01:50am 02 May 2026
NEWS
കർണാടകത്തിൽ ജാതി സെൻസസ് റിപ്പോർട്ട് നടപ്പിലാക്കൽ മന്ത്രിസഭയിൽ സമവായമായില്ല
10/05/2025  01:48 PM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിൽ ജാതി സെൻസസ് റിപ്പോർട്ട് നടപ്പിലാക്കൽ മന്ത്രിസഭയിൽ സമവായമായില്ല

ബംഗളുരു: ദേശീയതലത്തിൽ ജാതി സെൻസസ് നടത്താൻ കേന്ദ്രം തീരുമാനിച്ചതും അതിനിടയിലുണ്ടായ പാക്ക് ആക്രമണവും കാരണം ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ച് നടപ്പിലാക്കുന്നതിലൂടെ നേടാമെന്ന് കരുതിയിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കാതെ ഉഴലുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യതവണ മുഖ്യമന്ത്രിയായിരിക്കെ 2015 ലാണ് സിദ്ധരാമയ്യ ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടത്. എന്നാൽ രണ്ടാം തവണ മുഖ്യമന്ത്രിയായതിൽ പിന്നെ ഇക്കൊല്ലമാണ് അദ്ദേഹം റിപ്പോർട്ട് ഏറ്റുവാങ്ങിയത്. കോൺഗ്രസ്സിനകത്ത് ഒബിസി-ന്യുനപക്ഷ-ദളിത്‌ കൂട്ടായ്മയായ അഹിന്ദയുടെ നേതാവാണ് സിദ്ധരാമയ്യ. ആ വിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവുമാണ് വ്യക്തിപരമായ രാഷ്ട്രീയനേട്ടം മുന്നിൽ കണ്ടുകൊണ്ട് സിദ്ധരാമയ്യ ലക്ഷ്യമിടുന്നത്. കരുത്തനായ ഡി കെ ശിവകുമാർ നിഷ്പ്രഭനായിപ്പോകുന്നതും മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങൾ പാളിപ്പോകുന്നതും അഹിന്ദയെ മുൻനിർത്തി സിദ്ധരാമയ്യ അതിസമർത്ഥമായി കരുനീക്കം നടത്തുന്നതിനാലാണ്. അക്കാര്യത്തിൽ സിദ്ധരാമയ്യയുടെ വജ്രായുധമാണ് ജാതി സെൻസസ് റിപ്പോർട്ട്. സിദ്ധരാമയ്യ മുറുകെ പിടിക്കുന്ന ജാതി സെൻസസ് റിപ്പോർട്ടിന്റെ അന്തസത്ത അഹിന്ദയുടെ ക്ഷേമവും ഉന്നമനവുമാണ്. വ്യക്തിപരമായ രാഷ്ട്രീയനേട്ടം മുന്നിൽ കണ്ടുകൊണ്ടാണ് സിദ്ധരാമയ്യ ജാതി സെൻസസ് റിപ്പോർട്ട് എടുത്തുപയോഗിക്കുന്നത്.വൊക്കലിഗ, ലിങ്കായത്ത് എന്നീ പ്രബലസമുദായങ്ങൾ റിപ്പോർട്ടിനെ നഖശിഖാന്തം എതിർക്കുകയാണ്. റിപ്പോർട്ട് വസ്തുതാപരമല്ലെന്ന അവരുടെ വാദം കുറെയൊക്കെ ശരിയുമാണ്. സംസ്ഥാന ജനസംഖ്യയുടെ എഴുപത് ശതമാനം ഒബിസി വിഭാഗമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. നിലവിൽ ഒബിസിയ്ക്കുള്ള 32 ശതമാനം സംവരണം 51 ശതമാനമാക്കി ഉയർത്തണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. ഇന്നലെത്തെ മന്ത്രിസഭായോഗത്തിലും റിപ്പോർട്ട് മുഴുവനായോ ഭാഗികമായോ അംഗീകരിക്കുന്നതിൽ തീരുമാനമെടുക്കാനായില്ല. എല്ലാ മന്ത്രിമാരും അഭിപ്രായ നിർദേശങ്ങൾ രേഖാമൂലം അറിയിക്കണമെന്ന് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പതിനൊന്ന് മന്ത്രിമാർ മാത്രമെ അഭിപ്രായം രേഖാമൂലം അറിയിച്ചുള്ളൂ. അതുകൊണ്ടുതന്നെ ഇന്നലെത്തെ മന്ത്രിസഭായോഗത്തിൽ റിപ്പോർട്ടിനെ പറ്റി കാര്യമായ ചർച്ച നടന്നില്ല. എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും പഴയ ആവേശം കാണാനില്ല. കാരണം യുദ്ധഭീതിയും ജാതി സെൻസസ് സർവ്വേ നടത്തും എന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനവും തന്നെ." റിപ്പോർട്ട് ഞങ്ങൾ ചർച്ച ചെയ്തു. പിന്നോക്ക വിഭാഗക്ഷേമ മന്ത്രി ശിവരാജ് തങ്ങഡഗി കുറെയേറെ വിവരങ്ങൾ മുഖ്യമന്ത്രിയ്ക്ക് നൽകിയിട്ടുണ്ട്. പലതിലും വ്യക്തത വരാനുണ്ട്. അതിനാൽ ചർച്ച അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് " നിയമ പാർലമെന്ററി കാര്യമന്ത്രി എച്ച് കെ പാട്ടിൽ പറഞ്ഞു. ലിങ്കായത്തുകാരനായ പാട്ടീൽ റിപ്പോർട്ടിനെ എതിർക്കുന്ന ആളാണ്. മാറിയ സാഹചര്യത്തിൽ സിദ്ധരാമയ്യ താല്പര്യപ്പെടുമ്പോലെ കാര്യങ്ങൾ നടക്കാൻ സാധ്യത കുറവാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img