06:35am 13 November 2026
NEWS
ഖത്തർ-ചൈന സാംസ്കാരിക ബന്ധം ശക്തമാക്കി നാഷണൽ മ്യൂസിയത്തിന്റെ 'ഓൺ ദി മൂവ്' പ്രദർശനം ബെയ്ജിങ്ങിൽ
23/06/2026  03:49 PM IST
nila
ഖത്തർ-ചൈന സാംസ്കാരിക ബന്ധം ശക്തമാക്കി നാഷണൽ മ്യൂസിയത്തിന്റെ ഓൺ ദി മൂവ് പ്രദർശനം ബെയ്ജിങ്ങിൽ

​ദോഹ: ഖത്തറും ചൈനയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിന് പുതിയ അധ്യായം കുറിച്ചുകൊണ്ട്, നാഷണൽ മ്യൂസിയം ഓഫ് ഖത്തറിന്റെ (NMoQ) പ്രഥമ അന്താരാഷ്ട്ര സഞ്ചാര പ്രദർശനമായ 'ഓൺ ദി മൂവ്' (On the Move) ബെയ്ജിങ്ങിലെ നാഷണൽ മ്യൂസിയം ഓഫ് ചൈനയിൽ (NMC) ആരംഭിച്ചു. ഖത്തർ-ചൈന സാംസ്കാരിക വർഷാചരണത്തിന്റെ (2016) പത്താം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ പ്രദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രകടനമായി മാറി.
​ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയങ്ങളിലൊന്നായ നാഷണൽ മ്യൂസിയം ഓഫ് ചൈനയിലെ സൗത്ത് ഗാലറി 3-ൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം സെപ്റ്റംബർ 9 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.ഖത്തറി വനിതകൾ ആടിന്റെയും ഒട്ടകത്തിന്റെയും രോമം കൊണ്ട് നെയ്തെടുത്ത 'ബൈത് അൽ ഷാർ' (House of Hair) എന്ന പരമ്പരാഗത കൂടാരമാണ് ബെയ്ജിങ്ങിലെ പ്രദർശന നഗരിയിൽ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം. മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിച്ച ഖത്തറിലെ നാടോടി സമൂഹങ്ങളുടെ ജീവിതരീതിയും അതിജീവനവും ഈ കൂടാരം സന്ദർശകർക്ക് കാട്ടിത്തരുന്നു.
​പതിനെട്ടാം നൂറ്റാണ്ട് മുതൽ ഖത്തറിൽ എണ്ണപ്പര്യവേക്ഷണം ആരംഭിക്കുന്നത് വരെയുള്ള കാലഘട്ടത്തിലെ മരുഭൂമിയിലെ ജനജീവിതം വ്യക്തമാക്കുന്ന 150-ലധികം പുരാവസ്തുക്കൾ, അപൂർവ്വ ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ചരിത്രരേഖകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2022-ൽ ഖത്തർ-മെനാസ (MENASA) സാംസ്കാരിക വർഷത്തിന്റെ ഭാഗമായി 400-ലധികം വസ്തുക്കളുമായി ദോഹയിലാണ് 'ഓൺ ദി മൂവ്' ആദ്യമായി ആരംഭിച്ചത്. പിന്നീട് 2024-ൽ മംഗോളിയയിലെ ഉലാൻബാതറിലുള്ള നാഷണൽ മ്യൂസിയത്തിൽ ഇത് പ്രദർശിപ്പിച്ചു. ഖത്തറിന് പുറത്ത് നടക്കുന്ന നാഷണൽ മ്യൂസിയത്തിന്റെ ആദ്യ അന്താരാഷ്ട്ര പ്രദർശനം കൂടിയാണിത്.
​2016-ൽ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച സാംസ്കാരിക വർഷാചരണം ഖത്തറിലെയും ചൈനയിലെയും മ്യൂസിയങ്ങൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ സഹായിച്ചതായും, ഒരു പതിറ്റാണ്ടിപ്പുറവും ആ സുഹൃദ്‌ബന്ധം പുതിയ പ്രദർശനങ്ങളിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും ഖത്തർ മ്യൂസിയംസ് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img