
കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ സമരം നീളും. ഭരണ - പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിൽ അണിനിരന്നതോടെ കേരളം അക്ഷരാർത്ഥത്തിൽ നിശ്ചലമാകും. സർക്കാർ സമരദിനം ‘ഡയസ് നോൺ’ ആയി പ്രഖ്യാപിച്ചതിനാൽ ജോലിയിൽ ഹാജരാകാത്തവർക്ക് ശമ്പളം ലഭിക്കില്ല.
സംസ്ഥാനത്ത് സിഐടിയുവും ഐഎൻടിയുസിയും പ്രത്യേകമായാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സംയുക്ത സമരം വേണ്ടെന്ന് കെപിസിസി നിർദ്ദേശിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും സമരത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ എൻജിഒ അസോസിയേഷൻ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.
ഗതാഗത മേഖലയിലാണ് പണിമുടക്ക് കൂടുതൽ ബാധിക്കുക. ഓട്ടോ, ടാക്സി, സ്വകാര്യ ബസുകൾ, ലോറികൾ എന്നിവയുടെ സർവീസുകൾ നിലച്ചേക്കും. റെയിൽവേ, വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ മേഖലകളിലും പ്രവർത്തനം മന്ദഗതിയിലാകും. എന്നാൽ പാൽവിതരണം, പത്രവിതരണം, ആശുപത്രികൾ, മരുന്നുകടകൾ പോലുള്ള അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന തീരുമാനം പുനഃപരിശോധിക്കണം, നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള നീക്കം ഉപേക്ഷിക്കണം, ജോലിസ്ഥിരത ഉറപ്പാക്കണം, ശ്രം ശക്തി നിതി ബിൽ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്.











