
കെയ്റോ: ഈജിപ്തിൽ ഖത്തർ ചാരിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഖത്തർ ചാരിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ശൈഖ് ഹമദ് ബിൻ നാസർ ജാസിം അൽഥാനി, ഈജിപ്ഷ്യൻ സാമുഹ്യ സുരക്ഷാ മന്ത്രി ഡോ. മായ മുർസി, ഈജിപ്തിലെ ഖത്തർ അംബാസഡർ ശൈഖ് ജാസിം ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി എന്നിവരുടെ സാന്നിധ്യത്തിലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഖത്തർ ചാരിറ്റിയുടെ ആഗോള നെറ്റ്വർക്കിലെ 35-ാമത് ഓഫീസാണിത്.
ആദ്യ ഘട്ടത്തിൽ ഈജിപ്തിൽ 10 ദശലക്ഷം യു.എസ് ഡോളറിലധികം (1 കോടി ഡോളർ) മൂല്യമുള്ള മാനുഷിക-വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ചാരിറ്റി ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹമദ് ബിൻ നാസർ അൽഥാനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള മാനുഷിക സഹകരണത്തിൽ പുതിയൊരു അധ്യായത്തിനാണ് ഇതിലൂടെ തുടക്കമായിരിക്കുന്നത്. പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ച് വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ ഓഫീസ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറും ഈജിപ്തും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധത്തിന്റെ തെളിവാണ് ചാരിറ്റിയുടെ പുതിയ ഓഫീസെന്ന് ഈജിപ്ഷ്യൻ മന്ത്രി ഡോ. മായ മുർസി പറഞ്ഞു. ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലടക്കം ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ മുൻപ് സംയുക്തമായി മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ടെന്നും, സാമുഹ്യക്ഷേമ മേഖലയിൽ ഖത്തർ ചാരിറ്റിയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് അവസരമൊരുക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.










