "നമ്മൾ പറയുന്നത് ജാതിയും മറ്റുള്ളവർ പറയുന്നത് നീതിയുമായി," വെള്ളാപ്പള്ളി പറഞ്ഞു. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ പറയുമ്പോൾ തൻ്റെ കോലം കത്തിക്കുമെന്നും തന്നെ ജീവനോടെ കത്തിച്ചാലും ഇനി പിന്നോട്ടില്ലെന്നും അതിന് മരിക്കാനും ഭയമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിമർശനങ്ങളെ ഭയന്ന് ഒളിച്ചോടാൻ താൻ തയ്യാറല്ലെന്നും മുട്ടാളന്മാരുടെ മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംസ്ഥാനത്തെ ഭവനരഹിതരിൽ ബഹുഭൂരിപക്ഷവും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണെന്നും തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇവർക്ക് മുൻതൂക്കമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ജാതി സെൻസസും സാമൂഹിക, സാമ്പത്തിക സർവേയും നടത്തണമെന്ന് പറയുമ്പോഴും തന്നെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല: വെള്ളാപ്പള്ളി
പിണറായി വിജയനു ശേഷം നൂറ് വർഷത്തേക്കെങ്കിലും കേരളത്തിൽ ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും ഒരു പാർട്ടിയും ഇനി ഈഴവനെ മുഖ്യമന്ത്രിയാക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. ആർ. ശങ്കറും സി. കേശവനും വി.എസ്. അച്യുതാനന്ദനും കെ.ആർ. ഗൗരിയമ്മയും ഈഴവരായതിൻ്റെ പേരിൽ ആക്ഷേപിക്കപ്പെട്ടവരാണെന്നും കോൺഗ്രസ്സിൽ അഞ്ചെട്ടു പേരാണ് ഇപ്പോൾ മുഖ്യമന്ത്രിയാകാൻ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.











