02:21pm 05 November 2026
NEWS
23 വർഷങ്ങൾക്ക് ശേഷം മുത്തങ്ങ വിധി: ദൃക്‌സാക്ഷിയായിരുന്ന ലേഖകന്റെ തിരിഞ്ഞുനോട്ടം
14/08/2026  11:25 AM IST
കോയാമു കുന്നത്ത്
23 വർഷങ്ങൾക്ക് ശേഷം മുത്തങ്ങ വിധി: ദൃക്‌സാക്ഷിയായിരുന്ന ലേഖകന്റെ തിരിഞ്ഞുനോട്ടം

'ഓരോ കുറ്റകൃത്യവും ചില പ്രത്യേക സാഹചര്യങ്ങളിലാണ് സംഭവിക്കുന്നത്. അവയിൽ ചിലത് ന്യായീകരിക്കാവുന്നതായി തോന്നിയേക്കാം. എന്നിരുന്നാലും നിയമം ഒരു വ്യക്തിയേയോ, സംഘത്തെയോ അവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കുന്നില്ല. എന്നാൽ, നിയമ വ്യവസ്ഥ കുറ്റകൃത്യമായി കണക്കാക്കുന്ന ചില പ്രവൃത്തികളെ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നവർ വിപ്ലവ പ്രവർത്തനങ്ങളായി വ്യാഖ്യാനിച്ചേക്കാം. ഒരാളുടെ കാഴ്ചപ്പാടിൽ തീവ്രവാദിയായ ഒരാൾ, മറ്റൊരാളുടെ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യസമര സേനാനിയായിരിക്കാം. അതിനാൽ ഇത്തരത്തിലുള്ള സംഭവങ്ങളിൽ ചുറ്റുപാടുകളെയും, സാഹചര്യങ്ങളെയും അതീവശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.'

വയനാട് ജില്ല പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ്ഖാന്റെ വാക്കുകളാണിത്. മുത്തങ്ങ വെടിവെപ് കേസിലെ വിധിന്യായത്തോടൊപ്പം ചേർത്ത വാക്കുകൾ! സമകാലിക സംഭവവികാസങ്ങളുടെ നേർരേഖയുടെ പ്രതിഫലനം.

കേരളത്തിലെ സമരചരിത്രങ്ങളിൽ വേറിട്ട പോരാട്ട ചരിത്രമായി മാറിയ മുത്തങ്ങ ആദിവാസി ഭൂസമരം നീതിന്യായ ചരിത്രത്തിലും വേറിട്ട ചരിത്രമായി മാറുകയാണ്. തലചായ്ക്കാനിടവും, ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയും വയനാട്ടിലെ ആദിവാസി ജനവിഭാഗം നടത്തിയ സമരത്തെ 2003 ആഗസ്റ്റ് 18 നാണ് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സമരം ചോരയിൽ മുക്കി അവസാനിപ്പിച്ചത്. മുത്തങ്ങ വനഭൂമി കയ്യേറിയ ആദിവാസികളെ കുടിയിറക്കാൻ നടത്തിയ രക്തച്ചൊരിച്ചിലിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട സമരഭടൻ ജോഗിയും, കർത്തവ്യനിർവ്വഹണത്തിനെത്തിയ പോലീസുകാരൻ വിനോദും കൊല്ലപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽസലാം, വനം വകുപ്പ് ഉദ്യോഗസ്ഥനായ ശശിധരൻ എന്നിവർക്ക് ഗുരുതരമായ പരിക്കുകളും പറ്റിയിരുന്നു. നിരവധ ആദിവാസികൾക്കും പോലീസ് നടപടിയിൽ പരിക്ക് പറ്റുകയും, ഭീകര മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ മരണസംഖ്യ സംബന്ധിച്ച് ഇന്നും ദുരൂഹത തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥനായ കണ്ണൂർ ബറ്റാലിയനിലെ കെ.വി. വിനോദിന്റെ കൊലപാതകം, പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൽസലാം, വനംവകുപ്പ് ഉദ്യോഗസ്ഥൻ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചുവെന്ന കേസിലുമാണ് വയനാട് ജില്ലാ സെഷൻ ജഡ്ജി വിധി പറഞ്ഞത്. സംഭവം നടന്ന് 23 വർഷങ്ങൾക്കുശേഷം നടന്ന കോടതി വിധിയിൽ വാദിഭാഗവും പ്രതിഭാഗവും നീതി നിഷേധിക്കപ്പെട്ടുവെന്ന പരാതി ഉയർത്തുന്നു.

സി.ബി.ഐ ചെന്നൈ യൂണിറ്റാണ് കേസിന് ആസ്പദമായ കുറ്റപത്രം സമർപ്പിച്ചത്. സി.ബി.ഐ കോടതിയിൽ നടന്നുവന്നിരുന്ന കേസ് പ്രതികളുടെ സാമൂഹ്യാവസ്ഥ കണക്കിലെടുത്ത് ഹൈക്കോടതി നിർദ്ദേശപ്രകാരം വയനാട് ജില്ലാക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. 57 പേർ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേസിൽ വിനോദിന്റെ കൊലപാതകക്കേസ്, പോലീസ്- വനം വകുപ്പ് ജീവനക്കാരെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ട് കേസുകളായി പരിഗണിച്ചാണ് വിസ്താരം നടന്നത്. പോലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം വേടർ കോളനിയിലെ അശോകനാണ് വിനോദിനെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കിടയിൽ പ്രതി മരണപ്പെട്ടത് കാരണം കോടതി ശിക്ഷ വിധിച്ചില്ല. പ്രസ്തുത കേസിൽ മറ്റ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാം, വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ, തിരുവനന്തപുരം കാഞ്ഞിരക്കുളം ചാവടിവേടർ കോളനിയിലെ ബിനു, നൂൽപുഴ സ്വദേശി രമേശൻ കൊയ്യാലിപ്പുര, തിരുനെല്ലി അപ്പപ്പാറ ചുണ്ടപ്പാടി നായ്ക്കർ ഉന്നതിയിലെ അനിൽകുമാർ എന്നിവർക്ക് 16 കുറ്റങ്ങളിലായി 19 വർഷം ഏഴ് മാസം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പ്രതികളുടെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് പിഴ ഒഴിവാക്കിയ കോടതി മരിച്ച വിനോദിന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപയും, പരിക്കേറ്റ അബ്ദുസലാമിന് മൂന്ന് ലക്ഷവും വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരന് രണ്ട് ലക്ഷം രൂപയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നൽകാൻ ഉത്തരവിട്ടു. വിവിധ ശിക്ഷകൾ ഒന്നിച്ച് അഞ്ച് വർഷ കഠിനതടവ് പ്രതികൾ അനുഭവിക്കണം. പ്രതികളിൽ 15 പേർ വിചാരണക്കിടയിൽ മരണപ്പെട്ടിരുന്നു.

പോലീസ് നടപടിക്കിടയിൽ കൊല്ലപ്പെട്ട വിനോദിന് നീതി ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതേസമയം ശിക്ഷാവിധിക്കെതിരെ ഗീതാനന്ദനും അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ട ജോഗിയുടെ മരണം സംബന്ധിച്ച കേസ് ലോക്കൽ പോലീസ് എടുത്ത എഫ്.ഐ.ആറിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. മാനന്തവാടി കോടതിയിൽ ഇത് സംബന്ധിച്ച കേസ് ചലനമറ്റ് കിടക്കുകയാണ്. ഒരേ സമയം ഒരു സംഭവത്തിൽ ദാരുണമായി മരണമടഞ്ഞ രണ്ടുപേർക്കും നീണ്ട 23 വർഷങ്ങൾ പിന്നിട്ടിട്ടും നീതി ലഭ്യമായില്ല എന്നാണ് വിമർശനം.

പ്രോസിക്യൂഷൻ 47 സാക്ഷികളെയും 104 രേഖകളും ഹാജരാക്കിയിരുന്നു. വെടിവെപ്പ് സംഭവം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ച പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് ഈ ലേഖകനെ മൂന്ന് മണിക്കൂറിലധികം നേരം സിബിഐ ചോദ്യം ചെയ്യുകയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസങ്ങളിലായി വിസ്താരം നേരിട്ട ലേഖകനെ സി.ബി.ഐ കൂറ് മാറിയതായി കണക്കാക്കുകയും, കോടതി അംഗീകരിക്കുകയും ചെയ്തു. ഇതേസമയം കോടതിയുടെ നിർദ്ദേശപ്രകാരം നിലവിലെ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് മൂന്നുദിവസത്തെ ബത്തയായി 720 രൂപ അനുവദിക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടക്കുമ്പോൾ സംഭവസ്ഥലത്ത് ഈ ലേഖകനും കൈരളി ക്യാമറാമാൻ ഷാജി പട്ടണവും മാത്രമാണ് പുറത്തുനിന്നുണ്ടായിരുന്നത്. പിന്നീടാണ് മറ്റ് പത്രപ്രവർത്തകർ സംഭവസ്ഥലത്ത് എത്തുന്നത്. കൈരളി ക്യാമറാമാനെ ചുമലിൽ ചവിട്ടി പോലീസിന്റെ ശ്രദ്ധ പതിയാത്തവിധത്തിൽ മരത്തിൽ കയറ്റി ഇരുത്തുകയും, ലേഖകൻ മറ്റൊരു മരത്തിന്റെ സൈഡിൽ മാറിനിൽക്കുകയുമായിരുന്നു. വെടിവെപ്പിനും, ലാത്തിച്ചാർജ്ജിനും ഇടയിൽ മരത്തിൽ നിന്ന് വീണ ഷാജി പട്ടണത്തെ പോലീസ് മർദ്ദിച്ചു. വെടിവെപ്പ് ചിത്രീകരിച്ച കാസറ്റ് ആവശ്യപ്പെട്ട പോലീസിന് വെടിവെപ്പ് ചിത്രീകരിച്ച കാസറ്റിന് പകരം മറ്റൊരു കാസറ്റ് നൽകി സംഭവസ്ഥലത്തുനിന്നും ക്യാമറമാമാൻ മാറിയതുകൊണ്ട് മാത്രമാണ് വെടിവെപ്പ് രംഗം ജനങ്ങൾക്ക് ദൃശ്യമായത്. പിന്നീട് മുഴുവൻ പത്രപ്രവർത്തകരേയും പോലീസ് ഭീഷണിപ്പെടുത്തി സംഭവസ്ഥലത്തുനിന്ന് മാറ്റിയെങ്കിലും അവസാനമായി സ്ഥലത്തുനിന്ന് പോന്നത് ലേഖകനായിരുന്നു. ഇതിനിടയിൽ പോലീസിന് അഭിവാദ്യം അർപ്പിച്ച് തകരപ്പാടി ഭാഗത്തേയ്ക്ക് പോയ പരിസ്ഥിതി പ്രവർത്തകരും, രാഷ്ട്രീയ പ്രവർത്തകരും ലേഖകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നു. പിന്നീട് പ്രാദേശിക സി.പി.എം നേതാവും പഞ്ചായത്ത് മെമ്പറുമായ ചന്ദ്രൻ ഇടപെട്ട് ലേഖകനെതിരെയുള്ള കയ്യേറ്റം തടഞ്ഞു. മുദ്രാവാക്യം വിളിച്ച് മുന്നോട്ടുപോയ പരിസ്ഥിതി പ്രവർത്തകരേയും മറ്റും പോലീസ് ലാത്തിച്ചാർജ്ജ് നടത്തി ഓടിച്ചുവിടുകയായിരുന്നു. 

ലേഖകനും സഹപ്രവർത്തകനായ പ്രദീപ് ഉഷസും കുടിയിറക്ക് ദിവസം അതിരാവിലെ തന്നെ സമരഭൂമിയിൽ എത്തുകയും സമരക്കാരുടെ കുടിലുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് അധികൃതരും സമരവിരുദ്ധരും ചേർന്ന് സമരഭൂമിക്ക് സമീപമുള്ള കുറ്റിക്കാടിന് രണ്ട് ദിവസം മുമ്പ് തീയിട്ടിരുന്നു. ആദിവാസികൾ തീയണക്കാൻ ശ്രമിക്കുന്നതിനിടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, താൽക്കാലിക വാച്ചർമാർ, ഫോട്ടോഗ്രാഫർ, സമീപ പ്രദേശത്തെ ടാക്‌സി തൊഴിലാളികൾ എന്നിവർ സമരം ഭൂമിയിൽ പ്രവേശിച്ചു. കൃത്രിമമായി കാട്ടുതീ സൃഷ്ടിച്ച് സമരക്കാർക്കിടയിലേക്ക് നുഴഞ്ഞുകയറി സംഘര്ഷം സൃഷ്ടിക്കുകയെന്ന തന്ത്രമാണ് പ്രയോഗിച്ചത്. തീയണക്കാനെന്ന വ്യാജേന എത്തിയവരെ ഫോട്ടോഗ്രാഫറെ അടക്കം സമരക്കാർ ബന്ദിയാക്കിമാറ്റുകയായിരുന്നു. സംഭവം മുൻനിർത്തി പിറ്റേദിവസം മുത്തങ്ങ സംഘർഷഭരിതമാവുകയും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചകളെത്തുടർന്ന് ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയപ്പാർട്ടികളുടെ സമ്മർദ്ദത്തേയും, പ്രതിഷേധത്തേയും തുടർന്ന് ഫെബ്രുവരി 19 ന് ആദിവാസികളെ കുടിയിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണകക്ഷിയായ കോൺഗ്രസും, പ്രധാന പ്രതിപക്ഷ പാർട്ടിയായ സി.പി.എമ്മും ബി.ജെ.പിയും കുടിയിറക്ക് ദിവസം നൂൽപ്പുഴ പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് പോലീസ് നടപടിക്ക് പിന്തുണ നൽകുകയായിരുന്നു. വെടിവെപ്പ് നടന്നതിന്റെ പിറ്റേദിവസം വയനാട്ടിലെ കുടിയേറ്റ കർഷകമേഖലയോട് അനുബന്ധിച്ച് സ്ഥിതി ചെയ്തിരുന്ന ഉന്നതികൡലല്ലാം സാമൂഹ്യവിരുദ്ധരുടെ ആക്രമണവും അഴിഞ്ഞാട്ടവുമായിരുന്നു. ഇത്തരക്കാർക്കൊപ്പം പോലീസും ചേർന്നതോടെ പല ഉന്നതിയിലെയും സമരത്തിൽ പങ്കെടുക്കാത്തവർ പോലും മർദ്ദനങ്ങൾക്കിരയായി, പോലീസ് ആദിവാസികളെ വ്യാപകമായി വേട്ടയാടി പലരും സമാനതകളില്ലാത്ത മർദ്ദനങ്ങൾക്കിരയായി. 

സമരത്തിന്റെ സമാനതകളില്ലാത്ത പീഡനങ്ങളുടെ അറിയപ്പെട്ട രക്തസാക്ഷിയായി മാറിയത് പ്രസവിച്ച് 17 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മരണമായിരുന്നു. സമരത്തിൽ പങ്കെടുത്തവരെയും സമരത്തിന് നേതൃത്വം കൊടുത്ത് ഒളിവിൽ പോയ ഗീതാനന്ദനെയും, ജാനുവിനെയും തേടി ആദിവാസി ഉന്നതികളിൽ പോലീസ് നരനായാട്ട് തന്നെ നടത്തി. ഇതിന്റെ ഭാഗമായി പുലിതൂക്കി കോളനിയിൽ ആക്രമണം അഴിച്ചുവിട്ട പോലീസ് ഉന്നതിയിലെ നാരായണനെയും സഹോദരൻ വെള്ളിയെയും അറസ്റ്റ് ചെയ്ത് മർദ്ദിച്ചു. പോലീസ് ഭീകരത കണ്ട് ഭയന്ന ആദിവാസി സ്ത്രീകൾ സമീപപ്രദേശത്തെ വനത്തിലേക്ക് ഓടിയൊളിച്ചു. ഇതിൽ ഏഴ് മാസം ഗർഭാവസ്ഥയിൽ പ്രസവിച്ച നാരായണന്റെ ഭാര്യ മാളു 17 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയുമെടുത്താണ് കാട്ടിൽ കയറിയത്. കാട്ടിൽ വഴിതെറ്റുകയും ഒറ്റപ്പെടുകയും ചെയ്ത മാളു മൂന്നാം ദിവസമാണ് പുറംലോകത്ത് എത്തിയത്. ഇതിനിടയിൽ കുഞ്ഞിന് പ്രതികൂല കാലാവസ്ഥ മൂലം കടുത്ത ശ്വാസതടസം നേരിടുകയും മരണമടയുകയുമായിരുന്നു. കുഞ്ഞിന്റെ ശവസംസ്‌ക്കാര നടപടികൾ പൂർത്തിയാക്കാനനുവദിക്കാതെ മാളുവിനെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുഞ്ഞിന്റെ മരണവും, പോലീസ് മർദ്ദനവും ജയിൽവാസവും മനോനില തെറ്റിച്ച നാരായണനും മരണത്തിന് കീഴടങ്ങി. വിനോദ് വധക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അശോകനെ കസ്റ്റഡിയിൽ വെച്ച് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് ചെന്നൈയിൽ കൊണ്ടുപോയി സി.ബി.ഐയും ഏൽപ്പിച്ച മർദ്ദനങ്ങൾ അക്ഷരങ്ങൾക്ക് വഴങ്ങാത്ത വിധത്തിലുള്ളവയായിരുന്നുവെന്ന് അശോകൻ തന്നെ ഈ ലേഖകനോട് വിവരിച്ചിരുന്നു. പ്രസ്തുത മർദ്ദനങ്ങളാണ് അശോകന്റെ അകാലമരണത്തിനുള്ള പ്രധാന കാരണം. 

പോലീസിന്റെ മൂന്നാംമുറ സഹിക്കാനാവാതെ സമനില തെറ്റി തൂങ്ങിമരിച്ച ഗോപാലൻ, നട്ടെല്ല് തകർന്ന് കിടപ്പിലായ മാതൻപാക്കൻ തുടങ്ങി വിനോദ് വധക്കേസിൽ പ്രതിചേർത്ത 57 പേരിൽ 15 പേരുടെ അകാല മരണത്തിന്റെയും അടിസ്ഥാന കാരണം പോലീസിന്റെ കിരാത മർദ്ദനങ്ങൾ തന്നെയായിരുന്നു. ഇതിനുപുറമെ അതിഭീകര മർദ്ദനങ്ങളാകാം ആദിവാസിസ്ത്രീകൾ അനുഭവിക്കേണ്ടി വന്നത്. ശാരീരിക ആക്രമണങ്ങൾക്ക് പുറമെ, ലൈംഗികത മുൻനിർത്തിയുള്ള പീഡനങ്ങൾ, അടിഭാഗത്തെ രോമങ്ങൾ കൂട്ടിപ്പിടിച്ച് വേദനിപ്പിക്കുക, ശരീരം ഉയർത്തുക തുടങ്ങി സമാനതകളില്ലാത്ത ആക്രമണങ്ങളാണ് സ്ത്രീകൾ നേരിട്ടത്. സമരത്തിന്റെ ഭാഗമായി കുട്ടികളെയടക്കം പോലീസ് ഭീകരമായി മർദ്ദിക്കുകയും 37 കുട്ടികളെ ജയിലടക്കുകയും ചെയ്തു. ആദിവാസി ഉന്നതികളിൽ പോലീസും, സാമൂഹ്യവിരുദ്ധരും കനത്ത ആക്രമണങ്ങൾ അഴിച്ചുവിട്ട് കൊണ്ടിരിക്കുകയും, കസ്റ്റഡിയിലുള്ള ആദിവാസികളെ ഭീകരമായ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. സമരത്തിന് നേതൃത്വം കൊടുത്ത ഗീതാനന്ദനും, സി.കെ. ജാനുവും കോടതിയിൽ ഹാജരാവുന്നതിന് വേണ്ടി സുൽത്താൻ ബത്തേരിക്കടുത്ത നമ്പിക്കൊല്ലിയിൽ എത്തിയപ്പോൾ. ഒരു വിഭാഗം ജനങ്ങൾ ഇവരെ തടഞ്ഞുനിർത്തുകയും പോലീസിൽ ഏൽപ്പിക്കുയുമായിരുന്നു. ഗീതാനന്ദനെയും ജാനുവിനെയും ഭീകരമായ പീഡനത്തിന് ഇരയാക്കി. ഇതേസമയം സമരത്തിന് ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുവേണ്ടിയുള്ള ഇരകളെ പോലീസ് തെരയുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഡയറ്റ് അധ്യാപകനായ കെ.കെ. സുരേന്ദ്രൻ മാസ്റ്ററെ കസ്റ്റഡിയിൽ എടുത്തതും ഭീകരമർദ്ദനത്തിന് വിധേയമാക്കിയതും. ഗീതാനന്ദൻ സൂക്ഷിച്ചിരുന്ന ഡയറിയിൽ അധ്യാപകന്റെ മൊബൈൽ നമ്പർ കണ്ടെത്തിയെന്നായിരുന്നു ഇതിന് കാരണം. ഏഷ്യാനെറ്റ് ലേഖകൻ രാംദാസിനെയും കേസിൽ പ്രതിചേർത്തിരുന്നുവെങ്കിലും സി.ബി.ഐ രണ്ടുപേരെയും ഒഴിവാക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കെ.കെ. സുരേന്ദ്രൻ മാസ്റ്റർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല.

അടിയന്തിരാവസ്ഥക്കാലത്ത് പാർലമെന്റ് പാസാക്കിയ ആദിവാസി ഭൂനിയമം മുൻനിർത്തിയായിരുന്നു പ്രക്ഷോഭത്തിന്റെ തുടക്കം. നിരവധി വർഷങ്ങൾ പിന്നിട്ടിട്ടും അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുപിടിക്കാൻ സർക്കാരുകൾ തയ്യാറായില്ല. പൊതുപ്രവർത്തകനായ ഡോ.  നല്ല തമ്പിതേര സുപ്രീംകോടതിയിൽ നിയമം നടപ്പിലാക്കാൻ കേസ് കൊടുക്കുകയും, അന്യാധീനപ്പെട്ട ആദിവാസിഭൂമികൾ തിരിച്ചുപിടിക്കാൻ കർശനമായി ആവശ്യപ്പെടുകയും ചെയ്തു. പ്രസ്തുത വിധിക്കെതിരെ കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളും, കർഷകസംഘടനകളും രംഗത്തുവന്നു. സുപ്രീംകോടതി വിധി മറികടക്കാൻ പുതിയ ഭേദഗതി ബിൽ കേരള നിയമസഭാ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചുകൊടുക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. നിയമസഭയിൽ ഗൗരിയമ്മ മാത്രമാണ് ഭേദഗതി ബില്ലിനെതിരെ നിലപാട് എടുത്തത്. 

നിയമനടപടികൾ ഒരു ഭാഗത്ത് നടന്നുവരുന്നതിനിടയിൽ ദലിത്- ആദിവാസി സംഘടനകൾ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരങ്ങൾക്ക് രൂപം നൽകിയിരുന്നു. ആദിവാസികളുടെ സമരത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ നിലപാട് സ്വീകരിക്കുകയും ക്രിസ്ത്യൻ സംഘടനകൾ ഇൻഫാം പോലുള്ള സംഘടനകൾക്ക് രൂപം നൽകി ശക്തമായ എതിർപ്പും തുടങ്ങി. ബി.ജെ.പി ആദ്യഘട്ടത്തിൽ ആദിവാസികളോടൊപ്പം നിലനിന്നുവെങ്കിലും പിന്നീട് എതിർത്ത് രംഗത്ത് വന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂനിയമം നടപ്പിലാക്കണമെന്നും, ഭൂരഹിതരായ ആദിവാസികൾക്ക് വീടും ഭൂമിയും നൽകണമെന്നും ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടറിയേറ്റ് സമരം ആദിവാസി- ദലിത് സമരചരിത്രങ്ങളിൽ സ്ഥാനം പിടിച്ചു. 2001 ൽ ആറുമാസത്തോളം നീണ്ടുനിന്ന ആദിവാസികളുടെ നിൽപ്പ്‌സമരം ചരിത്രമായി മാറി. സമരത്തിനൊടുവിൽ ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമിയും വീടും നൽകാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയും അട്ടപ്പാടിയിൽ പാരമ്പര്യ ഉത്സവാന്തരീക്ഷത്തിൽ പാക്കേജ് മുഖ്യമന്ത്രി എ.കെ. ആന്റണി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കേജിന്റെ ഭാഗമായി 445 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉത്തരവിട്ടു. 

എന്നാൽ 2003 വരെ സർക്കാർ കരാർ നടപ്പിലാക്കുന്നതിന് സർക്കാർ യാതൊരുവ്ധ നടപടിയും സ്വീകരിച്ചില്ല. പ്രസ്തുത കരാർ നടപ്പിലാക്കണമെന്ന ആവശ്യം വിവിധ സംഘടനകൾ ഉയർത്തിക്കൊണ്ട് നിരവധി പ്രക്ഷോഭങ്ങൾ നടന്നുവന്നിരുന്നു. പ്രക്ഷോഭങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് ഭൂരഹിതരായ ആദിവാസികളെ മുൻനിർത്തി 2003 ജനുവരി 5 ന് മുത്തങ്ങ വന്യസംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്ന വനഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. ഫെബ്രുവരി 19 ന് രക്തരൂക്ഷിതമായ അടിച്ചമർത്തലിലൂടെ ഭൂസമരം അവസാനിച്ചു. സമരത്തിൽ പങ്കെടുത്തത് 880 കുടുംബങ്ങൾ പങ്കെടുത്തതിൽ 700 ലധികം പേരുടെ പേരിൽ ലോക്കൽ പോലീസ്, വനംവകുപ്പ് തുടങ്ങിയവ 12 കേസുകൾ എടുത്തിരുന്നു. സി.ബി.ഐ എടുത്ത പ്രധാനപ്പെട്ട രണ്ട് കേസുകളിലെ വിധിയാണ് ഇപ്പോൾ വന്നിട്ടുള്ളത്. എറണാകുളം കോടതിയിൽ വനം വകുപ്പിന്റേതായ രണ്ട് കേസുകൾ കൂടി നിലനിൽക്കുന്നുണ്ട്.

നീണ്ട 23 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ സംഭവസ്ഥലത്ത് വെച്ച് രണ്ട് മനുഷ്യജീവനുകളും പിന്നീട് നിരവധിപ്പേരും മരണത്തിനും കൊടിയ ശാരീരിക പീഡനങ്ങൾക്കും വിധേയമായി. സമരത്തിനൊടുവിൽ അന്യാധീനപ്പെട്ട ആധിവാസി ഭൂനിയമം നടപ്പിലാക്കണമെന്ന ആവശ്യം ഒരു ഭാഗത്തുനിന്നും ഉയർന്നിട്ടില്ല. ഹർജിക്കാരനായിരുന്ന ഡോ. നല്ലനമ്പിതേര മരണപ്പെട്ടതോടെ സുപ്രീംകോടതിയിലെ കേസ് നടപടികളും അവസാനിച്ചു.

690 വെടിയുണ്ടകളുടെയും നിരവധിയായ ഗ്രനേഡുകളുടെയും, ക്രൂരമർദ്ദനങ്ങളുടെയും പിൻബലത്തിൽ ഭരണകൂടം തകർത്തെറിഞ്ഞത് തലചായ്ക്കാനിടമില്ലാതെ ഒരുപിടി മണ്ണിനുവേണ്ടി പോരാടിയവരുടെ ജീവിതങ്ങളായിരുന്നു. ആദിവാസി ഭൂസമരത്തിന് നേതൃത്വം നൽകുകയും, ജയിൽവാസവും, ക്രൂരമായ പീഡനത്തിന് ഇരയാവുകയും ചെയ്ത സി.കെ. ജാനു ഇന്ന് രാഷ്ട്രീയരംഗത്തെ വിധിവൈപരീത്യം പോലെ കോൺഗ്രസിനെ പിന്തുണയ്ക്കുകയും യു.ഡി.എഫ് എക്‌സ് ഒഫീഷ്യോ അംഗവുമായി മാറിയെന്നതും രാഷ്ട്രീയകൗതുകം തരുന്ന സംഭവമാണ്. 
നീതിനിഷേധിക്കപ്പെട്ട ആദിവാസികൾ ഇന്നും തലചായ്ക്കാനിടം ലഭിക്കാതെ സർക്കാരിന്റെ കാരുണ്യം തേടുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img