
ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലത്തിൽ എൽ ഡി എഫ് ആക്രമണം അഴിച്ചു വിടുന്നതായി എൻ ഡി ഏ ആരോപണം.
പരസ്യപ്രചാരണത്തിന് കഴിഞ്ഞ ദിവസം മൂന്ന് മുന്നണികൾക്കും വിവിധ സ്ഥലങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ അക്രമത്തിന് ശ്രമം ഉണ്ടായി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ എൻഡിഎ കലാശക്കൊട്ടിന്റെ ഇടയിലേക്ക് സിപിഎമ്മുകാർ ഇരുചക്ര വാഹനങ്ങൾ ഇടിച്ചു കയറ്റി. സ്ഥലത്ത് പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. ബിജെപി മണ്ഡലം പ്രസിഡണ്ട് അടക്കമുള്ളവർ സംയമനം പാലിച്ചത് കൊണ്ടാണ് സംഘർഷം ഉണ്ടാകാതിരുന്നത്. പലസ്ഥലങ്ങളിലും കരുതിക്കൂട്ടി സംഘർഷം സൃഷ്ടിച്ച്, മണ്ഡലത്തിൽ എൻ ഡി എയ്ക്ക് ഉണ്ടായ അനുകൂല തരംഗം തകർക്കാനുള്ള ഗൂഢ ശ്രമമാണ് നടന്നത്. അതിന് പോലീസും കൂട്ടുനിൽക്കുകയായിരുന്നു. ഇതിനിടയിൽ നിന്ന് പ്രശ്നത്തെ മുതലെടുക്കാനുള്ള ശ്രമമാണ് യുഡിഎഫും നടത്തുന്നത്. നിശബ്ദപ്രചാരണ ദിവസം തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സിപിഎം പ്രചാരണം നടത്തിയത്. കൊടികളും തോരണങ്ങളുമായി വാഹനങ്ങളിലും മറ്റും കൂട്ടത്തോടെ കറങ്ങി നടന്നു മുദ്രാവാക്യം വിളികളു വിളികളുമായാണ് പ്രചാരണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരസ്യപ്രചാരണങ്ങളെ പോലെ തന്നെയായിരുന്നു ഇന്നലെയും. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനേയും വരണാധികാരിയായ ആ ഡി ഒ യുടേയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. ആർ ഡി ഒയുടെയും പോലീസിന്റെയും ഒത്താശയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിന് പരസ്യപ്രചാരണം അവസാനിച്ചിട്ടും ഇത്തരത്തിൽ കോലാഹലങ്ങൾ സൃഷ്ടിച്ച് പ്രചാരണം നടത്തുന്നു എന്നാണ് ആക്ഷേപം. മണ്ഡലത്തിൽ മുളക്കുഴയിലാണ് ഇത്തരത്തിൽ പ്രചാരണം കൂടുതലായി നടക്കുന്നതായി പരാതി ഉള്ളത്. ഇവിടെ സ്ഥാനാർത്ഥിയുടെ പോസ്റ്ററും കൊടി തോരണങ്ങളും ശബ്ദ കോലാഹലങ്ങളും ആയിട്ടാണ് വീടുകൾ കയറി
ഉള്ള വോട്ട് പിടുത്തം. വരണാധികാരിയോട് പരാതി പറഞ്ഞെങ്കിലും പരാതി അറിയിക്കാനുള്ള പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാണ് പറഞ്ഞത്. എന്നാൽ ഈ സംവിധാനത്തിലൂടെ പരാതി അറിയിക്കാൻ കഴിയാതെ വന്നതോടെ എൻഡിഎ സ്ഥാനാർഥി അടക്കമുള്ള ബിജെപി പ്രവർത്തകർ ആർ ഡിഒ ഓഫീസിൽ എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരത്തിൽ നടത്തുന്ന പ്രവർത്തനം ജനാധിപത്യത്തെ അട്ടിമറിക്കാൻ ആണെന്ന് പ്രവർത്തകർ ആരോപിച്ചു.











