
കേരളത്തിലെ എസ്‌ഐആർ നടപടികൾ അടിയന്തിരമായി നിർത്തിവെയ്ക്കണമെന്നാവശ്യവുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ. ബിഎൽഒമാരുടെ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂരിലെ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ലീഗിന്റെ നടപടി. എസ്‌ഐആർ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് ലീഗ് ഹർജിയിൽ പറയുന്നു.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാൻ മുഖേനയാണ് കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും, സർക്കാർ ഉദ്യോഗസ്ഥരും. ഇതിനിടയിൽ എസ്‌ഐആർ നടപ്പാക്കുന്നത് അപ്രായോഗികമാണ്. അതിനാൽ എസ്‌ഐആർ നടപടികൾ അടിയന്തിരമായി നിറുത്തി വയ്ക്കണം എന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.
ഒരു മാസത്തിനുള്ളിൽ എസ്‌ഐആർ നടപ്പാക്കാൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം. ഇത് അപ്രായോഗികം ആണ്. പ്രവാസികൾക്ക് ഉൾപ്പടെ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത് എന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.











