06:50pm 07 August 2026
NEWS
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കും അന്വേഷണം
07/08/2026  03:46 PM IST
nila
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കും അന്വേഷണം

ന്യൂഡൽഹി: രാജ്യത്തെ വിവാദമായ നീറ്റ്-യു.ജി. ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കണ്ണികൾ കേരളത്തിലും. സി.ബി.ഐ കുറ്റപത്രത്തിലാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിനെ കുറിച്ചും പരാമർശമുള്ളത്. രാജസ്ഥാൻ കേന്ദ്രികരിച്ച് നടന്ന ചോദ്യപ്പേപ്പർ ചോർച്ചയുടെ ഭാഗമായുള്ള ഇടപാടുകളിൽ കേരളത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളും ഉൾപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലാണ് കേരളത്തിലെ പ്രധാന അന്വേഷണകേന്ദ്രമായി സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിയായ ഹിതേഷ് കുമാറിന്, റൂംമേറ്റായ ലക്ഷയ് രാജിൽ നിന്നാണ് ചോർന്ന ചോദ്യങ്ങളുടെ പി.ഡി.എഫ്. ഫയൽ ലഭിച്ചതെന്നാണ് കണ്ടെത്തൽ.

രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് ചോദ്യങ്ങൾ എത്തിയത് ഇങ്ങനെ

രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ലക്ഷയ് രാജ് മുമ്പ് സിക്കറിലെ അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നു. ചോദ്യപ്പേപ്പർ കൈമാറ്റവുമായി ബന്ധപ്പെട്ട ചാറ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തതായി ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച അന്വേഷണസംഘം കണ്ടെത്തി.

കുറ്റപത്രമനുസരിച്ച്, ലക്ഷയ് രാജിന്റെ മുൻ സഹപാഠിയായ രജത് ചൗധരിയെയാണ് അഭിഷേക് സൈനി സമീപിച്ചത്. ചോർന്ന നീറ്റ് ചോദ്യങ്ങൾ കൈവശമുണ്ടെന്നും അത് ലഭിക്കാൻ 40,000 രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് അഭിഷേകിന്റെ നിർദേശപ്രകാരം രജത്, ലക്ഷയ് രാജിന്റെ രാജസ്ഥാൻ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്ക് 30,000 രൂപ ഫോൺപേ വഴി കൈമാറി.

പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഏകദേശം 450 ചോദ്യങ്ങൾ അടങ്ങിയ ഫയൽ ഇവർക്ക് ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പരീക്ഷ എഴുതാനിരുന്ന സഹോദരൻ ഋഷഭ് ചൗധരിക്കായി രജത് ചോദ്യങ്ങൾ വാങ്ങിയതായും സി.ബി.ഐ. വ്യക്തമാക്കുന്നു.

വിദ്യാർഥികളെയും ഇടനിലക്കാരെയും ഉൾപ്പെടുത്തിയ സംഘടിത ശൃംഖല

രാജസ്ഥാനിലെ സിക്കറിലുള്ള ആർ.കെ. എഡ്യൂക്കേഷണൽ കൺസൾട്ടൻസിയെ കേന്ദ്രീകരിച്ചാണ് ചോദ്യപ്പേപ്പർ വിതരണ ശൃംഖല പ്രവർത്തിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൺസൾട്ടൻസി ജീവനക്കാരനായ അഭിഷേക് സൈനി വഴി ലക്ഷയ് രാജിന്റെ ബന്ധു സച്ചിൻ ധൻഗറിലേക്ക് ചോദ്യങ്ങൾ എത്തിയതും, അവിടെ നിന്ന് കേരളത്തിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് കൈമാറപ്പെട്ടതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

വിദ്യാർഥികളും ഇടനിലക്കാരും ഉൾപ്പെട്ട ആസൂത്രിത ശൃംഖലയാണ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും വിതരണത്തിനും പിന്നിലെന്നാണ് സി.ബി.ഐ.യുടെ വിലയിരുത്തൽ.

എൻ.ടി.എ. സുരക്ഷാ വീഴ്ച മുതലെടുത്ത് ചോദ്യങ്ങൾ ചോർത്തി

നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ (എൻ.ടി.എ.) ചില വിദഗ്ധർ ചോദ്യങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ചോർച്ച നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ള പ്രതികൾ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിൽ കുറിച്ച് പുറത്തേക്ക് കടത്തിയതായും, മറ്റ് ചിലർ മനഃപാഠമാക്കി വിവരങ്ങൾ പുറത്തുവിട്ടതായും കുറ്റപത്രത്തിൽ പറയുന്നു.

പിന്നീട് ഹോട്ടൽ മുറികളിൽ ചോദ്യങ്ങൾ പുനഃസമാഹരിച്ച് ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ സന്ദേശ ആപ്പുകൾ വഴി വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാർക്കും വിദ്യാർഥികൾക്കും കൈമാറുകയായിരുന്നു.

ബ്ലാങ്ക് ചെക്കും സർട്ടിഫിക്കറ്റുകളും 

ചോദ്യപ്പേപ്പർ കൈമാറുന്നതിന് മുമ്പ് വിദ്യാർഥികളിൽ നിന്ന് സ്‌കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സുരക്ഷാ രേഖകളായി ഇടനിലക്കാർ വാങ്ങിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

13 പേർക്കെതിരെ കുറ്റപത്രം

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് പുനഃപരീക്ഷ നടത്തുകയും ചെയ്തു. നിലവിൽ എൻ.ടി.എ.യിലെ വിദഗ്ധർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതികൾ എൻ.ടി.എ.യിലെ സബ്ജക്ട് വിദഗ്ധരാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img