
ശാസ്ത്രലോകത്തെ അതിശയിപ്പിക്കുന്ന കണ്ടെത്തലുമായി നാസ. ഇതുവരെ അംഗീകരിച്ചിരുന്ന ഗ്രഹഘടനാ ധാരണകളെ മറികടക്കുന്ന അസാധാരണ സ്വഭാവമുള്ള അന്യഗ്രഹം കണ്ടെത്തിയെന്നാണ് നാസ വ്യക്തമാക്കുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ഈ അപൂർവ ഗ്രഹത്തെ കണ്ടെത്തിയത്. പിഎസ്ആർ ജെ2322-2650ബി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം വലിപ്പത്തിൽ വ്യാഴത്തിന് തുല്യമാണ്.
സൗരയൂഥത്തിന് പുറത്തുള്ള ഈ ഗ്രഹം ഒരു പൾസറിനെയാണ് ചുറ്റി സഞ്ചരിക്കുന്നത്. നക്ഷത്രങ്ങൾ നശിച്ച ശേഷം അവയുടെ കാമ്പ് അതിസാന്ദ്രമായി ചുരുങ്ങി രൂപപ്പെടുന്ന, അതിവേഗം ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങളാണ് പൾസറുകൾ. ഇത്തരമൊരു അപകടകരമായ നക്ഷത്രത്തിന്റെ അതിസമീപത്ത് ഒരു ഗ്രഹം നിലനിൽക്കുന്നത് തന്നെ അപൂർവവും അതിശയകരവുമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
പൾസറിനും ഗ്രഹത്തിനും ഇടയിലെ അകലം വെറും 10 ലക്ഷം മൈൽ മാത്രമാണ്. ഇതിന്റെ ഫലമായി ഈ ഗ്രഹത്തിൽ ഒരു വർഷം പൂർത്തിയാകാൻ 7.8 മണിക്കൂർ മാത്രം മതിയാകുന്നു. പൾസറിന്റെ അതിശക്തമായ ഗുരുത്വാകർഷണം ഗ്രഹത്തെ വലിച്ചുനീട്ടിയതിനാൽ ദൂരത്ത് നിന്ന് നോക്കുമ്പോൾ ഇത് നാരങ്ങയുടെ ആകൃതിയിലാണെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഹീലിയവും കാർബൺ സംയുക്തങ്ങളായ C₂, C₃ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതുവഴി കരിമേഘങ്ങളും വജ്രസദൃശ ഘടനകളും രൂപപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതുവരെ പഠനവിധേയമാക്കിയ 150 അന്യഗ്രഹങ്ങളിൽ ഓക്സിജനും നൈട്രജനും ഇല്ലാത്ത അപൂർവ അന്തരീക്ഷ ഘടനയാണ് ഇതിന്.
ഗ്രഹത്തിന്റെ ഉപരിതല താപനില 648.89 ഡിഗ്രി സെൽഷ്യസിനും 2037.78 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഈ കണ്ടെത്തൽ ഗ്രഹങ്ങളുടെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള നിലവിലുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ വീണ്ടും പരിശോധിക്കേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.











