10:40am 27 June 2026
NEWS
ബിഹാറിൽ എൻഡിഎ തൂത്തുവാരി; നിർണായക തെരഞ്ഞെടുപ്പിനിടെ രാ​ഹുൽ ​ഗാന്ധി പോയതെവിടെ?
14/11/2025  03:58 PM IST
nila
ബിഹാറിൽ എൻഡിഎ തൂത്തുവാരി; നിർണായക തെരഞ്ഞെടുപ്പിനിടെ രാ​ഹുൽ ​ഗാന്ധി പോയതെവിടെ?

കോൺഗ്രസ് വീണ്ടും ഒരു വലിയ രാഷ്ട്രീയ പരീക്ഷയിൽ പരാജയപ്പെട്ടു എന്നാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. പക്ഷേ ഈ പരാജയത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് കോൺ​ഗ്രസിന്റെ പ്രകടനമല്ല; മറിച്ച് കോൺഗ്രസിന്റെ മുഖമായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭാവമാണ്.

ബിഹാറിലെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കൾ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. എന്നാൽ, അവിടെയെങ്ങും രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കാണാനില്ല. ഇതോടെ സമൂഹ മാധ്യമങ്ങളിലും രാഹുൽ എവിടെയെന്ന ചോദ്യമുയർന്നു.

തെരഞ്ഞെടുപ്പിനിടെ രാഹുൽ അവധി ആഘോഷിക്കാൻ വിദേശത്ത് പോയോ? 

ഇതിനിടെ രാഹുൽ ​ഗാന്ധി അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോയെന്ന പ്രചാരണവും ശക്തമായിരുന്നു. രാഹുൽ ഗാന്ധിയും മിരായ വദ്രയുംഹീത്രോ വിമാനത്താവളത്തിൽ എത്തിയെന്ന വീഡിയോ പ്രചരിച്ചു. പിന്നെ അതിന് പിന്നാലെ “ലണ്ടൻ”, “മസ്കറ്റ്” തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ കൂടി ചേർത്ത് പുതിയ കഥകളും പുറത്തുവന്നു. എന്നാൽ, കോൺ​ഗ്രസ് നേതൃത്വം ഈ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. വളരെ പഴയ വീഡിയോയാണ് പ്രചരിക്കുന്നത് എന്നായിരുന്നു കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. 

ആരംഭശൂരത്വം, പക്ഷേ ഒടുക്കം 'പവനായി ശവമായി'

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി തുടക്കത്തിൽ രാഹുൽ ​ഗാന്ധി കാടിളക്കിയുള്ള പ്രചാരണമാണ് നയിച്ചത്. രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ ബിഹാറിൽ വലിയ ചർച്ചയായിരുന്നു. 23 ജില്ലകളിലൂടെ 1,300 കിലോമീറ്റർ ദൂരമാണ് വോട്ട് അധികാർ യാത്ര പര്യടനം നടത്തിയത്. തേജസ്വി യാദവും രാഹുലിനൊപ്പം സജീവമായി രംഗത്തെത്തി. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ രാഹുൽ ​ഗാന്ധി അപ്രത്യക്ഷനായി. 

തുടർന്നുള്ള ദിവസങ്ങളിൽ ദക്ഷിണ അമേരിക്കയിലേക്കുള്ള യാത്ര, പിന്നെ വോട്ട് മോഷണത്തെ കുറിച്ചുള്ള വമ്പൻ പത്രസമ്മേളനം — എല്ലാം ഒരാഴ്ച മാത്രമോളം വാർത്ത. അതിന് ശേഷം വീണ്ടും നീണ്ട മൗനം. ബിഹാറിന്റെ രാഷ്ട്രീയ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന വിഷയങ്ങൾ തൊഴിലും വികസനവുമാണെന്ന് തേജസ്വി യാദവ് തിരിച്ചറിഞ്ഞിരുന്നു. ബിഹാറിലെ ഒരു വോട്ടറുടെ പ്രതിമാസ വരുമാനം 5,700 രൂപ മാത്രം. എന്നാൽ അവിടുത്തെ ജനങ്ങൾക്കുള്ള പ്രധാനപ്പെട്ട ചോദ്യം എനിക്ക് ഒരു ജോലി കിട്ടുമോ എന്നതായിരുന്നു. എന്നാൽ,  രാഹുൽ ഗാന്ധി തന്റെ മുഴുവൻ ശ്രദ്ധയും “വോട്ട് ചോരി”, “എസ്ഐആർ” തുടങ്ങിയ വിഷയങ്ങളിൽലേക്ക് തിരിച്ചു. അതേസമയം, തൊഴിലും വികസനവും തന്നെ ചർച്ചയാക്കി ബിജെപിയും ജെഡിയുവും കളംനിറഞ്ഞുനിന്നു. 


പ്രശാന്ത് കിഷോർ പറഞ്ഞത് വീണ്ടും തെളിഞ്ഞോ?

ഡെൽഹി നേതാക്കൾ ബിഹാറിൽ വരുന്നത് സീസണലാണെന്നും തിരഞ്ഞെടുപ്പിനു മാത്രമാണ് ഇവരെ ബീഹാറിൽ കാണാനാകുക എന്നും ജൻ സുരാജ് പാർട്ടിയുമായി ബീഹാറിന്റെ ഭരണം പിടിക്കാൻ ഇറങ്ങിയ പ്രശാന്ത് കിഷോർ മുൻപ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വിലയിരുത്തൽ വീണ്ടും കൃത്യമായി പൊരുത്തപ്പെട്ടു. പ്രതിപക്ഷ സഖ്യത്തിന് കിട്ടേണ്ട 13 ശതമാനം വോട്ടുകളാണ് പ്രശാന്ത് കിഷോറിന്റെ പാർട്ടി പിടിച്ചത്. ഇതും ഇന്ത്യാ സഖ്യത്തിന്റെ പരാജയത്തിന്റെ ആക്കംകൂട്ടി. 

കോൺഗ്രസിന്റെ തോൽവിയോ രാഹുൽ ഗാന്ധിയുടെ അഭാവമോ?

കോൺഗ്രസിന് ബിഹാറിൽ പാരമ്പര്യ വോട്ട് ബാങ്ക് ഉണ്ടെങ്കിലും, അത് നിലനിർത്താൻ പ്രാപ്തിയുള്ള നേതൃത്വമില്ലാത്തതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിഹാറിലെ പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ മൗനം, രാഹുലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം എല്ലാം ഒടുവിൽ കോൺഗ്രസിന്റെ പ്രകടനത്തെ ബാധിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ തോൽവിക്ക് പിന്നാലെയും അദ്ദേഹത്തിന്റെ പ്രതികരണം കാണാനില്ല. പ്രസ്താവനയില്ല, രാഷ്ട്രീയ സന്ദേശവുമില്ല.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img