
റിയാദ്: സൗദി അറേബ്യയിൽ നിലവിൽ എബോളയോ ഹന്താവൈറസോ (Hantavirus) സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്ത കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി (Weqaya) അറിയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടികൾ കർശനമാക്കിയതായും അതോറിറ്റി വ്യക്തമാക്കി.
ആഗോള ആരോഗ്യ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളിൽ (എയർപോർട്ടുകൾ, തുറമുഖങ്ങൾ, അതിർത്തികൾ) പ്രതിരോധ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഇതിനകം ശക്തമാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള പകർച്ചവ്യാധി ഭീഷണികളെയും നേരിടാൻ സൗദിയിലെ പകർച്ചവ്യാധി നിരീക്ഷണ സംവിധാനം (Epidemiological Surveillance System) പൂർണ്ണ സജ്ജമാണ്.
തീർത്ഥാടകരുടെയും സ്വദേശികളുടെയും വിദേശി താമസക്കാരുടെയും ആരോഗ്യസ്ഥിതി പൂർണ്ണ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ പ്രാദേശിക-അന്തർദേശീയ ആരോഗ്യ സുരക്ഷാ സാഹചര്യങ്ങൾ അതോറിറ്റി ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. ഇതിനായി ആഭ്യന്തര-അന്തർദേശീയ തലങ്ങളിലെ ബന്ധപ്പെട്ട വിവിധ ആരോഗ്യ ഏജൻസികളുമായി ചേർന്ന് പൂർണ്ണ ഏകോപനത്തോടെയാണ് സൗദി ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്നത്.










