
''പിരിവാണ് ഇതിന്റെ എല്ലാം അടിസ്ഥാനം. ഇവിടെയുള്ളവർ
എല്ലാവരും ഓരോ ആവശ്യത്തിന് ഇവരുടെയൊക്കെ അടുത്ത് പോകും. അവർക്ക്
ലക്ഷങ്ങളും കോടികളും ഉള്ള കുടിശ്ശിക അടയ്ക്കുന്നതിനേക്കാൾ ലാഭം ഇങ്ങനെ
ചെല്ലുന്നവർക്ക് എന്തെങ്കിലും ഒക്കെ കൊടുത്തു വിടും. പിന്നെ അവരെ തൊടാൻ
ആരും സമ്മതിക്കില്ല. ഇതാണ് സ്ഥിതി''
കേരളത്തിലെ ജനങ്ങളുടെ തലവിധി നിർണയിക്കുന്ന ഇവിടുത്തെ
രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റു ഭരണ തലത്തിലെ ഉദ്യോഗസ്ഥ വൃന്ദത്തിൽപ്പെട്ട
ഉന്നതരായ എല്ലാ വിഭാഗക്കാരുടെയും പൂർണ അറിവോടെയും
മൗനാനുവദത്തോടെയും എന്ന് സംശയിക്കത്തക്ക രീതിയിലും അതല്ലെങ്കിൽ
മേൽവിഭാഗക്കാരുടെ എല്ലാം ശരീരത്തിലെ നട്ടെല്ലിന്റെ അഭാവം കൊണ്ടോ,
ഇവിടെ വൻകിടക്കാരായ ഹൈടെൻഷൻ ,എക്‌സ്ട്രാ ഹൈടെൻഷൻ
ഉപഭോക്താക്കളുടെയും വൈദ്യുതി ചാർജ്ജ്, സമയത്ത് നടപടിയെടുത്ത്
ഈടാക്കാതെ വൻതുകകൾ കുടിശ്ശിക വരുത്തി ബോർഡിന് സാമ്പത്തിക
പ്രതിസന്ധി ഉണ്ടാക്കി, അതിന്റെ പേരിലും ഒരിക്കലും സോളാർ എനർജി
പോലെയുള്ള ആധുനിക സംവിധാനങ്ങളിലേക്ക് തിരിയാതെ വൈദ്യുതി
ഉല്പാദനം ഇവിടെ വലിയതോതിൽ വർദ്ധിക്കാൻ ഇടയാകാതെ കാത്തുസൂക്ഷിച്ച്
കൂടിയ വിലയ്ക്ക് പുറമേ നിന്നും വാങ്ങുന്ന പ്രക്രിയ ആജീവനാന്തം തുടർന്നു
പോകുന്നതിന് സംവിധാനം ഒരുക്കി, അതിന്റെ പേരിൽ എല്ലാവർഷവും ചാർജ്
വർദ്ധന ഈടാക്കുകയും ചെയ്യുന്ന രീതിക്ക് ദശാബ്ദങ്ങൾ പഴക്കമുണ്ട്.
ഇവിടെ ഒരു കാര്യം ജനങ്ങൾ ശ്രദ്ധിക്കണം. തമിഴ്‌നാട്ടിൽ ജയലളിത
മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ 4500 ലധികം മെഗാവാട്ട് വൈദ്യുതി
ഗുജറാത്ത് മോഡലിൽ സോളാറിൽ നിന്നും ഉൽപ്പാദനം തുടങ്ങി. പിന്നീട് അത് 6000
മേഗാവാട്ട് വരെയെത്തി. ഇതേ സ്ഥിതിയിലുള്ള ഉത്പാദനം കേരളം ഒഴികെ
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി നടത്തിയിട്ടുണ്ട്. 2025
ആദ്യം ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാർ
സ്ഥാപനങ്ങൾ എന്നിവയിൽ സോളാർ പാനൽ നടപ്പിലാക്കണമെന്നും അതുവഴി
വൈദ്യുതിയുടെ കാര്യത്തിൽ ഈ സ്ഥാപനങ്ങൾ എല്ലാം സ്വയം പര്യാപ്തത
കൈവരിക്കണമെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും ഇത്
സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉത്തരവായതായി വാർത്തകൾ
ഉണ്ടായിരുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് ഇവിടെ എന്തെങ്കിലും നടന്നതായി
അറിവില്ല. ഈ പദ്ധതി സർക്കാർ ഓഫീസുകളുടെ കാര്യത്തിൽ ഇവിടെ
നടപ്പിലാക്കിയിരുന്നെങ്കിൽ ഓരോ വർഷവും 90 എണ്ണത്തോളം വരുന്ന നമ്മുടെ പൊതു അവധി ദിവസങ്ങളിലെ വൈദ്യുതി മുഴുവൻ ഗ്രിഡിലേയ്ക്ക്
എടുക്കാമായിരുന്നു.
കേരളത്തിൽ ആകട്ടെ ഇടുക്കി അണക്കെട്ടിന്റെ ജലപ്പരപ്പിൽ ഫ്‌ളോട്ടിങ് സോളാർ
സ്ഥാപിച്ചാൽ മാത്രം 6000 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആകുമെന്ന്
ഒരു മലയാളം പത്രത്തിൽ തന്നെ വിശദമായ പഠന റിപ്പോർട്ട്
പ്രസിദ്ധീകരിച്ചിരുന്നു. ഈ രീതികളൊക്കെ നടപ്പാക്കിയാൽ വിപ്ലവം വരാനുള്ള
സാധ്യത ഇല്ലാതാകും എന്നതുകൊണ്ടും ബോർഡിലെയും സർക്കാരിലെയും
ഉന്നതരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാകും എന്നതുകൊണ്ടും ആകാം ഈ
രീതിയിൽ ഒന്നും ആരും ചിന്തിക്കാത്തത്.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇത് സംബന്ധിച്ച്
ക്രിയാത്മകമായ പല നടപടികളും സ്വീകരിച്ചെങ്കിലും മന്ത്രിയേക്കാൾ ശക്തമായി
ബോർഡിനെ നിയന്ത്രിക്കുന്നവർ അതിനുള്ളിൽ തന്നെ ഉള്ളതുകൊണ്ട് അതെല്ലാം
ആവിയായിപ്പോയി.
ഇവിടെ കുറച്ചു ചരിത്രം പറയുന്നത് വായനക്കാർ ക്ഷമിക്കുമെന്ന് കരുതുന്നു.
2007ൽ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എം.കെ. ബാലൻ, ബോർഡിന് ഏകദേശം
350 കോടിയോളം സാമ്പത്തിക ബാധ്യതയുണ്ടെന്നും അത് പരിഹരിക്കുന്നതിന്
വേണ്ടി ചാർജ് വർദ്ധന അത്യാവശ്യമാണെന്നും പറഞ്ഞ് അസംബ്ലിയിൽ ഒരു
പ്രസംഗം നടത്തി. കൂട്ടത്തിൽ ബോർഡിന് 1872 കോടി രൂപ കുടിശ്ശികയായി
പിരിഞ്ഞു കിട്ടാനുണ്ടെന്നും പറഞ്ഞു. ഈ വാചകം ശ്രദ്ധയിൽപ്പെട്ട ഞാൻ ഈ
കുടിശ്ശികയുടെ വിശദവിവരങ്ങൾ -- കൺസ്യൂമറുടെ പേരും വിലാസവും,
കൺസ്യൂമർ നമ്പർ, കുടിശ്ശിക ഏത് കാലം മുതലുള്ളവ തുടങ്ങിയ വിവരങ്ങൾ
ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം ബോർഡിന് അപേക്ഷ
നൽകി. കൃത്യമായി എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ച് എനിക്ക് മറുപടിയും
ലഭിച്ചു. അതിൽ ഒരൊറ്റ ഗാർഹിക ഉപഭോക്താക്കൾ പോലും ഇല്ലായിരുന്നു.
എല്ലാം വൻകടക്കാരായ ഹൈടെൻഷൻ, എക്‌സ്ട്രാ ഹൈടെൻഷൻ
ഉപഭോക്താക്കളുടെ പേരിൽ ആയിരങ്ങൾ മുതൽ ദശകോടികൾ വരെയുള്ള
അവരുടെ കുടിശ്ശികകളും. സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കളോട്
ചെയ്യുന്നതുപോലെ ആദ്യമേ തന്നെ കുടിശ്ശിക ബിൽ വരുമ്പോൾ തന്നെ
ഡിസ്‌കണക്ഷൻ നോട്ടീസ് പോലുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഒരിക്കലും
ഇതുപോലെ കുടിശ്ശിക വൻതോതിൽ വരികയില്ലെന്നും ഇത് സംസ്ഥാനം ആകമാനം
ഉള്ള ബോർഡിലെ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം ആണെന്നും ബോധ്യമായി. ഞാൻ
ഈ വിവരങ്ങൾ ബോധിപ്പിക്കുന്നതിന് എനിക്ക് വളരെയെടുത്ത് പരിചയമുള്ള
വ്യക്തിയും അന്നത്തെ ഭരണതലത്തിലെ പ്രമുഖ കക്ഷിയുടെ നേതാവും ഒരിക്കലും
ഭരണത്തിൽ പങ്കാളിയാകാത്ത ആദരണീയനുമായ ഒരു നേതാവിനെ പോയി കണ്ടു.
എന്റെ കൈവശമുള്ള രേഖകൾ കണ്ട് അദ്ദേഹം വളരെ പതിഞ്ഞ സ്വരത്തിൽ
ഇങ്ങനെ പറഞ്ഞു: ''പിരിവാണ് ഇതിന്റെ എല്ലാം അടിസ്ഥാനം. ഇവിടെയുള്ളവർ
എല്ലാവരും ഓരോ ആവശ്യത്തിന് ഇവരുടെയൊക്കെ അടുത്ത് പോകും. അവർക്ക്
ലക്ഷങ്ങളും കോടികളും ഉള്ള കുടിശ്ശിക അടയ്ക്കുന്നതിനേക്കാൾ ലാഭം ഇങ്ങനെ
ചെല്ലുന്നവർക്ക് എന്തെങ്കിലും ഒക്കെ കൊടുത്തു വിടും. പിന്നെ അവരെ തൊടാൻ
ആരും സമ്മതിക്കില്ല. ഇതാണ് സ്ഥിതി''
ഇതോടെ കാര്യങ്ങൾ വ്യക്തമായി എങ്കിലും ഞാൻ ശ്രമം ഉപേക്ഷിച്ചില്ല.
ബോർഡിൽ നിന്നും കിട്ടിയ കുടിശ്ശിക ലിസ്റ്റും ചേർത്ത് ഈ വൻതുക കുടിശ്ശിക
പിരിച്ച് ബാധ്യത തീർക്കണമെന്നും, ചാർജുകൾ ഉടനെ അനുവദിക്കാൻ
പാടില്ലെന്നും അപേക്ഷിച്ചുകൊണ്ട് കോട്ടയത്തുള്ള സെബാസ്റ്റ്യൻ കുര്യൻ എന്ന
വക്കീൽ മുഖാന്തരം റെഗുലേറ്ററി കമ്മീഷണന് 2007 -ൽ പരാതി നൽകി. കമ്മീഷൻ
ഈ പരാതി സ്വീകരിക്കുകയും ഞങ്ങളെ ഹിയറിങ്ങിന് വിളിക്കുകയും ചെയ്തു.
ഞങ്ങളുടെ വാദഗതി അവതരിപ്പിക്കുകയും ചെയ്തു. കാര്യങ്ങൾ ബോധ്യമായ
കമ്മീഷൻ O.P. 8/2008 ആയി രജിസ്റ്റർ ചെയ്ത ഞങ്ങളുടെ പരാതിയിൽ 24/5/ 2010 ൽ
വിധി പുറപ്പെടുവിക്കുകയും ചെയ്തു.
പ്രസ്തുത വിധിയിൽ കുടിശ്ശിക പിരിക്കുന്നതിന് അടിയന്തര നടപടികൾ
സ്വീകരിക്കണമെന്നും ഓരോ മൂന്നുമാസം കൂടുമ്പോഴും കുടിശ്ശിക പിരിവിനെ
സംബന്ധിച്ച് വിശദാംശങ്ങൾ കമ്മീഷനെ അറിയിക്കണം എന്നും ഉത്തരവിട്ടിരുന്നു.
കൂടാതെ കേരളത്തിന് ആവശ്യമായ വൈദ്യുതിയിൽ അഞ്ച് ശതമാനം എങ്കിലും
പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ആയ സോളാർ, വിൻഡ്മിൽ തുടങ്ങിയ
പദ്ധതികളിലൂടെ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും
ഉത്തരവായിരുന്നു.
ഇതിനിടെ മറ്റൊരു സംഭവം കൂടിയുണ്ടായി. ഞങ്ങൾ കൊടുത്ത പരാതിയുടെ
പേരിൽ കമ്മീഷനിൽ നിന്നും കിട്ടിയ നോട്ടീസിന് ബോർഡ് നൽകിയ മറുപടിയിൽ
369 - ൽ അധികം കോടി രൂപ കോടതിയിൽ നിന്നുള്ള സ്റ്റേ ഉത്തരവിൽപ്പെട്ട്
കിടക്കുകയാണെന്നും അറിയിച്ചു. ഇതു വായിച്ച് ഞാൻ മേൽ സൂചിപ്പിച്ച
കേസുകളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടു
ബോർഡിന് അപേക്ഷ നൽകി. അതിൽ Date of stay order, Date of filing counter by the K.S.E.B
എന്നിവയും ആവശ്യ പ്പെട്ടിരുന്നു. എന്നാൽ ഈ വിവരങ്ങൾ ലഭിച്ചപ്പോഴാണ്
കുടിശ്ശികക്കാർ നേടിയ മിക്ക സ്റ്റേ ഉത്തരവുകളും ഒഴിവാക്കപ്പെടുന്നതിനുവേണ്ടി
ശക്തമായ ഒരു Low Wing ഉള്ള ബോർഡ്, Counter Petetion ഫയൽ ചെയ്തിട്ടില്ല.
ഉത്തരവുകളുടെ പേരിൽ കുടിശിക പിരിക്കാനോ കണക്ഷൻ നിഷേധിക്കാനോ
സാധിക്കുന്നുമില്ല. രണ്ടു കൂട്ടർക്കും ശാന്തിയും സമാധാനവും. ദൈവത്തിന്റെ
സ്വന്തം നാട് എന്നതിന് ഇനി എന്ത് തെളിവ് വേണം.
കുറേക്കാലം കഴിഞ്ഞ് മുകളിൽ സൂചിപ്പിച്ച കമ്മീഷന്റെ ഉത്തരവനുസരിച്ച്
ബോർഡിൽ നിന്നും ത്രൈമാസ സ്റ്റേറ്റ്‌മെൻറ് കമ്മീഷനിൽ ലഭിക്കുന്നുണ്ടോ
എന്നറിയാൻ ഇതനുസരിച്ച് അക്കാലത്ത് ലഭിച്ച സ്റ്റേറ്റ്‌മെന്റിന്റെ കോപ്പി
ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷനിലേക്ക് ഞാൻ വിവരാവകാശ നിയമപ്രകാരം
അപേക്ഷ നൽകി. മറുപടി കാണാതെ അന്വേഷിച്ചു കമ്മീഷൻ ഓഫീസിൽ എത്തി.
ഞാൻ അപേക്ഷയുടെ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇങ്ങനെയൊരു
വിധിയുള്ള വിവരം അപ്പോൾ കമ്മീഷൻ ഓഫീസിൽ ഉള്ളവർ അറിയുന്നതുതന്നെ.
പോരേ പൂരം. ഇനി ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാം വായനക്കാർ
യുക്തം പോലെ ചിന്തിക്കാം.
ഇവിടെ ഒരു കാര്യം കൂടി ചുരുക്കത്തിൽ പറയാം. ഇടയ്ക്ക് ബോർഡിന്റെ പല
ഡിമാൻഡുകൾക്കും ആയുള്ള കമ്മീഷന്റെ സിറ്റിങ്ങുകളിൽ ഹിയറിങ്ങിനു വേണ്ടി
,180 കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നും പോയി രേഖകളുടെയും
തെളിവുകളുടെയും അടിസ്ഥാനത്തിൽ ജനങ്ങൾക്ക് വേണ്ടിയുള്ള വാദഗതികൾ
അവതരിപ്പിക്കുകയും സ്റ്റേറ്റ്‌മെൻറ് ഓഫ് ഫാക്ട്‌സ് സമർപ്പിക്കുകയും
ചെയ്തിട്ടുണ്ട്. ഫലം നിഷ്ഫലം എന്നു പറയുന്നില്ല.
ഈയിടെ ഇവിടെ സൂചിപ്പിച്ച കാര്യങ്ങൾ എല്ലാം ഓർമ്മയിൽ വന്നതുകൊണ്ട്
ഞാൻ ബോർഡിൽ നിന്നും ആദ്യം പറഞ്ഞ വിശദാംശങ്ങളോടുകൂടി ഹൈടെൻഷൻ,
എക്‌സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള Arrear Statement
വിവരാവകാശം നിയമപ്രകാരം ലഭ്യമാക്കി. ഈ ലിസ്റ്റിലും ഞെട്ടിപ്പിക്കുന്ന
വിവരങ്ങളാണ് ഉള്ളത്. മിക്കവാറും എല്ലാം തന്നെ ലക്ഷങ്ങൾ, ദശലക്ഷങ്ങൾ,
കോടികൾ എന്ന നിരത്തിലുള്ള കുടിശ്ശികകളാണ് ഇത്തരത്തിൽപ്പെട്ട 1178
കുടിശ്ശികക്കാരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ വൻകിട - ചെറുകിട
വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വിവിധ
വിഭാഗത്തിൽപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതുമേഖല
സ്ഥാപനങ്ങൾ, താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ
വരെയുള്ള സർക്കാർ ആശുപത്രികൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവർ എല്ലാമുണ്ട്. ഒരു സർക്കാർ വകുപ്പിന് കീഴിലുള്ള 260 അധികം
ഓഫീസിൽ നിന്നും ആയി ദശലക്ഷങ്ങൾ മുതൽ കോടികൾ വരെയുള്ള
കുടിശ്ശികയുണ്ട്.
മേൽ സൂചിപ്പിച്ചവയിൽ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ കുടിശ്ശികളും Govt took
over the arrears എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ബോർഡിന് ഈ
വൻ തുക അത്രയും എങ്ങനെ നൽകുമെന്നത് നമ്മുടെ ബുദ്ധിക്ക് അതീതമാണ്.
സ്വകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചവയുടെ പേരിൽ "DC notice issued' എന്നാണ്
കാണിച്ചിരിക്കുന്നത്.
മേൽ സൂചിപ്പിച്ച Arrear ഒന്നുപോലും പിരിക്കാതെ തന്നെ കൂടിയ വൈദ്യുതി
വാങ്ങിയ വകയിലുള്ള ബാധ്യതയുടെ പേരിൽ വീണ്ടും ബോർഡ് ചാർജ്
വർദ്ധനവ് ആവശ്യപ്പെടും. എല്ലാവരും ചേർന്ന് അംഗീകരിക്കുകയും ചെയ്യും.
എല്ലാം ശുഭമായി പര്യവസാനിക്കണമെന്ന് നമുക്ക് ആശ്വസിക്കാം.
വാൽക്കഷണം:
ഞങ്ങളുടെ പോലീസും കോടതിയും എല്ലാം ഞങ്ങളുടെ പാർട്ടി തന്നെയാണ് എന്ന്
ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അധികാരത്തിൽ ഇരുന്ന ഒരു വനിതാ കമ്മീഷൻ
അധ്യക്ഷ ഉണ്ടായിരുന്ന പ്രദേശമാണ് കേരളം എന്ന് ഈ അവസരത്തിൽ ഓർക്കാം.











