
ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നെന്ന ശക്തമായ സംശയത്തെത്തുടർന്ന് ഈ വർഷത്തെ നീറ്റ് (NEET-UG) പരീക്ഷ റദ്ദാക്കി. ഇതോടെ പരീക്ഷയെഴുതിയ 22.79 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. കേരളത്തിൽ നിന്ന് മാത്രം ഒന്നേകാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര സർക്കാർ സി.ബി.ഐക്ക് കൈമാറി.
ആശങ്ക പടർത്തി എൻ.ടി.എയുടെ മൗനം
പരീക്ഷ റദ്ദാക്കിയെങ്കിലും പുനഃപരീക്ഷ എന്ന് നടത്തുമെന്ന കാര്യത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പുതിയ പരീക്ഷാ തീയതിയെക്കുറിച്ചും അഡ്മിറ്റ് കാർഡ് വിതരണത്തെക്കുറിച്ചും പത്ത് ദിവസത്തിനുള്ളിൽ അറിയിക്കുമെന്നാണ് എൻ.ടി.എ നൽകുന്ന വിശദീകരണം. കേന്ദ്ര ഏജൻസികൾ നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് അധികൃതർ നീങ്ങിയത്.
കേരളത്തിലേക്കും അന്വേഷണം
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിലെ കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോഴിക്കോട്ടെ ഒരു മെഡിക്കൽ വിദ്യാർത്ഥി പരീക്ഷയ്ക്ക് നാല് ദിവസം മുൻപ് ചോദ്യപേപ്പർ ചോർത്തിയതായി രാജസ്ഥാൻ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. കേരള പൊലീസുമായി സഹകരിച്ച് രാജസ്ഥാൻ പോലീസ് ഉടൻ സംസ്ഥാനത്തെത്തി വിശദമായ അന്വേഷണം നടത്തും.
ഞെട്ടിക്കുന്ന 'ഊഹപ്പേപ്പർ'
രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തിയ 'ഗസ് പേപ്പർ' ആണ് അന്വേഷണത്തിൽ നിർണ്ണായകമായത്. കൈകൊണ്ടെഴുതിയ ഈ പേപ്പറിലെ 150 ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മുഖ്യ സൂത്രധാരനടക്കം പിടിയിൽ
ചോർച്ചയുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരൻ മനീഷ് യാദവ് ഉൾപ്പെടെ 50-ഓളം പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 30,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ വിറ്റതെന്നാണ് വിവരം. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയാണ് ഇതിന് പിന്നിലെന്ന് സി.ബി.ഐ സംശയിക്കുന്നു.
കഴിഞ്ഞ വർഷവും സമാനമായ പരാതികൾ ഉയർന്നിരുന്നെങ്കിലും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് പുനഃപരീക്ഷയ്ക്ക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നില്ല. എന്നാൽ ഇത്തവണ പരീക്ഷയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്ന സാഹചര്യത്തിലാണ് പരീക്ഷ തന്നെ റദ്ദാക്കാൻ കേന്ദ്ര മന്ത്രാലയം തീരുമാനിച്ചത്.










