
ഇന്ത്യയുടെ വിശ്വചലച്ചിത്രകാരൻ സത്യജിത്‌റേ 1983 ജൂൺ 10 ന് സൂര്യ ഫിലിം സൊസൈറ്റിയുടെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തുകയുണ്ടായി. ആദ്യകാല റേ സിനിമകളുടെ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മൂന്നുദിവസം തിരുവനന്തപുരത്ത് താമസിക്കുകയും, വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. വൻവരവേൽപ്പാണ് തലസ്ഥാനനഗരി അദ്ദേഹത്തിനൊരുക്കിയത്. തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് അടൂർ ഗോപാലകൃഷ്ണന്റെ വിഖ്യാതമായ 'എലിപ്പത്തായം' അദ്ദേഹം കാണുകയുണ്ടായി.
സംസ്ഥാന അതിഥിയായെത്തിയ റേ താമസിച്ചിരുന്നത് ഗവർണ്ണറുടെ രാജ്ഭവനിലായിരുന്നു. ആ അവസരത്തിൽ അടൂർ ഗോപാലകൃഷ്ണന്റെ താൽപ്പര്യപ്രകാരം 'നാന'യ്ക്ക് പ്രത്യേക അഭിമുഖം റേ അനുവദിച്ചു. 1983 ജൂൺ 24 ലക്കം 'നാന'യിൽ പ്രസിദ്ധീകരിച്ച ആ കൂടിക്കാഴ്ചയുടെ പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു...
താങ്കളുടെ പുതിയ ചിത്രമായ 'ഖരേ ബയിരേ' ടാഗോറിന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണല്ലോ. താങ്കളുടെ കലയെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ളതുകൊണ്ടാണോ ടാഗോറിനോട് ഇത്ര കൂടുതൽ പ്രതിപത്തി കാട്ടാൻ കാരണം?
സത്യജിത്‌റേ: ഇല്ലില്ല. ടാഗോറിനോട് ഞാൻ കൂടുതൽ പ്രതിപത്തി കാണിക്കുന്നുവെന്ന് പറയുന്നത് ശരിയല്ല. ഇരുപതുവർഷങ്ങൾക്കുശേഷമാണ് ഞാനൊരു ടാഗോർ കഥ ഫിലിമിലാക്കുന്നത്. 'ഖരേ ബയിരേ' ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ മാത്രമേ ടാഗോർ കഥകളെ അവലംബമാക്കി ഞാൻ നിർമ്മിച്ചിട്ടുള്ളൂ. ആധുനികരുൾപ്പെടെ മറ്റ് പല ബംഗാളി എഴുത്തുകാരുടെ കഥകൾ ഞാൻ ചലച്ചിത്രമാക്കിയിട്ടുണ്ട്. എന്റെ ആദ്യത്തെ ചിത്രമായ 'പാഥേർ പാഞ്ചാലി'യുടെ കർത്താവ് വിഭൂതിഭൂഷൺ ആണ്. ഇതുവരെയുള്ള എന്റെ എല്ലാ ചിത്രങ്ങളും പരിശോധിച്ചാൽ മനസ്സിലാകും ടാഗോറിനോട് മാത്രമായി പ്രത്യേകപ്രതിപത്തി ഞാൻ കാണിച്ചിട്ടില്ലായെന്ന്. ടാഗോർ മഹാനായ ഒരു എഴുത്തുകാരനാണ്. സാഹിത്യരംഗത്ത് അദ്ദേഹം ഒരമാനുഷികനാണ്. പ്രത്യേകിച്ചും ചെറുകഥകളുടെ കാര്യത്തിൽ. മഹാനായ ഒരെഴുത്തുകാരനെന്ന നിലയിൽ ഞാൻ ടാഗോറിനെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്നു. പക്ഷേ ഇതിനർത്ഥം ഞാൻ ടാഗോറിനെ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ എന്നല്ല. എല്ലാ സമയവും ഞാൻ ടാഗോറല്ല വായിക്കുന്നത്. ആധുനിക എഴുത്തുകാരിൽ ഞാനിഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അവരിൽ പലരുടെയും കഥകൾ ഞാൻ ചലച്ചിത്രമാക്കാൻ സ്വീകരിച്ചിട്ടുണ്ട്. ബങ്കിമിനെയും ഞാനിഷ്ടപ്പെടുന്നു.
ഒരുപക്ഷേ, എന്റെ കുടുംബ പശ്ചാത്തലം കൊണ്ടായിരിക്കാം ടാഗോറിനോട് ഞാൻ കൂടുതൽ പ്രതിപത്തി കാണിക്കുന്നു എന്ന ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ബ്രഹ്മ പശ്ചാത്തലം ചിലപ്പോൾ ഒരു ലിബറൽ ചിന്താഗതി എന്നിൽ നിലനിറുത്താൻ ഇടയാക്കിയിരിക്കും. എന്നാൽ ആളുകൾ പറയും പോലെ, ആ ചായ്‌വിനെക്കുറിച്ചോ, ടാഗോറിനോടുള്ള പ്രത്യേക പ്രതിപത്തിയെക്കുറിച്ചോ ഞാനൊരിക്കലും ബോധവാനായിരുന്നില്ല. 'ജന ആരണ്യ' പോലുള്ള ചിത്രങ്ങൾക്ക് ടാഗോറുമായി എന്തെങ്കിലും ബന്ധമുള്ളതായി ഞാൻ കരുതുന്നില്ല.
അതുപോലെ ആധുനിക എഴുത്തുകാരോട് വിപ്രതിപത്തി ഉള്ളതുകൊണ്ടോ, സമകാലിക സമൂഹവുമായി പ്രതികരിക്കാനാവാത്തതുകൊണ്ടോ അല്ല ഞാൻ വീണ്ടും ഒരു ടാഗോർ കഥ ചിത്രമാക്കുന്നത്. സമകാലിക സമൂഹത്തെയും പ്രശ്‌നങ്ങളെയും കുറിച്ച് ചിത്രമെടുക്കാൻ ആധുനിക എഴുത്തുകാർ എന്നെ സഹായിച്ചിട്ടുണ്ട്. 1962 ൽ എന്റെ ഒറിജിനൽ സ്‌ക്രീൻ പ്ലേയെ ആസ്പദമാക്കി നിർമ്മിച്ച 'കാഞ്ചൻ ജംഗ'യിൽ ഞാൻ മനസ്സിലാക്കിയ എന്റെ സമൂഹത്തെക്കുറിച്ചുള്ള എന്റെ ആശയങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. നഗരം
പരിവർത്തവിധേയാമായിക്കൊണ്ടിരിക്കുകയാണ്. അക്കാലത്തെ കൽക്കട്ടയും ഇന്നത്തെ കൽക്കട്ടയും തമ്മിൽ വലിയ അന്തരമുണ്ട്. ടാഗോർ ഇന്നുണ്ടായിരുന്നുവെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്നതിനെക്കുറിച്ച് എനിക്ക് നിശ്ചയമില്ല. ടാഗോറിന്റെ സ്പിരിറ്റിന് വിപരീതവും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഒരിക്കലുമില്ലാതിരിക്കുകയും ചെയ്തിരുന്ന ഒരുതരം സിനിസ്സിസമാണ് ഇന്ന് ഉത്തേജിക്കപ്പെടുന്നത്. നഗരത്തിന്റെ ഈ ചിത്രവും വർദ്ധമാനമായി വരുന്ന പ്രശ്‌നങ്ങളും ആധുനിക എഴുത്തുകാരുടെ മാദ്ധ്യമത്തിലൂടെയും എന്റെ സ്വന്തം വീക്ഷണത്തിലൂടെയും ഞാൻ പകരാൻ ശ്രമിക്കുന്നു.
'ഖരേ ബയിരേ'യുടെ സ്‌ക്രിപ്റ്റ് താങ്കൾ വർഷങ്ങൾക്ക് മുൻപ് എഴുതിയിരുന്നുവെന്ന് പറയുന്നല്ലോ. എന്തുകൊണ്ടാണ് അന്ന് അത് ചിത്രമാകാതെ പോയത്?
സത്യജിത് റേ: വർഷങ്ങൾക്ക് മുമ്പ് ഞാനൊരു ചലച്ചിത്രകാരനായിത്തീരും മുൻപുതന്നെ 'ഖരേ ബയിരേ' എന്ന കഥയുടെ കേന്ദ്രഭാവം എന്നെ ആകർഷിച്ചിരുന്നു. ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രേമകഥയാണത്. എന്നാൽ ചലച്ചിത്രമാധ്യമത്തോട് അത്യധികമായ അഭിനിവേശമുണ്ടായിരുന്നെങ്കിലും ജോലിയുണ്ടായിരുന്നതുകൊണ്ടു ഫിലിമിനെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നില്ല. എങ്കിലും സ്‌ക്രീൻപ്ലേ രചന അക്കാലത്ത് എന്റെയൊരു ഹോബിയായിരുന്നു. ആരോ ഖരേ ബയിരേ നിർദ്ദേശിച്ചപ്പോൾ അതിനൊരു സിനേറിയോ ഫോം ഉണ്ടാക്കാൻ എനിക്ക് വലിയ താൽപ്പര്യം തോന്നി. ഞാനതിനൊരു ട്രീറ്റ്‌മെന്റുണ്ടാക്കി. അമേരിക്കയിൽ നിന്നു മടങ്ങിവന്ന ഹരിസദൻ ഗുപ്ത സംവിധാനം ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അതൊരു മോശപ്പെട്ട തിരക്കഥയായിരുന്നു. ഹോളിവുഡ് രീതിയിലുള്ള ആ തിരക്കഥ ടാഗോറിന്റെ സ്പിരിറ്റ് ഒരു തരത്തിലും ഉൾക്കൊണ്ടിരുന്നില്ല. ഇന്നോർക്കുമ്പോൾ എനിക്കതിൽ ലജ്ജയുണ്ട്. സ്‌ക്രീൻപ്ലേ രചിക്കാൻ വേണ്ടി ഞാനൊരു കോൺട്രാക്ടിൽ ഒപ്പുവയ്ക്കുകയും, രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ തിരക്കഥയിൽ മാറ്റം വരുത്തണമെന്ന് നിർമ്മാതാവ് നിരന്തരമായി സമ്മർദ്ദം ചെലുത്താൻ തുടങ്ങിയപ്പോൾ എന്റെ നിയ ന്ത്രണം വിട്ടു. ഞാനാ പരിപാടി അവസാനിപ്പിച്ചു. അങ്ങനെയതവസാനിച്ചത് നന്നായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു.
അതിനുശേഷം ഇത് എപ്പോഴെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അത് സാധിതമായത്.
ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി ഈ ചിത്രത്തിൽ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
സത്യജിത്‌റേ: അതേക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. പൊതുവായി ഇത്രമാത്രം പറയാം- ഈ ചിത്രത്തിന് നാല് ഭാഗങ്ങളുണ്ട്. ആദ്യഭാഗം ബിമലയുടെ കാഴ്ചപ്പാടിലൂടെയാണ്. എല്ലാ രംഗങ്ങളിലും അവളെ കാണിക്കുന്നു. പിന്നീടത് അവളുടെ കാമുകനായ സന്ദീപിന്റെ വീക്ഷണമായി മാറുന്നു. അതുകഴിഞ്ഞ് കഥ ഒരു ദുരന്തദിശയിലേക്ക് തിരിയുകയും, ഭർത്താവായ നിഖിലേശ്വരന്റെ വീക്ഷണമായിത്തീരുകയും ചെയ്യുന്നു. എല്ലാ രംഗങ്ങളിലും അയാളുണ്ടാകുന്നു. സംവിധായകന്റെ വീക്ഷണത്തിലേയ്ക്ക് മാറുകയാണ് ചെയ്യുന്നത്. സാങ്കേതികമായി പറയുകയാണെങ്കിൽ വ്യത്യസ്തമായിട്ടാണ് ചെയ്തിട്ടുള്ളത്. ആദ്യത്തെ മൂന്നുഭാഗങ്ങൾ കമന്ററികളും മാനസികവ്യാപാരങ്ങളുമൊക്കെ കൂട്ടിച്ചേർത്തുള്ളതാണ്. അവസാനം അത് വസ്തുനിഷ്ഠമായ സ്റ്റേറ്റുമെന്റായി മാറുന്നു.
മറ്റുകഥകൾ ചലച്ചിത്രമാക്കുമ്പോൾ, മൂലകഥയിൽ നിന്ന് താങ്കൾ വലിയ വ്യത്യാസങ്ങൾ വരുത്താറുണ്ടല്ലോ, അതെന്തുകൊണ്ടാണ്?
സത്യജിത്‌റേ: വീക്ഷണകോൺ നിലനിറുത്തിക്കൊണ്ട് കഥകൾക്ക് രൂപാന്തരം നൽകുകയാണ് ഞാൻ ചെയ്യുന്നത്. ടാഗോർ 'നസ്തനീറി'ൽ പറയുന്ന ഒറിജിനൽ മെറ്റീരിയലും 'ചാരുലത'യും തമ്മിൽ താരതമ്യം ചെയ്താൽ ഇത് മനസ്സിലാക്കാവുന്നതാണ്. കഥകൾ സ്വീകരിക്കുമ്പോൾ മൂലത്തിൽ നിന്ന് ഞാൻ വ്യതിചലിക്കുന്നുവെന്ന ശക്തമായ ഒരാരോപണം എനിക്കെതിരെ പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ എന്റെ സൃഷ്ടിയിലെ ഇത്തരത്തിലുള്ള വ്യതിചലനങ്ങളെ ഞാൻ ന്യായീകരിക്കുകയും, എന്തുകൊണ്ട് സിനിമയിലേക്ക് പകരുമ്പോൾ സാഹിത്യത്തിലെ മെറ്റീരിയലിൽ നിന്ന് വ്യതിചലിക്കേണ്ടത് ആവശ്യമായിത്തീരുന്നുവെന്ന് ഞാൻ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കഥയോ, നോവലോ തെരഞ്ഞെടുക്കുമ്പോൾ, സ്വാഭാവികമായും എന്നെ ശക്തമായി ആകർഷിക്കുന്ന എന്തെങ്കിലുമൊന്ന് അതിലുണ്ടായിരിക്കും. അത് ഞാൻ നിലനിറുത്താൻ ശ്രമിക്കും. 'ഖരേ ബയിരേ'യിലും അതുതന്നെയാണ്. രൂപപരമായ മാറ്റം വരുമ്പോഴും മൂല്യഘടകങ്ങൾ നിലനിറുത്തിയിരിക്കും.
സമകാലിക സാമൂഹ്യ യാഥാർത്ഥ്യങ്ങളോട് താങ്കൾ പ്രതികരിക്കില്ലെന്നും, താങ്കളതിനോട് വൈമുഖ്യം കാട്ടുകയുമാണെന്നും ചിലർ പറയുന്നുണ്ടല്ലോ. എന്താണ് താങ്കളുടെ മറുപടി?
സത്യജിത് റേ: അത് ഒട്ടും ശരിയല്ല. സാമൂഹ്യയാഥാർത്ഥ്യങ്ങളോട് ഞാൻ എന്റേതായ വീക്ഷണകോണിലൂടെ പ്രതികരിക്കുന്നുണ്ട്. എന്നാൽ അത് ഏതെങ്കിലും പ്രത്യേക 'ഇസ'ത്തോടുള്ള ചായ്‌വിലല്ലെന്ന് മാത്രം. 'പ്രതിധ്വനി' അതിനൊരു തെളിവാണ്. ഞാനതിൽ രണ്ട് ചെറുപ്പക്കാരെ ചിത്രീകരിച്ചിട്ടുണ്ട്. നക്‌സലൈറ്റ് മാതൃകയിലുള്ള ഒരനുജൻ. എല്ലാറ്റിനോടും വെറുപ്പും അരിശവും കാട്ടുന്ന അയാൾ സായുധവിപ്ലവത്തിനുവേണ്ടി തീവ്രമായി വാദിക്കുന്നു. കുടുബം അയാൾക്കൊരു പ്രശ്‌നമല്ല. എന്നാൽ ജ്യേഷ്ഠൻ മറ്റൊരു തരത്തിലാണ്. മനസ്സുകൊണ്ട് വിപ്ലവം അഭിലഷിക്കുന്നുവെങ്കിലും കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെടാൻ അയാൾക്ക് കഴിയുന്നില്ല. അയാൾ ജോലി കണ്ടെത്താൻ നിർബന്ധിതനാകുന്നു. ഒരു ക്രിയേറ്റീവ് ആർട്ടിസ്റ്റെന്ന നിലയിൽ, ഞാൻ പ്രൊജക്ട് ചെയ്യുന്നത് ആ ജ്യേഷ്ഠനെയാണ്. അയാളുടെ അവസ്ഥയോടാണ് എനിക്കനുഭാവമുള്ളത്.
മലയാള സിനിമയെക്കുറിച്ച് എന്താണഭിപ്രായം?
സത്യജിത് റേ: മലയാളസിനിമയുമായി എനിക്ക് വളരെ അടുത്തകാലത്തെ പരിചയമേയുള്ളു എങ്കിലും അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾ എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്. അതുപോലെ അരവിന്ദന്റെ ചിത്രങ്ങളും ഞാൻ വളരെ ഇഷ്ടപ്പെടുന്നു. തീർച്ചയായും മലയാളം ഇൻഡ്യൻ സിനിമയിലെ ഒരു ഗണനീയ ശക്തിയാണ്.
അന്യഭാഷാ ചിത്രങ്ങൾ ആസ്വദിക്കുന്നതിൽ ഭാഷ തടസ്സമായി അനുഭവപ്പെടാറുണ്ടോ?
സത്യജിത്‌റേ: മിക്കപ്പോഴും ഞാൻ സബ്‌മൈറ്റിലുള്ള അന്യഭാഷാ ചിത്രങ്ങളേ കാണാറുള്ളൂ. അതുകൊണ്ട് ഭാഷ ഒരു തടസ്സമായി അനുഭവപ്പെടാറില്ല. കഥയും കഥാപാത്രങ്ങളും എസ്റ്റാബ്ലിഷ് ചെയ്യുന്നതിലും, അത് ശക്തമായി പ്രതിഫലിപ്പിക്കുന്നതിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിന് പ്രാധാന്യമുണ്ട്. തീർച്ചയായും ദൃശ്യഘടകങ്ങളിലൂടെ അത് കുറച്ചൊക്കെ ബോധ്യമാക്കാനുമാവും. എങ്കിലും ചലച്ചിത്രകാരൻ ഉദ്ദേശിച്ച അളവിൽ അതുൾക്കൊള്ളാനാണ് ഞാൻ ആഗ്രഹിക്കാറുള്ളത്.
ഇന്ത്യൻ സിനിമയിലെ പുതിയ തലമുറയെക്കുറിച്ച് എന്താണഭിപ്രായം?
സത്യജിത്‌റേ: അഖിലേന്ത്യാതലത്തിൽ പുതിയ ചെറുപ്പക്കാർ ചിത്രനിർമ്മാണരംഗത്ത് ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പത്തുകൊല്ലം മുമ്പ് സംഭവിക്കാതിരുന്ന ഒരു പുതിയ പ്രവണതയാണിത്. കേരളം, കർണ്ണാടകം, തമിഴ്‌നാട്, ബോംബെ തുടങ്ങി എല്ലായിടത്തും ഇത് ദൃശ്യമാണ്. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്രകല അഭ്യസിച്ച യുവാക്കളുടെ കടന്നുവരവും ഇതിന് ആക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. (പൂനാ ബോയിസ് എന്നാണ് റേ അവരെ വിശേഷിപ്പിച്ചത്) ഇവരെല്ലാം ഗൗരവബുദ്ധിയോടെ ആർട്ട് ഫിലിമുകൾ എടുക്കുന്നില്ലെങ്കിൽ പോലും.
പുതുതലമുറയുടെ ഈ രംഗപ്രവേശനം പരിഗണിക്കത്തക്കതാണ്. അവരൊക്കെ നല്ല കൊമേഴ്‌സ്യൽ ചിത്രങ്ങളെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം താൽപ്പര്യപൂർവ്വം കണക്കിലെടുക്കേണ്ടതുണ്ട്.
താങ്കളുടെ എല്ലാ ചലച്ചിത്ര സൃഷ്ടികളിലും ഒരുപോലെ ആത്മസംതൃപ്തി അനുഭവപ്പെട്ടിട്ടുണ്ടോ?
സത്യജിത്‌റേ: സംതൃപ്തി ലഭിക്കാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. തിരക്കഥാ രചന മുതൽ ചലച്ചിത്ര സൃഷ്ടിയിലെ എല്ലാ ഘടകങ്ങളിലും ഞാൻ ഒരുപോലെ സംതൃപ്തി കാണുന്നുണ്ട്. ഓരോ ചിത്രത്തിലും അനുഭവപ്പെടുന്നത് ഓരോ തരത്തിലായിരിക്കുമെന്നുമാത്രം. 'പാഥേർ പാഞ്ചാലി' പോലെ ദുരന്ത പര്യവസായിയായ ചിത്രമാണ് എടുക്കുന്നതെങ്കിൽ സന്തോഷമായിരിക്കില്ല അനുഭവപ്പെടുന്നത്. ആ ചിത്രമെടുക്കുമ്പോൾ ദുർഗ്ഗയുടെ ദുരന്തം എന്റെയുള്ളിൽ ഒരു നോവായി അനുഭവപ്പെട്ടിരുന്നു. അതെന്നെ പരീക്ഷിണിതനാക്കിയിരുന്നു. കഥയുടെ ദുരന്ത സ്വഭാവത്തിനനുസരണമായ തരത്തിലുള്ള ഗ്ലൂമിയായ പ്രകൃതി പശ്ചാത്തലമായിരുന്നു അതിൽ സൃഷ്ടിച്ചത്. എന്നാൽ കോമഡിയാണ് എടുക്കുന്നതെങ്കിൽ, വ്യത്യസ്തമായ ഒരു വികാരമായിരിക്കും സൃഷ്ടിവേളയിൽ അനുഭവപ്പെടുക.
അനുബന്ധം: സത്യജിത് റേ കേരളത്തിൽ വന്നതു പ്രശസ്ത മലയാള കഥാകാരൻ വി.കെ എന്നിന്റെ 'ആരോഹണം' എന്ന നോവൽ ചലച്ചിത്രമാക്കാൻ വേണ്ടിയാണെന്ന ഒരു അഭ്യൂഹം അന്ന് തിരുവനന്തപുരത്തു പ്രചരിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത ആ പ്രചാരണം അന്ന് പരക്കെ വിശ്വസിക്കപ്പെടുകയും ചെയ്തു.










