04:09am 27 May 2026
NEWS
നവപല്ലവ 2026: ഖത്തറിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ വിസ്മയവിരുന്ന്:122 കലാകാരികൾ പങ്കെടുത്തു
26/05/2026  07:33 PM IST
nila
നവപല്ലവ 2026: ഖത്തറിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ വിസ്മയവിരുന്ന്:122 കലാകാരികൾ പങ്കെടുത്തു.

 

അൽ വക്രയിലെ ഡി.പി.എസ്. എം.ഐ.എസ് ഓഡിറ്റോറിയം സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലാസൗന്ദര്യത്താൽ നിറഞ്ഞ ഒരു സായാഹ്നത്തിന് സാക്ഷിയായി. നൂപുരധ്വനി സംഘടിപ്പിച്ച “നവപല്ലവ 2026” ദക്ഷിണേന്ത്യൻ ശാസ്ത്രീയ നൃത്തങ്ങളുടെ ഭംഗിയും പാരമ്പര്യവും ഒരുമിപ്പിച്ച ശ്രദ്ധേയമായ സാംസ്കാരിക വിരുന്നായി മാറി.

2009-ൽ ഗുരു കലാമണ്ഡലം സീമ രാജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂപുരധ്വനി, ഇന്ന് ഇന്ത്യയിലും ഖത്തറിലുമായി നിരവധി വിദ്യാർത്ഥികളെ ശാസ്ത്രീയ നൃത്തത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന ഒരു സാംസ്കാരിക വേദിയായി വളർന്നു. മൂന്ന് വർഷത്തിലൊരിക്കൽ ഖത്തറിൽ അരങ്ങേറ്റം നടത്തുന്ന ഈ മെഗാ പരിപാടിയിൽ ഇത്തവണ അരങ്ങേറ്റം കുറിച്ച 90 കലാകാരികൾ ഉൾപ്പെടെ 
122 കലാകാരികൾ പങ്കെടുത്തു.

സീമ രാജിത്ത് ആശയവത്കരിച്ച “പ്രണാദ” എന്ന സ്വാഗതനൃത്തത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. അവർ തന്നെ രചിച്ച ഗാനത്തിന് ഖത്തറിലെ പ്രശസ്ത സംഗീതജ്ഞനായ ശ്യാം സംഗീതം പകർന്നു. ശാസ്ത്രീയ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ആത്മാവിനെ പ്രേക്ഷകരിലേക്ക് എത്തിച്ച അവതരണം കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

ഗോൾഡ് മെഡലിസ്റ്റും പിന്നണി ഗായികയുമായ ആർ. ജയലക്ഷ്മി “പ്രണാദ”യുടെ പ്രഥമ അവതരണം നിർവഹിച്ചത് ചടങ്ങിലെ പ്രത്യേക നിമിഷമായി. ഇന്ത്യൻ കലാരൂപങ്ങളുടെ ആഴവും വൈവിധ്യവും ആഘോഷിക്കുന്ന അവതരണങ്ങൾ സദസിനെ ഏറെ ആകർഷിച്ചു.

എല്ലാ കലാകാരികളും  ഒന്നിച്ചെത്തി അരങ്ങ് തകർത്താടിയ സമാപന നൃത്തരൂപത്തോടെ നയന മനോഹരമാ കലാസന്ധ്യയ്ക്ക് സമാപനം കുറിച്ചു.

ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രസിഡന്റ് എ. പി. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, വീൽ മേറ്റർ ജനറൽ മാനേജർ കരുണാകർ മേനോൻ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി, ഐ.സി.സി സാംസ്കാരിക വിഭാഗം മേധാവി നന്ദിനി എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

സ്വാഗതപ്രസംഗം പ്രവീൺ കുമാർ നിർവഹിച്ചു. നന്ദിപ്രസംഗം സജീവ് അവതരിപ്പിച്ചു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള കലാസ്നേഹികൾ, കുടുംബങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ വലിയ സാന്നിധ്യം “നവപല്ലവ 2026”നെ ഒരു മറക്കാനാവാത്ത സാംസ്കാരിക ആഘോഷമാക്കി മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img