
രാജ്യത്തിനു പുറത്തേക്ക് പൗരന്മാർ അല്ലാത്തവർ അയയ്ക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതി ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു ഏതാണ്ട് 45 ലക്ഷം ഇന്ത്യക്കാർ അമേരിക്കയിലുണ്ട്. 2023-24 സാമ്പത്തിക വർഷം മാത്രം 27.4 ലക്ഷം കോടി രൂപയാണ് അമേരിക്കയിൽ നിന്നും ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത്. ‘ദ് വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് പേരിട്ടിരിക്കുന്ന ബില്ല് നിയമമായാൽ ഈ പണത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനത്തിന്റെ കുറവ് വരും. അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ സമ്പാദ്യം ഇന്ത്യയിലേക്കെത്തുമ്പോഴും ആ കുറവുണ്ടാകും.
തങ്ങളുടെ രാജ്യത്തെ സമ്പത്ത് പരമാവധി അവിടെ തന്നെ ചിലവഴിക്കാനുള്ള ട്രംപിന്റെ നീക്കമാണ് പുതിയ ബില്ലിന് പിന്നിലുള്ളത്. മറ്റു രാജ്യങ്ങളിലേക്ക് അമേരിക്കയിൽ നിന്നും സമ്പത്ത് ഒഴുകുന്നത് തടയാനും ട്രംപ് ലക്ഷ്യമിടുന്നുണ്ട്.
അഞ്ചു ശതമാനം അധിക നികുതി നൽകിയാൽ പ്രവാസികൾക്ക് തിരിച്ചടിയാകുമോ?
ഗ്രീൻ കാർഡ് ഹോൾഡേഴ്സും എച്ച് - 1ബി, എൽ–1 പോലുള്ള വീസയിൽ ജോലി ചെയ്യുന്നവരും ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്ക് അയക്കുന്ന ചെറിയ തുകയ്ക്ക് പോലും അഞ്ചു ശതമാനം നികുതി ചുമത്തും. പണം അയയ്ക്കുമ്പോൾ തന്നെ ട്രാൻസ്ഫർ ചെയ്യുന്ന ബാങ്കോ കറൻസി എക്സ്ചേഞ്ച് ഹൗസോ ഈ നികുതിപ്പണം അയയ്ക്കുന്ന ആളിൽ നിന്ന് ഈടാക്കുന്ന രീതിയാകും നടപ്പാക്കുക. നിലവിൽ അമേരിക്കയിൽ നൽകുന്ന നികുതികൾക്ക് പുറമേയാണ് പ്രവാസികൾ ഈ തുക നൽകേണ്ടി വരിക.
അമേരിക്കയിലെ പ്രവാസികളിൽ ഭൂരിപക്ഷവും ഇന്ത്യയിലേക്ക് അയക്കുന്ന പണം തങ്ങളുടെ കുടുംബത്തിന്റെ ചിലവുകൾക്കും ഭാവിയിലേക്കുള്ള സമ്പാദ്യങ്ങൾക്കുമായാണ്. സമ്പാദിക്കാനുള്ള പണം ഇനി അമേരിക്കയിൽ സമ്പാദിക്കാം എന്നു കരുതിയാൽ അത് വലിയ അബദ്ധമാകും. കാരണം, ഇന്ത്യയിൽ ദീർഘകാല നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശയാണ് ബാങ്കുകൾ നൽകുന്നത്. എട്ടു ശതമാനം മുതൽ പത്തും പന്ത്രണ്ടും ശതമാനം വരെ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികൾ ഇന്ത്യയിലുണ്ട്. അതേസമയം, അമേരിക്കയിൽ നിക്ഷേപങ്ങൾക്ക് ഇത്രയേറെ പലിശ ലഭിക്കില്ല. അതിനാൽ തന്നെ അഞ്ചു ശതമാനം അധിക നികുതി നൽകി ഇന്ത്യയിൽ പണം നിക്ഷേപിക്കുന്ന അമേരിക്കയിലെ പ്രവാസികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നഷ്ടം സംഭവിക്കില്ല.
ഇന്ത്യക്ക് തിരിച്ചടിയാകുമോ?
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ട്രംപിന്റെ പുതിയ നയം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ‘ദ് വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന ട്രംപിന്റെ ബിൽ പാസായാൽ 2023-24 സാമ്പത്തിക വർഷം അമേരിക്കയിലെ ഇന്ത്യക്കാർ ഇന്ത്യയിലേക്കയച്ച 27.4 ലക്ഷം കോടി രൂപയിൽ 13,688 കോടി രൂപയുടെ കുറവുണ്ടാകും. ഇത്രയും പണമാണ് അഞ്ചു ശതമാനം അധിക നികുതിയായി നൽകേണ്ടി വരിക. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഇത് വലിയൊരു തുകയല്ല എന്നുതന്നെ പറയാം.
ഇന്ത്യക്ക് ആശ്വാസകരമാകുന്ന ഏറ്റവും പ്രദാന ഘടകം മറ്റൊന്നാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് മാത്രമാണ് അഞ്ചു ശതമാനം അധിക നികുതി നൽകേണ്ടി വരുന്നത്. അമേരിക്കക്കാർക്ക് ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന് ഈ നികുതി ബാധകമല്ല. ഇന്ത്യൻ കമ്പനികളിൽ അമേരിക്കക്കാർക്ക് നിക്ഷേപിക്കാൻ മറ്റു തടസ്സങ്ങളൊന്നുമില്ല എന്നതിനാൽ തന്നെ ഇന്ത്യയിലേക്കെത്തുന്ന വിദേശ നാണ്യത്തിന്റെ(വിദേശ നിക്ഷേപത്തിന്റെ) അളവിൽ വലിയ കുറവൊന്നും സംഭവിക്കില്ല.











