04:19am 17 September 2026
NEWS
നിമിഷപ്രിയാ കേസ്സും കേരളീയ സമൂഹവും: മലയാളിരോദനം വിപരീതഫലം ഉളവാക്കുമെന്ന് ആശങ്ക
08/08/2025  06:29 PM IST
നെല്ലിക്കുത്ത് ഹനീഫ
നിമിഷപ്രിയാ കേസ്സും കേരളീയ സമൂഹവും: മലയാളിരോദനം വിപരീതഫലം ഉളവാക്കുമെന്ന് ആശങ്ക

യമനിൽ നടന്ന ഒരു കൊലക്കേസ്സിന്റെ വിധിയുമായി ബന്ധപ്പെട്ട ചർച്ചകളാണിപ്പോൾ കേരളത്തിലെങ്ങും നടക്കുന്നത്. ഭാവനാ സമ്പന്നമായ വാർത്തകളും, അതിന്റെ അവലോകനങ്ങളും മലയാള മാധ്യമങ്ങളെ കൊഴുപ്പിച്ചിട്ടുണ്ട്. അനുകൂലികളും, പ്രതികൂലികളും, അഭിപ്രായത്തൊഴിലാളികളും, കാഴ്ചക്കാരും ധാരാളം. എല്ലാവരും ചേർന്ന് ആകാവുന്നത്ര കാടിളക്കി മദോൻമത്തമാരാവുകയാണ്. 'മലയാളി പൊളി'യാണെന്ന് ആരോ പറഞ്ഞത് വെറുതെയല്ല എന്ന് തോന്നിപ്പോകും. ഇത് എവിടെ ചെന്നെത്തും എന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഏതൊരു രാജ്യത്തിന്റേയും നീതിന്യായ വ്യവസ്ഥയിൽ ഇരയ്ക്കും പ്രതിക്കും നിയമത്തിന്റെ ആനുകൂല്യങ്ങളും, അവസരങ്ങളും നൽകുന്നുണ്ട്.

തലാൽ അബ്ദുൽ മഹ്ദി എന്ന യമൻ പൗരൻ കൊല്ലപ്പെട്ട കേസ്സിലെ ഒന്നാം പ്രതി നിമിഷപ്രിയ എന്ന പാലക്കാട് സ്വദേശിയായ 39-കാരിയുടെ വധ ശിക്ഷ ജൂലൈ 16-ന് നടപ്പാക്കാനായിരുന്നു കോടതി ഉത്തരവ്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി സന്ധി ചെയ്ത് ദയാധനം നൽകി നിമിഷപ്രിയയുടെ വധശിക്ഷ ഇല്ലാതാക്കാനുള്ള സാധ്യതയിലേക്കാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ഒരുവേള ശ്രമം നടത്തിയത്. അതും പ്രത്യേക സാഹചര്യത്തിൽ. ഒരുപരിധി വരെ അത് ഫലം കാണുകയും ചെയ്തു. ജൂലൈ 16-ന് നടത്താൻ തീരുമാനിച്ച നിമിഷപ്രിയയുടെ വധശിക്ഷ യമൻ അധിതൃതർ താത്ക്കാലികമായി നീട്ടി വെച്ചു. ഇതോടെ വിഷയത്തിന് വ്യാഖ്യാനങ്ങളും, ചമയങ്ങളും, അവകാശികളും ഏറെ ഉണ്ടായിരിക്കുകയാണ്.

മലയാള മാധ്യമങ്ങൾ, കുരുടൻമാർ ആനയെ കണ്ട രീതിയിലാണ് റിപ്പോർട്ട് ചെയ്തത്. നിമിഷപ്രിയ പൂർണ്ണമായും നിരപരാധിയാണെന്ന് ഒരുതരം. 'ആറാം നൂറ്റാണ്ടിലെ കാടൻനിയമത്തിന്' ഒരു മലയാളി യുവതിയെ ഇരയാക്കാൻ വിട്ട് കൊടുക്കരുതെന്ന് ഒരു തരം. കൊല്ലപ്പെട്ട യമൻ പൗരന്റെ ലൈംഗികമായ ക്രൂരമായ പീഡനം സഹിക്ക വയ്യാതെയാണ് നിമിഷപ്രിയ കൊല നടത്തിയതെന്ന് മറ്റൊരു വാദം. നിമിഷ പ്രിയ അല്ല കൊല നടത്തിയതെന്നും, കൂട്ടു പ്രതിയായ യമൻ യുവതിയാണ് പ്രധാന കുറ്റവാളിയെന്നും വേറെ ഒരു വാദം. ഈ തരത്തിൽ ചാനൽ ചർച്ചകൾ. അവലോകനങ്ങൾ. ചുരുക്കത്തിൽ മാധ്യമങ്ങൾ ഇപ്രകാരം ആഘോഷം നടത്തിയ കാരണം, നിമിഷപ്രിയയുടെ ജീവൻ ഇന്ന് മലയാള മാധ്യമങ്ങളുടെ കയ്യിലാണെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയിലാണ്. മുൻകാല അനുഭവസാക്ഷ്യം വിലയിരുത്തുമ്പോൾ, തീർത്തും ആശങ്കാജനകമാവുകയാണ് നടപ്പു കാര്യങ്ങൾ. സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തിന് വധശിക്ഷ വിധിച്ച വയനാട് സ്വദേശിയായ അഷ്‌റഫ് എന്ന യുവാവിന്റെ വിഷയത്തിൽ, 2002-ൽ പാണക്കാട് ശിഹാബ് തങ്ങളെ സമീപിച്ച ബന്ധുക്കളോട് അനുഭാവപൂർവ്വം ശ്രമിയ്ക്കാമെന്ന് അദ്ദേഹം വാക്ക് നൽകിയിരുന്നു. പിറ്റേദിവസം പാർട്ടിപ്പത്രത്തിൽ വെണ്ടക്കാ അക്ഷരത്തിൽ വാർത്ത വന്നു. ''ശിഹാബ് തങ്ങൾ ഇടപെട്ടു. അഷ്‌റഫിന് കൊലവാളിൽ നിന്ന് മോചനം'' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. രണ്ട് ദിവസത്തിനകം സൗദിയിൽ അഷ്‌റഫിന്റെ 'ഗളഛേദവും' നടന്നു.

ഗൾഫിൽ ശിക്ഷിക്കപ്പെടുന്ന മലയാളികൾ

കൊലപാതകം, മയക്കുമരുന്ന് കടത്ത്, ബലാൽസംഗം, കവർച്ച എന്നിങ്ങനെയുള്ള കേസ്സുകളിൽ പ്രതിയായ മലപ്പുറം ജില്ലയിൽ നിന്ന് ഉൾപ്പെടെയുള്ള എത്രയോ മലയാളികൾ ഗൾഫിൽ പല ഘട്ടങ്ങളിലായി വധശിക്ഷയ്ക്ക് വിധേയമായിട്ടുണ്ട്. 90-കളിൽ മയക്കു മരുന്ന് കടത്ത് കേസ്സുകളിൽ ഉൾപ്പെട്ട മലപ്പുറത്തെ 16 യുവാക്കളെ സൗദിയിൽ 'ഗളഛേദം' നടത്തിയ സചിത്ര വാർത്ത 'കേരളശബ്ദം' പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. 2025-ൽ എത്തിനിൽക്കുമ്പോൾ, നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലായി 6,000-ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിൽ നൂറ് കണക്കിന് മലയാളികളുമുണ്ട്. ഗൾഫ് നാടുകളിൽ ചിലയിടത്ത് നിലനിൽക്കുന്ന 'ശരീഅത്ത് നിയമ'ത്തെ പഴിചാരിയാണ് കുറ്റവാളികളെല്ലാം നിരപാരാധികളാണെന്ന ഭാഷ്യം പലരും, ചമയ്ക്കുന്നത്. എന്നാൽ പ്രതികളുടെ മൊഴിയും, തൊണ്ടി പരിശോധനകളും ഉൾപ്പെടെ വ്യക്തമായ മാനദണ്ഡങ്ങൾ അവലംബിച്ചും, സാക്ഷി മൊഴികളും, ശാസ്ത്രീയമായ തെളിവുകളും അടിസ്ഥാനപ്പെടുത്തിയുമാണ് ശരീഅത്ത് നിയമത്തിൽ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുക. കൊലപാതകക്കേസ്സുകളിൽ ഇരയുടെ ആശ്രിതർക്ക്, കുറ്റവാളി ദയാധനം നൽകാൻ ഒരുക്കമാണെങ്കിൽ വധശിക്ഷയിൽ ഇളവ് നൽകുമെന്ന് മാത്രം. എന്നിരുന്നാലും, കുറ്റവാളി കോടതി നിഷ്‌ക്കർഷിക്കുന്നത്ര കാലയളവ് തടവുശിക്ഷ അനുഭവിക്കേണ്ടാതായും വരും. തലാൽ മഹ്ദി വധക്കേസ്സ് യമനിലെ നിയമവഴിയിലൂടേയാണ് മുന്നാട്ട് നീങ്ങുന്നത്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വധശിക്ഷ നിർത്തി വെച്ചതായാണ് ഇപ്പോഴത്തെ ഉത്തരവ്. എന്നാൽ കേസ്സ് ഇനിയെന്ന് പരിഗണിക്കും എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ല.  

കാന്തപുരത്തിന്റെ ഇടപെടൽ

നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി 'നിമിഷപ്രിയ ആക്ഷൻ കൗൺസിൽ' രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും, കേസ്സിൽ കാര്യമായ ചലനങ്ങളുണ്ടാക്കാനോ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാനോ ആക്ഷൻ കൗൺസിലിന് കഴിഞ്ഞിരുന്നുമില്ല. നിലവിൽ യമനിൽ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നില്ല. യമന് പുറത്ത് 'ജിബൂട്ടി' യിലാണ് എംബസ്സിയുള്ളത്. നിമിഷയുടെ കേസ്സ് സംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതും, ഇടപെടുന്നതും അവരാണ്. ഔദ്യോഗിക ഭരണ സംവിധാനത്തിന്റെ കീഴിൽ അല്ലാത്ത പ്രദേശമായതിനാൽ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ബന്ധപ്പെടുക ദുഷ്‌ക്കരവുമാണ്. ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഈ കുടുംബം. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാകണമെങ്കിൽ, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ബ്ലഡ്മണി സ്വീകരിച്ച് പ്രതിയ്ക്ക് മാപ്പ് നൽകാൻ തയ്യാറാകണം. ഇവരുമായി മധ്യസ്ഥ ചർച്ചയ്ക്കുള്ള വഴി കണ്ടെത്തലാണ് നിമിഷപ്രിയ കേസ്സിൽ അനിവാര്യമായിട്ടുള്ളതും. ഇതിനായി നിമിഷപ്രിയയുടെ മാതാവ് പ്രേംകുമാരി യമനിൽ പോയെങ്കിലും അത് ഫലം കണ്ടതുമില്ല.

നിമിഷപ്രിയയെ കൊലവാളിൽ നിന്ന് രക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 'നിമിഷപ്രിയ ആക്ഷൻ കൗൺസിൽ' ദില്ലി ഹൈക്കോടതിയിൽ നേരത്തെ ഒരു റിട്ട് ഫയൽ ചെയ്‌തെങ്കിലും, യമൻ പ്രസിഡണ്ടിന് മാത്രമേ കുറ്റവാളികൾക്ക് മാപ്പ് നൽകാൻ കഴിയൂ എന്നും, ഇക്കാര്യത്തിൽ നയതന്ത്ര ഇടപെടൽ നടത്താനാകില്ലെന്നും സർക്കാർ അഭിഭാഷകൻ അനുരാഗ് അലുവാലിയ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നിമിഷയുടെ മോചനത്തിനായി ആകാവുന്ന ഇടപെടലുകൾ നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. യമനുമായി നയതന്ത്ര ചർച്ച നടത്താൻ കേന്ദ്ര സർക്കാറിനുള്ള പരിമിതിയാണ് ആക്ഷൻകൗൺസിൽ നിസ്സഹായരാകാൻ കാരണം. ഇതിനിടെ, ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കിടയിൽ ഭിന്നതയും രൂപപ്പെട്ടു. ആക്ഷൻ കൗൺസിൽ പ്രധാനിയായ അഡ്വ. സാമുവൽ ജെറോം കൈപ്പറ്റിയ 40,000 ഡോളർ  എന്ത് ചെയ്തുവെന്ന് വ്യക്തമാക്കാത്തതിനെ തുടർന്നായിരുന്നു ഈ ഭിന്നിപ്പ്. ഇറാനുമായി ബന്ധപ്പെട്ട് ശ്രമം നടത്താമെന്നായിരുന്നു മറ്റൊരു മാർഗ്ഗം. എന്നാൽ കഴിഞ്ഞ യുദ്ധത്തോട് കൂടി ഇറാനും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധവും ഇല്ലാതായത് അതിനും തടസ്സമായി.
 
തീർത്തും അപ്രതീക്ഷിതമായാണ് നിമിഷയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കുന്നതിനായി യമൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിൽ, നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ആണ് വിഷയത്തിൽ ഇടപെടണം എന്ന ആവശ്യവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരെ സമീപിക്കുന്നത്. അതും പ്രകാരമാണ് കാന്തപുരത്തിന്റെ ഇടപെടലുണ്ടായത്. അദ്ദേഹം യമനിലെ സൂഫിവര്യനും, പ്രമുഖ സൂഫി പണ്ഡിതനുമായ സെയ്ദ് ഉമർ ഹാഫിസ് എന്ന പ്രമുഖനുമായി ബന്ധപ്പെടുകയും, തുടർന്ന് വധശിക്ഷ അടിയന്തിരമായി യമൻ സർക്കാർ നീട്ടിവയ്ക്കുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി നടത്താനിരിക്കുന്ന ചർച്ചയിൽ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നതായിരുന്നു കാന്തപുരം ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച് കൊണ്ടാണ് യമൻ സർക്കാർ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതും. ഇതോടെ മാധ്യമങ്ങളിലും, ഓൺലൈൻ ചാനലുകളിലും പല തരത്തിലുള്ള വാർത്തകളും, സോഷ്യൽ മീഡിയായിലൂടെ വിവിധതരം കുറിപ്പുകളും പുറത്ത് വന്നു. അതിനെല്ലാം തന്നെ വിപരീതഫലം ഉണ്ടാകുന്ന അവസ്ഥയിലാണിപ്പോൾ കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്.

ബി.ബി.സി അറബിക് 

നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നതിനിടെ, ഓൺലൈൻ മാധ്യമങ്ങൾ വഴിയും, സോഷ്യൽ മീഡിയാ വഴിയും രൂപപ്പെട്ട വിവാദകുറിപ്പുകളും മറ്റും കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തെ അത്യന്തം പ്രകോപിതരാക്കിയിരിക്കുകയാണ്. നിമിഷപ്രിയയുടെ വധശിക്ഷ താത്ക്കാലികമായി നീട്ടി വെച്ച ഉത്തരവ് പുറത്ത് വന്നതോടെ. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം സ്വീകരിച്ച് നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ തയ്യാറായതായി സോഷ്യൽ മീഡിയാ വഴി വ്യാപകമായി പ്രചരിച്ചു. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഒടുവിൽ ബി.ബി.സി അറബിക്കിന് നൽകിയ അഭിമുഖത്തിൽ പല കാര്യങ്ങളും വെട്ടിത്തുറന്ന് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട തന്റെ സഹോദരനെ കുറ്റവാളിയായി ചിത്രീകരിച്ചാണ് ഇന്ത്യൻ മാധ്യമങ്ങൾ വാർത്ത നൽകുന്നത്. സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിൽ വിഷമമുണ്ട്. നിഷപ്രിയയുടെ വധശിക്ഷ മാറ്റി വെച്ചതായി കുടുംബം യഥാസമയം അറിഞ്ഞിരുന്നില്ല. അക്കാര്യം അന്വേഷിച്ച് അറ്റോർണി ജനറലിന് കുടുംബം സന്ദേശം അയച്ചിരുന്നു. സമയം എത്ര വൈകിയാലും പ്രതിയുടെ വധശിക്ഷ നടപ്പാക്കുക തന്നെ ചെയ്യുമെന്നും, ഏതുതരം അനുരഞ്ജന ശ്രമങ്ങളോടും ഞങ്ങൾ പൂർണ്ണമായും വിയോജിക്കുകയാണെന്നും ഫത്താഹ് മഹ്ദി ബി.ബി.സി അറബിക്കിലൂടെ വ്യക്തമാക്കി. പ്രതി ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി, കുറ്റവാളിയെ ഇരയായി ചിത്രീകരിച്ചും സത്യത്തെ വളച്ചൊടിക്കുകയുമാണ് ഇന്ത്യൻ മാധ്യമങ്ങൾ. എന്ത് കാരണത്തിന്റെ പേരിലായാലും സഹോദരന്റെ കൊലപാതകത്തെ ന്യായീകരിക്കാനാകില്ല. മൃതദേഹം അനേകം കഷണങ്ങളാക്കി ചിതറിയിടുകയാണ് ചെയ്തത്. 

ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. ഞങ്ങൾക്ക് 'ക്വിസാസ്' (നീതി) ലഭ്യമാക്കണം. അല്ലാതെ മറ്റൊന്നും വേണ്ട. ഇപ്പോഴത്തെ സാഹചര്യം സമയത്തിന്റെ മാത്രം കാര്യമാണ്. കാലതാമസം ഈ കേസ്സിനെ ഇല്ലാതാക്കില്ല. സഹോദരന്റെ രക്തത്തിന്റെ പണം വാങ്ങാൻ ഞങ്ങൾക്ക് കഴിയില്ല. എത്ര സമയമെടുത്താലും ശിക്ഷ നടപ്പാക്കണം. വർഷങ്ങളായി കാത്തിരുന്ന ആ നിമിഷത്തിനായി അക്ഷമയോടെ കഴിയുകയാണ് ഞങ്ങൾ. സത്യം മരിക്കില്ല. പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നത് വരെ ഞങ്ങൾ ഈ കേസ്സിനെ പിന്തുടരുമെന്നും അദ്ദേഹം തുടർന്നു. ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലും പ്രതികരിച്ചു. ഇതോടെ കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നത ഉടലെടുത്തതായും സോഷ്യൽ മീഡിയാ കണ്ടെത്തി.

അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തകനായ സാമുവൽ ജെറോം, കേസ്സിൽ ഒന്നും ചെയ്തിട്ടില്ലെന്നും അയാൾ അഭിഭാഷകൻ അല്ലെന്നും കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി വ്യക്തമാക്കുന്നു. ബി.ബി.സി അടക്കം വിദേശ മാധ്യമങ്ങളിൽ ഇയാൾ അഭിഭാഷകനായി ചമയുന്നു. അയാൾ മീഡിയ ആക്ടിവിസ്റ്റും, കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയായി പ്രത്യക്ഷപ്പെട്ട വ്യക്തിയുമാണ്. വളരേയേറെ പണം പലരിൽ നിന്നായി അയാൾ സ്വരൂപിച്ചിട്ടുണ്ട്. ശിക്ഷ നടപ്പിലാക്കലിന് പ്രസിഡണ്ട് അംഗീകാരം നൽകിയതിന് ശേഷം സനായിൽ വെച്ച് അയാളെ ഞാൻ കണ്ടപ്പോൾ അയാൾ വളരെ സന്തോഷത്തോടെ അഭിനന്ദനങ്ങൾ എന്നെന്നോട് പറഞ്ഞു. വർഷങ്ങളായി സഹോദരന്റെ രക്തം അയാൾ വ്യാപാരം നടത്തുകയാണെന്നും, അയാളുടെ കള്ളവും വഞ്ചനയും താൻ തെളിയിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തലാലിന്റെ സഹോദരൻ ഫത്താഹ് മഹ്ദി ആരോപിക്കുന്നുണ്ട്. 
 
കേസ്സ് ഇങ്ങനെ

2017-ൽ യമൻ പൗരൻ തലാൽ മഹ്ദിയുടെ ജഡം കൊത്തി നുറുക്കി നിരവധി പോളിത്തീൻ കവറുകളിലാക്കി വാട്ടർടാങ്കിൽ നിന്ന് യമൻ പോലീസ് കണ്ടെടുക്കുന്നിടത്ത് നിന്നാണ് നിമിഷപ്രിയയുടെ കേസ്സിന് തുടക്കമിടുന്നത്. മൂന്നാം ദിവസമാണ് ഇത് കണ്ടെത്തുന്നത്. അതും പരിസരവാസികൾ അസഹ്യമായ നാറ്റം അധികൃതരെ അറിയിച്ചതിനെ തുടർന്നായിരുന്നു പോലീസ് രംഗത്ത് വന്നത്. കേസ്സിൽ ആദ്യം അറസ്റ്റിലായത് ഹനാൻ എന്ന യമൻ യുവതിയാണ്. ഇവർ നൽകിയ മൊഴി പ്രകാരം, മുഖ്യപ്രതിയായ നിമിഷപ്രിയ അന്ന് ഒളിവിലായിരുന്നു. ഊർജ്ജിതമായ പോലീസ് അന്വേഷണത്തിനൊടുവിൽ ഏറെ ദൂരെയുള്ള പ്രദേശമായ 'മാരിഫ്' എന്ന സ്ഥലത്ത് നിന്ന് നിമിഷപ്രിയ അറസ്റ്റിലായി. 'സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തി 110 കഷണങ്ങളാക്കി വെള്ള ടാങ്കിൽ നിക്ഷേപിച്ചു' എന്നാണ് അന്ന് മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. നിമിഷപ്രിയയെ തലാൽ മഹദി ഔദ്യോഗികമായി വിവാഹം ചെയ്ത രേഖകളും മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 

നിമിഷയുടെ സ്‌പോൺസറായ തലാൽമഹ്ദി സൂക്ഷിച്ചിരുന്ന നിമിഷപ്രിയയുടെ പാസ്‌പോർട്ട് തിരിച്ച് നൽകാത്ത കാരണത്താലാണ് അയാളെ വിഷം കുത്തി വെച്ച് വക വരുത്തിയതെന്നാണ് നിമിഷപ്രിയുടെ പ്രാഥമിക മൊഴി. കൊല നടത്തിയതും ജഡം കഷണങ്ങളായി നുറുക്കിയതുമെല്ലാം കുറ്റസമ്മതവും നടത്തി. അതിനെല്ലാം പിന്നിൽ സാമ്പത്തിക ഇടപാടും, ഇരുവരും വിവാഹം ചെയ്ത കര്യങ്ങളും കൂടിക്കുഴഞ്ഞതായും, പോലീസ് കണ്ടെത്തി. നിരവധി തെളിവുകളും പോലീസ് ശേഖരിച്ചു. ബോധപൂർവ്വം കൊലപാതകം നടത്തിയ പ്രതിക്ക് നൽകാവുന്ന പരമാവധി ശിക്ഷയായ വധശിക്ഷ 2020-ൽ നിമിഷപ്രിയയ്ക്ക് കോടതി വിധിച്ചു. ഹനാന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. സാധാരണ ഗതിയിൽ അറബ് രാജ്യങ്ങളിൽ വധശിക്ഷ വിധിച്ചാൽ അധികം കാലതാമസമില്ലാതെ അത് നടപ്പാക്കും. എന്നാൽ യമനിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയും, ഭരണപ്രശ്‌നങ്ങളും കാരണം ഈ വിധി നടപ്പാക്കുന്നത് നീണ്ടുപോയി. ഇക്കഴിഞ്ഞ ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് കോടതി പുറപ്പെടുവിച്ചു. വധശിക്ഷ നടപ്പാക്കുന്നത് കാണുന്നതിന് വേണ്ടി ആളുകൾ എത്തിക്കൊണ്ടിരിക്കെയാണ് സംഭവത്തിൽ ട്വിസ്റ്റുണ്ടാകുന്നത്.
തലാൽ മഹ്ദിയുടെ കൊലപാതകം യമനിൽ പൊതുരോഷം ഉളവാക്കിയിരുന്നു. യമൻ പുരുഷാധിപത്യ സമൂഹമായതിനാൽ, കേസ്സിലെ കുറ്റവാളി സ്ത്രീ ആയതിനാലും കുറ്റകൃത്യം കൂടുതൽ അപലപനീയമായിരുന്നു. വധശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, നിമിഷപ്രിയ യമൻ അപ്പീൽ കോടതിയിൽ ഹരജി സമർപ്പിച്ചുവെങ്കിലും, മൂന്നംഗ ബഞ്ച് പ്രിയയുടെ വധശിക്ഷ ശരി വയ്ക്കുകയാണ് ചെയ്തത്. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദി ലൈംഗിക പീഡനത്തിന് തുനിഞ്ഞപ്പോൾ, ആത്മരക്ഷാർത്ഥമാണ് കൊല നടത്തിയതെന്നായിരുന്നു നിമിഷ അപ്പീൽ ഹരജിയിൽ വ്യക്തമാക്കിയിരുന്നത്. 'സ്ത്രീ' എന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ, വിട്ടയയ്ക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ തെളിവുകളും, വീഡിയോയിൽ ചിത്രീകരിച്ച ആദ്യമൊഴിയുമെല്ലാം കോടതി സസൂക്ഷ്മം പരിശോധനയ്ക്ക് വിധേയമാക്കി. അതെല്ലാം നിമിഷപ്രിയയ്ക്ക് എതിരായിരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവും, പ്രദേശവാസികളും അപ്പീൽ കോടതിയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യമൻ പ്രസിഡണ്ട് ഉൾപ്പെടെ അംഗങ്ങളായ 'സുപ്രീം ജുഡീഷ്യൽ കൗൺസിലിന്' അവസാനത്തെ അപ്പീൽ സമർപ്പിച്ചുവെങ്കിലും, 2023 നവംബറിൽ സൂപ്രീം ജുഡീഷ്യൽ കൗൺസിലും  വധശിക്ഷ ശരി വെച്ചു.

കൂട്ടുകച്ചവടവും കൊലയും

2011-ലാണ് നിമിഷപ്രിയ യമനിലെത്തുന്നത്. സ്വകാര്യ ക്ലിനിക്കിലായിരുന്നു നിമിഷ ജോലി ചെയ്തിരുന്നത്. യമൻ പൗരനും, ലേബർ കോൺട്രാക്ടറുമായ ഒരു സുഹൃത്ത് വഴിയാണ് നിമിഷപ്രിയ ടെക്‌സ്‌റ്റൈൽ ഷോപ്പ്  ഉടമയായ 'തലാൽ അബ്ദുമഹ്ദി' യുമായി പരിചയത്തിലാകുന്നത്. ഈ പരിചയം ഇരുവർക്കുമിടയിൽ ഒരാത്മ ബന്ധമായി വികസിച്ചു. കൃത്യമായ പ്രതിമാസ വേതനത്തിന് ജോലി ചെയ്യുന്നതിന് പകരം, സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങണമെന്ന മോഹം നിമിഷപ്രിയ മഹ്ദിയുമായി പലതവണ ചർച്ച നടത്തി. യമൻ പൗരൻമാർക്ക് മാത്രമേ, അവിടെ സ്ഥാപനങ്ങൾ തുടങ്ങാനാകൂ എന്ന നിയമം കാരണം ക്ലിനിക് തുടങ്ങുന്നതിനായി ആവശ്യമായ സാമ്പത്തികം ഉൾപ്പടെയുള്ള എല്ലാ സഹായങ്ങളും തലാൽ അബ്ദുമഹ്ദി നിറവേറ്റി.  നിമിഷപ്രിയ തന്റെ ഭാര്യയാണെന്നായിരുന്നു സ്ഥാപനത്തിന് ലൈസൻസ് ലഭിക്കാനുള്ള അപേക്ഷയിൽ കാണിച്ചിരുന്നത്. ഇതിനായി അനുബന്ധമായ ചില രേഖകൾ ഇരുവരും ചേർന്ന് സംഘടിപ്പിച്ചിരുന്നു. എല്ലാം ശരിയാക്കിയ ശേഷം, നിമിഷപ്രിയ നാട്ടിൽ പോയപ്പോൾ 2015-ൽ നിമിഷപ്രിയയുടെ കൂടെ തലാൽ അബ്ദുമഹ്ദിയും  കേരളം സന്ദർശിച്ചു. ആലപ്പുഴയിലും, മറ്റ് വിനോദ സഞ്ചാര മേഖലയിലുമാണ് ഇരുവരും ഒരു മാസം ചിലവിട്ടത്.

2015-ൽ യമൻ തലസ്ഥാനമായ സനായിൽ ആയിരുന്നു ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്. തുടക്കം തൊട്ടേ വിജയമായിരുന്നു ക്ലിനിക്. വളരെ വേഗം സാമ്പത്തിക ഉയർച്ചയുമുണ്ടായി. സാമ്പത്തിക നില മെച്ചപ്പെടാൻ തുടങ്ങിയതോടെ, ഇരുവർക്കുമിടയിൽ അസ്വാരസ്യവും ഉടലെടുത്ത് തുടങ്ങി. ക്ലിനിക് തുടങ്ങുന്നതിനായി വൻ തുക മുടക്കിയ തലാൽ അബ്ദുമഹ്ദി, ഇതിനിടെ നിമിഷപ്രിയയുടെ പാസ്‌പോർട്ട് ഒരു കരുതൽ എന്ന നിലയിൽ കൈക്കലാക്കിയിരുന്നു. പാസ്‌പോർട്ട് തിരിച്ചുകിട്ടാൻ പല തവണ നിമിഷപ്രിയ ശ്രമം നടത്തിയെങ്കിലും, അതെല്ലാം തികഞ്ഞ പരാജയമായി മാറി. പാസ്‌പോർട്ട് വീണ്ടെടുക്കാനും, മഹ്ദിയുടെ ശല്യം ഒഴിവാക്കുന്നതിനുമായി, നിമിഷപ്രിയ കണ്ടെത്തിയ മാർഗ്ഗമായിരുന്നുവത്രെ  മഹ്ദിയെ വക വരുത്തുക എന്നത്. ഇതും പ്രകാരം 2017 ജൂലൈ 25-ന് മഹ്ദിയെ അനുനയത്തിൽ കിടപ്പുമുറിയിലേക്ക് വരുത്തിയ നിമിഷപ്രിയ ലൈംഗിക ഉത്തേജന മരുന്നാണ് എന്ന് ധരിപ്പിച്ച് 'കെറ്റാമൈൻ' മയക്കുമരുന്ന് ഓവർഡോസിൽ മഹ്ദിയിൽ കുത്തി വെച്ചു. അയാൾ മരണപ്പെടുകയും ചെയ്തു. പിന്നീട് ജഡം പല കഷണങ്ങളായി വെട്ടിനുറുക്കി, പോളിത്തീൻ കവറുകളിലാക്കി. തന്റെ സുഹൃത്തായ ഹനാൻ എന്ന യമൻ യുവതിയുടെ  സഹായത്തോടെ, കുടിവെള്ള ടാങ്കിൽ കൊണ്ടിടുകയായിരുന്നു. പരിസരത്ത് ദുർഗന്ധം വമിച്ചതോടെ, പ്രദേശ വാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസാണ് ജഡാവശിഷ്ടങ്ങൾ ടാങ്കിൽ നിന്ന് കണ്ടെടുക്കുന്നത്. 

അവകാശ വാദങ്ങൾ

യഥാർത്ഥത്തിൽ ശരീഅത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള ഒത്തുതീർപ്പിന് സമയം അനുവദിക്കണം  എന്ന കാന്തപുരത്തിന്റെ അപേക്ഷയിലാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള സമയം നീട്ടി വെച്ചത്. ഈ ഇടപെടൽ നേരത്തേയും ആകാമായിരുന്നു. പക്ഷേ, അവസരം ഒത്ത് വന്നില്ല എന്നതാണ് വസ്തുത. 'ഇന്ത്യൻ ഗ്രാന്റ് മുഫ്തി' പദവിയുള്ള കാന്തപുരം മുസ്ല്യാർക്ക് ഒരു അറബ് രാഷ്ട്രത്തിൽ അതിന് സാധിച്ചു എന്നുള്ളത് സ്വാഭാവികവുമാണ്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കപ്പെട്ടതോടെ പല കോണുകളിലും നിന്നും അനുകൂലിച്ചും, പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉടലെടുത്തു. നിമിഷയുടെ വധശിക്ഷ നീട്ടിവെച്ചത് 'സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ ഇടപെടൽ മൂലമാണെന്ന് അവരും അവകാശപ്പെട്ടു. അതേസമയം വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ആണെന്ന് മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അവകാശപ്പെട്ടു. നിരവധി സങ്കീർണ്ണതകൾ ഈ വിഷയത്തിൽ ഉണ്ടെന്നും, കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പരസ്യ പ്രതികരണവും, അനാവശ്യമായ തർക്കങ്ങളും, ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പലതരം പരസ്യ പ്രതികരണങ്ങൾ യമനിൽ ക്രമ സമാധാന വിഷയങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷപ്രിയയുടെ കാര്യത്തിൽ വത്തിക്കാന്റെ  ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോ പോൾദോ ജിറെല്ലിയെ സന്ദർശിച്ച് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൻ അഡ്വ. ദീപജോസഫ്, റവ. ഡോ. മാത്യു കോയിക്കൽ, അഡ്വ. യോഗമായ എന്നിവർ നിവേദനവും നൽകിയിട്ടുണ്ട. ഇക്കാര്യത്തിൽ ആകാവുന്ന സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. 

വ്യത്യസ്ത പ്രതികരണങ്ങൾ  

അതിക്രൂരമായ കൊലപാതകം ചെയ്ത വ്യക്തിയ്ക്ക് വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകളും, മനുഷ്യാവകാശ പ്രവർത്തകരും, മത പണ്ഡിതരുമൊക്കെ എന്തിനാണ് ഇത്രത്തോളം കഷ്ടപ്പെടുന്നത്. ക്രൂരമായ കൊലപാതകം നടത്തിയവരെ എന്തിന് രക്ഷിക്കണം. ഗോവിന്ദച്ചാമി, ഗ്രീഷ്മ, കൂടത്തായി ജോളി, സുകുമാരക്കുറുപ്പ് തുടങ്ങിയവർ വിദേശത്ത് ചെന്നാണ് അവരവരുടെ കുറ്റകൃത്യം ചെയ്തിരുന്നത് എങ്കിൽ നന്മമരങ്ങളായ മലയാൡളും, രാഷ്ട്രീയക്കാരും ഒറ്റകെട്ടായി നിന്ന് കോടികൾ പിരിച്ച് നൽകി അവരേയും രക്ഷിച്ചേനെ. വിദേശത്ത് വേറേയും കുറെ മലയാളികൾ വിവിധ കേസ്സുകളിൽ പ്രതികളായി ജയിലിലുണ്ട്. ഭാവിയിൽ അവരേയും കോടികൾ നൽകി രക്ഷിക്കുമോ.  പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ ആണെങ്കിൽ നിമിഷപ്രിയയ്ക്ക് ഇന്ത്യൻ എംബസ്സിയെ സമീപിക്കാമായിരുന്നു. എന്തുകൊണ്ട് അവരത് ചെയ്തില്ല. സിനിമാ പ്രവർത്തകൻ -സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. യുദ്ധതടവുകാരക്കപ്പെട്ടവരോ, ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിക്കിടക്കുന്നവരെയോ, പലതരം ചതികളിൽപെട്ട് കുടുങ്ങിക്കിടക്കുന്നവരേയുമൊക്കെ രക്ഷപ്പെടുത്തി കൊണ്ട് വരുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു വ്യക്തിയെ ആസൂത്രിമായി കൊലപ്പെടുത്തിയ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നതെന്ന് പണ്ഡിറ്റ് ചോദിക്കുന്നു.

നിമിഷ ചെയ്തത് ചെറിയ തെറ്റല്ല. അവർ നിരപരാധിയെന്ന് എങ്ങനെ വാദിക്കാനാകും. അവർ ചെയ്ത ക്രൂരത എന്താണെന്ന് മനസ്സിലായവർക്ക് അവർക്കൊപ്പം ഒരിക്കലും നിൽക്കാനാകില്ല. അവർ വധശിക്ഷ കാത്ത് കിടക്കുന്നത്  കൊലക്കേസ്സിലാണ്. അവരോട് അനുകമ്പ കാണിക്കേണ്ട കാര്യമില്ല എന്ന നിലപാടാണ് തനിയ്ക്കുള്ളത്. രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ലെന്ന് തെളിഞ്ഞിട്ടും, ഇന്ത്യൻ കോടതികളുടേയും, അന്താരാഷ്ട്ര കോടതിയുടേയും സംരക്ഷണം ഉണ്ടായിട്ടും ഇറ്റാലിയൻ നാവികരെ അവരുടെ നാട്ടിലേക്ക് വിട്ടയയ്ക്കുന്നതിനെ എതിർത്തവരാണ് ഇപ്പോൾ നിമിഷപ്രിയയെ രക്ഷിക്കണമെന്ന് വിലപിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിമിഷപ്രിയ വ്യക്തമായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതിൽ കൊല ആസൂത്രണം നടത്തിയത് മുതൽ കുറ്റകൃത്യം ഒളിപ്പിച്ച് കടന്നുകളഞ്ഞ കാര്യം വരെ അവർ വിശദീകരിച്ചിരുന്നു. സ്വയം പ്രതിരോധിക്കുന്നതും, ആസൂത്രിത കുറ്റകൃത്യവും, രണ്ടും രണ്ടാണ്. ഇത് പറഞ്ഞ് കൊണ്ടാണ് താൻ നിമിഷപ്രിയക്കൊപ്പമല്ലെന്ന് ചാനലുകളിലേയും, സമൂഹ മാധ്യമങ്ങളിലേയും സ്ഥിരം സാന്നിദ്ധ്യമായ ശ്രീജിത്ത് പണിക്കർ വിശദീകരിക്കന്നത്. 

നീതി ലഭ്യമാക്കണം

അഷ്ടിക്കുള്ള വക തേടിച്ചെന്ന്, ബോധപൂർവ്വം ഗുരുതരമയ കുറ്റകൃത്യം നടത്തിയോ, കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം വഹിച്ചോ  ഒരു മലയാളി പിടികൂടപ്പെടുമ്പോൾ, അതുമൂലം ഗൾഫ് നാടുകളിൽ അതത് പ്രവശ്യയിലുള്ള മലയാളി സമൂഹം നേരിടുന്ന പ്രയാസങ്ങൾ ഏറെയാണ്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കളുടെ വിപണനം, പലതരത്തിലുമുള്ള സാമ്പത്തിക തട്ടിപ്പുകൾ, ലൈംഗിക അതിക്രമങ്ങൾ തുടങ്ങി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പ്രതിയായി പിടികൂടപ്പെടുമ്പോൾ, പൊതുവിൽ മലയാളി സമൂഹത്തോടുള്ള അവമതിപ്പിനും അത് കാരണമാകാറുമുണ്ട്. നിമിഷയുടെ വധശിക്ഷ താത്ക്കാലികമായി നീട്ടി വെച്ചതിലുള്ള ക്രെഡിറ്റിന് അവകാശികൾ ഏറെയാണ്. അതെന്തോ ആകട്ടെ. ആര് വേണേലും കൊണ്ടു പോകട്ടെ. 'ഹൂതികൾ' എന്നറിയപ്പെടുന്ന അൻസാർ അള്ളാഹ് വിഭാഗമാണ് യമനിലെ തലസ്ഥാനമായ സനാ ഭരിക്കുന്നത്. അമേരിക്കയുമായും, ഇസ്രായേലുമായും ശത്രുത പുലർത്തുന്ന ഇവർ ശരീഅത്ത് നിയമമാണ് പിന്തുടരുന്നതും. ക്രൂരമായി കൊല്ലപ്പെട്ട തലാൽമഹ്ദി എന്ന യമൻ പൗരനും, നിമിഷപ്രിയ എന്ന മലയാളി യുവതിക്കും നീതി ലഭിയ്‌ക്കേണ്ടതുണ്ട്. കുറ്റകൃത്യം പൂർണ്ണമായി തെളിയുകയും, അതിന്റെ അപ്പീലുകൾ സമർപ്പിക്കാൻ 8 വർഷത്തോളം അവസരങ്ങൾ ഉണ്ടാവുകയും, ഒടുവിൽ വധശിക്ഷ എന്ന അന്തിമവിധി നടപ്പാക്കാൻ നിശ്ചയിക്കുകയും ചെയ്ത കേസ്സാണിത്. കൊന്നയാളെ കൊല്ലുക എന്നത് പ്രാകൃത നിയമമെന്ന് വലിയ വായിൽ പറയാമെങ്കിലും, നമ്മുടെ രാജ്യത്തും എത്രയോ വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. ഈ കേസ്സിലെ പ്രതിക്ക് ഒരു സ്ത്രീ എന്ന പരിഗണന നൽകി വധശിക്ഷക്ക് പകരം, തടവു ശിക്ഷയാക്കി മാറ്റാൻ കഴിയുന്നിടത്താണ് നിമിഷപ്രിയയ്ക്കുള്ള നീതി ലഭ്യമാവുക. അതേസമയം, പ്രതി മലയാളി ആയത് കൊണ്ട് ജയിലിൽ നിന്ന് മോചിപ്പിച്ച് നാട്ടിൽ തിരികെ എത്തിച്ച് അവർക്ക് ജീവിതം ആഘോഷിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നത് കൊല്ലപ്പെട്ട വ്യക്തിയോടുളള അനീതിയും, അത് സമൂഹത്തിന് നൽകുന്ന സന്ദശം ഒട്ടും ഭൂഷണവുമല്ലെന്ന് ചൂണ്ടിക്കാട്ടുന്നവരും ഏറെയാണ്.

 മറക്കാൻ കഴിയാത്ത ആ വാട്ടർ ടാങ്ക് 

യമനിൽ കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ ജഡാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്ത വാട്ടർ ടാങ്കിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സഹോദരൻ ഫത്താഹ് മഹ്ദി ഇങ്ങനെ കുറിക്കുന്നു: യമൻ കണ്ടതിൽ ഏറ്റവും വലിയ കുറ്റ കൃത്യത്തിന്റെ നിശ്ശബ്ദ സാക്ഷിയായ ഈ വാട്ടർ ടാങ്ക് ഒരിക്കലും മറക്കാനാകില്ല. വെള്ളം നിറയ്ക്കേണ്ട ടാങ്കിൽ രക്തം നിറച്ച് ഇന്ത്യയിൽ നിന്നുള്ള കൊലപാതകി പൈശാചികമായ കുറ്റകൃത്യം ഒളിപ്പിക്കാനാണ് ശ്രമം നടത്തിയത്. മയ്യത്ത് (മൃതദേഹം) കൊത്തി നുറുക്കി ഒരുപാട് പ്ലാസ്റ്റിക് ബാഗുകളിലാക്കി ടാങ്കിലിട്ട് പൂട്ടുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ തന്നെ വലിയ കുറ്റകൃത്യമാണ് ഇത്. പൈശാചികതയുടെ അതിരുകളെല്ലാം ലംഘിച്ച ക്രൂരതയായിരുന്നു അത്. ഇങ്ങനെയൊരു കുറ്റം ചെയ്യുന്നയാൾ മനുഷ്യനല്ല. പെട്ടെന്നുണ്ടായ ദേഷ്യത്തിലോ, ഭ്രാന്തുകൊണ്ടോ അല്ല ഇന്ത്യക്കാരിയായ ആ നഴ്‌സ് അത് ചെയ്തത്, ബോധം കെടുത്തി കൊലപ്പെടുത്തി, കഷണങ്ങളാക്കിയ ശേഷം പ്ലാസ്റ്റിക് ബാഗുകളിലാക്കി ടാങ്കിലിടുകയായിരുന്നു. ടാങ്കിന് മുകളിലായി ഇരുമ്പ് തകിടുകളും, സിമന്റ് ബ്ലോക്കുകളും കൂട്ടിയിട്ടു. സത്യം എന്നെന്നേക്കും മൂടാനായിരുന്നു ശ്രമം.  ആ ടാങ്കിൽ എന്റെ ഒരു ഭാഗമായ സഹോദരനാണ് മൂടപ്പെട്ടത്. നിരപരാധിയുടെ രക്തം വെറുതെ ഒഴുകാൻ ദൈവം സമ്മതിക്കില്ല. ഞങ്ങൾ ഒമ്പത് വർഷമാണ് നീതിക്കായി കാത്തിരുന്നത്. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാനിരിക്കുകയായിരുന്നു. പക്ഷേ,  പുതിയ തീയതി പറയാതെ മാറ്റിവെച്ചു. കൊലപാതകി ഇരയായി മാറുകയാണോ.. ''ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. ന്യായമായ ശിക്ഷ നടപ്പാക്കണം.''

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img