07:32pm 28 October 2026
NEWS
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ - അമേരിക്ക രഹസ്യ ചർച്ചയെന്ന സംശയവുമായി നെതന്യാഹു
05/03/2026  06:49 AM IST
nila
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ - അമേരിക്ക രഹസ്യ ചർച്ചയെന്ന സംശയവുമായി നെതന്യാഹു

യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി അമേരിക്ക രഹസ്യ ചർച്ച നടത്തുന്നുണ്ടോ എന്ന സംശയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതുസംബന്ധിച്ച് നെതന്യാഹു വൈറ്റ് ഹൗസിനോട് നേരിട്ട് വിശദീകരണം തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ പ്രതിനിധികൾ ഇറാനിയൻ ഉദ്യോഗസ്ഥരുമായി വെടിനിർത്തൽ സാധ്യതകളെക്കുറിച്ച് ആശയവിനിമയം നടത്തുന്നുവെന്ന വിവരങ്ങൾ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചതോടെയാണ് നെതന്യാഹുവിന്റെ നീക്കം. അമേരിക്കൻ വാർത്താ വെബ്‌സൈറ്റായ ആക്സിയോസ് ആണ് ഈ വിവരം പുറത്തുവിട്ടത്.

തിങ്കളാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട നെതന്യാഹു, ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള രഹസ്യ സന്ദേശ കൈമാറ്റമോ ചർച്ചയോ നടക്കുന്നുണ്ടോയെന്ന് കൃത്യമായി ചോദിച്ചുവെന്നാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതിന് മുൻപ്, അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ കരാറിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് ഇതിന് പിന്നിൽ. എന്നാൽ, ഇസ്രായേലിനെ ഒഴിവാക്കി ഇറാനുമായി യാതൊരു രഹസ്യ ചർച്ചകളും നടക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ നെതന്യാഹുവിന് ഉറപ്പുനൽകിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, യുദ്ധം തുടങ്ങുന്നതിന് മുൻപ് കഴിഞ്ഞ ആഴ്ച ജനീവയിൽ നടന്ന നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലാത്തതാണ് സൈനിക നടപടിയിലേക്ക് ട്രംപ് ഭരണകൂടത്തെ നയിച്ചതെന്നാണ് വിലയിരുത്തൽ. യുദ്ധം ഇപ്പോൾ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, സഖ്യകക്ഷിയായ അമേരിക്ക തങ്ങളുടെ അറിവില്ലാതെ ഇറാനുയുമായി സമാന്തര നീക്കങ്ങൾ നടത്തുന്നുണ്ടോയെന്ന് ഇസ്രായേൽ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img