
ബംഗളുരു: ദേശീയ നേതൃത്വത്തിന് സംഭവിച്ച ഒരു കൈയബദ്ധമാണ് 2023 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കർണാടക സംസ്ഥാന ഭരണം നഷ്ടപ്പെടാനിടയാക്കിയത്. പ്രത്യേക കാരണമൊന്നും ഇല്ലാതിരുന്നിട്ടും, കാലാവധി പൂർത്തിയാകും മുമ്പേ, മുതിർന്ന നേതാവായ യഡിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി പകരം ജൂണിയർ നേതാവായ ബസവരാജ് ബൊമ്മായിയെ അവരോധിച്ചതാണ് വിനയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ നേതാക്കളായി ബിജെപിയുടെ നേതൃത്വം കയ്യടക്കുന്നതിന് എത്രയോ മുമ്പ് കർണാടകത്തിൽ താമര വിരിയിച്ച നേതാവാണ് യഡിയൂരപ്പ. 2023 ൽ കേവലം തോൽവിയല്ല, വൻ തകർച്ചയാണ് ബിജെപിയ്ക്ക് സംസ്ഥാനത്ത് സംഭവിച്ചത്. പിഴവ് മനസ്സിലാക്കി യഡിയൂരപ്പയ്ക്ക് തന്നെ കർണാടകത്തിൽ പാർട്ടിയുടെ ചുമതല ദേശീയനേതൃത്വം ഏൽപ്പിച്ചുകൊടുത്തെങ്കിലും മൂന്നുവർഷം കടന്നുപോയിട്ടും കാര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം പോയ യഡിയൂരപ്പ ദുർബലനായിരുന്നു. പഴയ പ്രതിഛായ വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മകനും യുവനേതാവുമായ വിജയേന്ദ്രയെയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം അവരോധിച്ചത്. പല മുതിർന്ന നേതാക്കളും വിജയേന്ദ്രയുടെ നേതൃത്വം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അതൊരു പ്രശ്നമായി പാർട്ടിയെ വീണ്ടും ശിഥിലമാക്കി. സിദ്ധരാമയ്യ ഗവണ്മെന്റിനെ ആഞ്ഞടിക്കാനോ ഉപതെരഞ്ഞെടുപ്പുകളിൽ ജയിക്കാനോ ജെഡിഎസ്സിന്റെ പിന്തുണയുണ്ടായിട്ടും പ്രധാന പ്രതിപക്ഷമായ ബിജെപിയ്ക്ക് കഴിഞ്ഞില്ല.വിജയേന്ദ്രയെ പുറത്താക്കണമെന്ന് മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ മറ്റൊരാളോട് പറയുന്ന ഫോൺ സംഭാഷണം ലീക്കായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം വിവാദമായതോടെ അത് തന്റെ ശബ്ദമല്ലെന്ന് പറഞ്ഞ് സദാനന്ദ ഗൗഡ നിഷേധിക്കുകയായിരുന്നു. യലഹങ്ക എംഎൽഎ എസ് ആർ വിശ്വനാഥും ചിക്കബല്ലാപ്പൂർ എം പി ഡോക്ടർ കെ സുധാകറും തമ്മിൽ പൊരിഞ്ഞ വാഗ്ദ്വാദം നടക്കുന്നുണ്ട്. രണ്ടുപേരും പാർട്ടിയുടെ പ്രമുഖ നേതാക്കളാണ്. ദേശീയ ജനറൽ സെക്രട്ടറി രാധ മോഹൻദാസ് അഗർവാൾ ബംഗളുരുവിലെത്തി പാർട്ടിയിലെ ആന്തരിക പ്രശ്നങ്ങൾക്ക് കാരണക്കാരായ നേതാക്കളെ കണ്ട് സംസാരിച്ചിരുന്നു. സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ മാസം നടന്ന എം എൽ സി തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി കോൺഗ്രസ്സ് സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്തത് പാർട്ടിയ്ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ആരാണ് കൂറുമാറി വോട്ടുചെയ്തതെന്ന് അന്വേഷണ കമ്മീഷനെ വെച്ച് നേതൃത്വം കണ്ടെത്തിയിരുന്നു. കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടായേക്കും. ഏതാനും മാസത്തിനുള്ളിൽ വിജയേന്ദ്രയുടെ കാലാവധി അവസാനിക്കും. അദ്ദേഹത്തെ ഒരു തവണ കൂടി തുടരാൻ അനുവദിക്കുമോ അതല്ല പുതിയ അധ്യക്ഷനെ കണ്ടെത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാർലമെന്ററി ബോർഡ് അംഗമായ യഡിയൂരപ്പയ്ക്ക് 83 വയസ് കഴിഞ്ഞു. പഴയ പ്രതാപം നിലനിർത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. അത് പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Photo Courtesy - Google










