04:56am 26 August 2026
NEWS
കുഴിയിലിറക്കി കല്ലെറിഞ്ഞ് കൊല; 19കാരി റുക്ഷാനയുടെ ദുരന്തം വീണ്ടും ചർച്ചയാകുന്നു
24/08/2026  05:12 PM IST
NILA
കുഴിയിലിറക്കി കല്ലെറിഞ്ഞ് കൊല; 19കാരി റുക്ഷാനയുടെ ദുരന്തം വീണ്ടും ചർച്ചയാകുന്നു

 

കാബൂൾ ∙ ശരീരത്തിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി പാറക്കല്ലുകൾ പതിക്കുമ്പോൾ വേദനകൊണ്ട് അലറിക്കരയുകയായിരുന്നു 19കാരിയായ റുക്ഷാന. രക്ഷപ്പെടാൻ ഒരുവഴിയുമില്ലായിരുന്നു. പർവതനിരയിൽ കുഴിച്ച കുഴിയിൽ കാലുകൾ മൂടിയ നിലയിൽ നിർത്തിയ യുവതിക്കു നേരെ ചുറ്റുമുണ്ടായിരുന്നവർ കല്ലെറിഞ്ഞുകൊണ്ടിരുന്നു. തളർന്നുവീണ ശേഷവും ആക്രമണം അവസാനിച്ചില്ല. ഒടുവിൽ റുക്ഷാനയുടെ ജീവനെടുത്തു.

അഫ്ഗാനിസ്ഥാനിൽ 2015ൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് വീണ്ടും രാജ്യാന്തര ശ്രദ്ധ നേടുന്നത്. പരപുരുഷ ബന്ധം ആരോപിച്ചാണ് റുക്ഷാനയെ താലിബാൻ അനുയായികൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാതനായ ഒരാൾ പകർത്തിയ ദൃശ്യങ്ങളിൽ, പുരുഷന്മാർ നിലത്തുനിന്ന് പാറക്കല്ലുകൾ എടുത്ത് യുവതിക്കു നേരെ എറിയുന്നതും റുക്ഷാന നിലവിളിച്ച് വീഴുന്നതും കാണാം.

അന്നത്തെ ഘോർ പ്രവിശ്യാ ഗവർണർ സീമ ജോയെൻഡ സംഭവത്തെ മനുഷ്യത്വരഹിതമായ നടപടിയെന്ന് വിശേഷിപ്പിച്ചിരുന്നു. ശിക്ഷ നടപ്പാക്കാൻ അഫ്ഗാൻ സർക്കാർ അനുവദിച്ചത് ക്രൂരമാണെന്ന വിമർശനവും അന്നുയർന്നിരുന്നു. താലിബാന്റെ കർശനവും പ്രാകൃതവുമായ ശിക്ഷാരീതികളെക്കുറിച്ചുള്ള ചർച്ചകളിലാണ് ഇപ്പോൾ ദൃശ്യങ്ങൾ വീണ്ടും ശ്രദ്ധ നേടുന്നത്.


റുക്ഷാനയുടെ ദുരന്തത്തിന് പിന്നിൽ നിർബന്ധിത വിവാഹവും ഒളിച്ചോട്ടവുമായിരുന്നു. 13-ാം വയസ്സിൽ തന്നെ മാതാപിതാക്കൾ വൃദ്ധനായ ഒരാളുമായി വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും റുക്ഷാന അതിന് സമ്മതിച്ചില്ല. പിന്നീട് കുട്ടിക്കാലം മുതൽ പ്രണയിച്ചിരുന്ന മുഹമ്മദ് ഗുലിനൊപ്പം യുവതി ഒളിച്ചോടി. ഇരുവരും ഘോർ പ്രവിശ്യയിലെ സാഗർ ജില്ലയിലേക്ക് പോയെങ്കിലും സുരക്ഷാ സേന റുക്ഷാനയെ പിടികൂടി പിതാവിന് കൈമാറി. തുടർന്ന് യുവതിയെ നിർബന്ധിച്ച് വൃദ്ധനുമായി വിവാഹം കഴിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് റുക്ഷാന വീണ്ടും മുഹമ്മദ് ഗുലിനൊപ്പം ഒളിച്ചോടുകയായിരുന്നു. മുർഗാബ് ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും പ്രാദേശിക താലിബാൻ കമാൻഡർ തടഞ്ഞു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് റുക്ഷാനയെ അറസ്റ്റ് ചെയ്തു. മോചനത്തിനായി 57,000 പൗണ്ടിന് തുല്യമായ തുക നൽകണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.കുടുംബത്തിന് മോചനദ്രവ്യം നൽകാൻ കഴിയാതെ വന്നതോടെ ഒരു താലിബാൻ പുരോഹിതൻ റുക്ഷാനയെ കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ടെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് കുഴിയിൽ നിർത്തിയാണ് ശിക്ഷ നടപ്പാക്കിയത്.
 സംഭവത്തിന്റെ ദൃശ്യങ്ങൾ വർഷങ്ങൾക്കു ശേഷവും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിട്ട ക്രൂരതകളുടെ പ്രതീകമായി ചർച്ച ചെയ്യപ്പെടുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img