
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും അനിശ്ചിതത്വത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായി ഈ വർഷാവസാനം നെതന്യാഹു ഇന്ത്യയിലെത്തും എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, തന്റെ ഇന്ത്യാ സന്ദർശന പദ്ധതി നെതന്യാഹു നീട്ടിവെച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സുരക്ഷാ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിയതെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം ഉണ്ടായ സ്ഫോടനമാണ് നെതന്യാഹുവിന്റെ യാത്ര മാറ്റാൻ കാരണം.
പുതിയ സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയായ ശേഷം അടുത്ത വർഷം യാത്രയ്ക്ക് പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടെന്ന് ഐ24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹു ഈ വർഷം ഇന്ത്യാ സന്ദർശനം മാറ്റിവെക്കുന്നത് മൂന്നാം തവണയാണ്. ഏപ്രിലും സെപ്റ്റംബറിലും തിരഞ്ഞെടുപ്പ് ചുമതലകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശനം മാറ്റിയത്.











