10:10am 15 September 2026
NEWS
മുണ്ടക്കൈ ടൗൺഷിപ്പ്: രണ്ടാംഘട്ടം താളംതെറ്റുന്നു
15/09/2026  09:07 AM IST
കോയാമു കുന്നത്ത്
മുണ്ടക്കൈ ടൗൺഷിപ്പ്: രണ്ടാംഘട്ടം താളംതെറ്റുന്നു

പ്രകൃതിദുരന്ത ചരിത്രങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധയും, പ്രശംസയും നേടിയ വയനാട് മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ടൗൺഷിപ്പ് രണ്ടാംഘട്ട നിർമ്മാണത്തിന്റെയും താളം തെറ്റുന്നു. പ്രകൃതിദുരന്തം നടന്നിട്ട് രണ്ടുവർഷങ്ങൾ പിന്നിട്ടിട്ടും ദുരന്തം മുൻനിർത്തിയുള്ള രാഷ്ട്രീയ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

2024 ജൂലായ് 30 ന് അർദ്ധരാത്രി പിന്നിട്ടതോടെയാണ് കേരളജനത അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കേരള ചരിത്രത്തിൽ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല പ്രദേശങ്ങൾ അപ്രത്യക്ഷമായിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരായിട്ടില്ല. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഇടതുമുന്നണി സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം തന്നെ മരവിപ്പിക്കുകയും നടപ്പിലാക്കാതിരിക്കാനുമാണ് നിലവിലുള്ള ഭരണാധികാരികൾ ശ്രമിക്കുന്നത്.

298 പേരുടെ മരണമാണ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഇവരിൽ 32 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചു കിട്ടാനാവാത്തവിധം പ്രകൃതിയുടെ മടിത്തട്ടിൽ അപ്രത്യക്ഷമായി കിടക്കുകയാണ്. ഇതേസമയം മരണ കാര്യത്തിൽ തന്നെ സംശയങ്ങൾ നിലനിൽക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തിലെ ദുരൂഹത അകറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെ പൂർണ്ണമായും ഇല്ലാതാക്കിയ പ്രകൃതിദുരന്തത്തിൽ 397 പേർക്ക് പരിക്ക് പറ്റിയിരുന്നു. ഇവരിൽ നല്ലൊരു വിഭാഗം പേരും ഇപ്പോൾ ചികിത്സയിലാണ്. 7 കുടുംബങ്ങൾ പൂർണ്ണമായും ദുരന്തത്തിൽ ഇല്ലാതായി. 1300 ലധികം വീടുകൾ പൂർണ്ണമായോ , ഭാഗികമായോ തകർന്നതിന് പുറമെ കൃഷിയിടങ്ങൾ, കെട്ടിടങ്ങൾ, ജീവിതോപാധികൾ തുടങ്ങിയവ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിനും നഷ്ടങ്ങളും അക്കങ്ങൾ കൊണ്ടും അക്ഷരങ്ങൾ കൊണ്ടും വിലയിരുത്താനാവാത്ത വിധമാണ്. 

ദുരന്തത്തിന്റെ നഷ്ടം ഔദ്യോഗികമായി കണക്കാക്കാൻ പോലും നാളിതുവരെയായും കഴിഞ്ഞിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും, യഥാർത്ഥ നഷ്ടങ്ങളുടെ കണക്കും ഒരിക്കലും പൊരുത്തപ്പെടാനാവാത്ത വിധത്തിൽ ആണ്. പ്രകൃതിദുരന്തം 1500 ഓളം കുടുംബങ്ങളെയാണ് നേരിട്ട് ബാധിച്ചിട്ടുള്ളതെങ്കിലും, ദുരന്തത്തിന്റെ ആഘാതം പതിന്മടങ്ങ് കുടുംബങ്ങളെയുമാണ് ബാധിച്ചിട്ടുള്ളത്. വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്‌ക്കൂൾ, അട്ടമല യു.പി. സ്‌ക്കൂൾ, എൽ.പി. സ്‌ക്കൂൾ തുടങ്ങിയവയ്ക്ക് പുറമെ മുണ്ടക്കൈ പോസ്റ്റൽ പിൻകോഡ് തന്നെ പൂർണ്ണമായും ദുരന്തത്തിന്റെ ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് മരവിപ്പിച്ചു.

വീട് നഷ്ടപ്പെട്ടവരും താമസയോഗ്യമല്ലാതായവരുമായി 850 ഓളം കുടുംബങ്ങളെയാണ് സംസ്ഥാന സർക്കാർ വാടകവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയും സർക്കാർ പദ്ധതിയിൽ താൽപ്പര്യമില്ലാത്ത 145 ഓളം പേർ സർക്കാർ പ്രഖ്യാപിച്ച ധനസഹായം സ്വീകരിച്ചിരുന്നവരും കഴിച്ച് നിരവധി കുടുംബങ്ങളാണ് വീടിനുവേണ്ടി കാത്തിരിക്കുന്നത്. ഇതിനിടയിൽ ഭരണമാറ്റം വന്നതോടെ പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഃഗതിയിലായതിന് പുറമെ നാഥനില്ലാത്ത അവസ്ഥയിലുമാണ്. 

പുഞ്ചിരിമട്ടം മലനിരകളിൽ താമസിച്ചിരുന്ന പ്രാക്തനഗോത്രവിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുനരധിവാസ വീട് നിർമ്മാണം തുടങ്ങി ഇടതുമുന്നണി സർക്കാർ തുടങ്ങിവെച്ച പദ്ധതികളെല്ലാം ഭരണമാറ്റത്തോടെ നിശ്ചലാവസ്ഥയിലാണ്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരനിർണ്ണയം, ഭൂമി നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം, വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച തീരുമാനം, തൊഴിൽ പദ്ധതികൾ തുടങ്ങിയവയെല്ലാം സംബന്ധിച്ച് മറുപടി പറയാൻ പോലും നാഥനില്ല. രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അന്തിമലിസ്റ്റ് പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. ഇടതുമുന്നണി സർക്കാർ തയ്യാറാക്കിയ പട്ടിക ഇപ്പോൾ അംഗീകരിക്കാൻ യു.ഡി.എഫ് സർക്കാർ തയ്യാറാകാത്തത് മൂലം ഗുണഭോക്താക്കൾ അനിശ്ചിതാവസ്ഥയിലാണ്. ഇതിനിടയിൽ പ്രാദേശിക ലീഗ്-- കോൺഗ്രസ് നേതാക്കളുടെ വടംവലികളും പുനരധിവാസ പദ്ധതികളെല്ലാം ദയാവധത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ നിരവധി രാഷ്ട്രീയവിവാദങ്ങളും, നിയമോപദേശങ്ങൾക്കും പുറമെ സംസ്ഥാന-കേന്ദ്ര സർക്കാർ ബന്ധങ്ങൾ മുൻനിർത്തിയും വൻവിവാദങ്ങൾക്ക് വിധേയമായ ദുരന്തമാണ് മുണ്ടക്കൈ ദുരന്തം. ഇന്ത്യയിലെ മറ്റൊരു പ്രകൃതിദുരന്തവും ഇത്രയേറെ നിയമനടപടികൾക്ക് വിധേയമായിട്ടില്ല. കേരള ഹൈക്കോടതി നിരവധി തവണയാണ് ദുരന്തസഹായം സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ ശാസിച്ചത്.

ദുരന്തം നടന്നതിന്റെ ഏതാനും ദിവസങ്ങൾ കേരളജനത രക്ഷാപ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയും കേരളമോഡൽ വിശേഷണവും ഉയർന്ന് വന്നു. മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാൻ ആഹ്വാനം ചെയ്തതോടെ കേരളത്തിലെ രാഷ്ട്രീയ വിഭജനവും വിവാദങ്ങളും ഉയർന്നുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് യു.ഡി.എഫും, ബി.ജെ.പിയും അടക്കം രംഗത്ത് വന്നതോടെ സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും ദുരിതാശ്വാസ സഹായം സംബന്ധിച്ച് തുറന്ന പോരാട്ടത്തിന് വഴിതുറന്നു. സംസ്ഥാനത്തിന് ഒരുരൂപ പോലും സാമ്പത്തികസഹായം നൽകരുതെന്ന ആവശ്യവുമായി കേരളത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ബി.ജെ.പിയോടൊപ്പം അണിനിരന്നത് കേന്ദ്ര സർക്കാരിന് സഹായകരമായി മാറി. 

വിവാദങ്ങൾ ഉയർന്നതോടെ പുനരധിവാസ പദ്ധതികൾ സംബന്ധിച്ച് പൊതുതാൽപ്പര്യഹർജിയായി സ്വമേധയാ കേസ് ഹൈക്കോടതി എടുത്തു. ഇതോടുകൂടി പ്രകൃതിദുരന്തം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിലായി. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്- ലീഗ് തുടങ്ങിയവർ സ്വന്തം നിലയ്ക്ക് ദുരിതാശ്വാസ ഫണ്ട് പിരിവ് നടത്തിയതിന്റെ വിനിമയം ഇപ്പോഴും അഴിമതിയുടെ സംശയമുനയിൽ തുടരുകയാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട സഹായധനം അനുവദിക്കുന്നതിന് വിചിത്രവാദങ്ങൾ ഉന്നയിച്ച കേന്ദ്ര സർക്കാരിനെ അതിരൂക്ഷ വിമർശനങ്ങൾ ഹൈക്കോടതി ഉയർത്തിയിരുന്നു. വിമർശനങ്ങളുടെ ഭാഗമായി ലോകത്തുതന്നെ ആദ്യമായി ദുരിതാശ്വാസ സഹായധനമായി 520 കോടി രൂപ ദീർഘകാലവായ്പയായി അനുവദിച്ച ചരിത്രവും വയനാട് ദുരന്തത്തിന് സ്വന്തം. വായ്പ ചരിത്രസൃഷ്ടിക്ക് പുറമെ ദുരന്തബാധിതരുടെ വായ്പകളും, കുടിശ്ശികകളും എഴുതിത്തള്ളണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിക്കാതിരിക്കാൻ ദുരന്തനിവാരണ നിയമത്തിൽതന്നെ ഭേദഗതികൾ പാസാക്കി കേരളത്തെ ഒറ്റപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.

 ഇതേസമയം ബി.ജെ.പി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങൾക്ക് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പണം അനുവദിച്ചു. ഭരണമാറ്റം ഉണ്ടായതിനുശേഷം കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കവും, മരണങ്ങളും മുൻനിർത്തി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ കഴിയാത്ത സാഹചര്യം മുൻപ്രതിപക്ഷ നേതാവായ ഇപ്പോഴത്തെ മുഖ്യമന്ത്രി സതീശന് കഴിയുന്നില്ല. അതിന്റെ ഭാഗമായി ദുരിതാശ്വാസ സഹായമായി ഒരു രൂപ പോലും കേന്ദ്ര സഹായം ഇതെഴുതുന്നത് വരെ ലഭിച്ചിട്ടില്ല. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കാനും, തള്ളിക്കളയാനും ഹൈക്കോടതി നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനാൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും ഭരണമാറ്റത്തെ തുടർന്ന് വായ്പ എഴുതിത്തള്ളൽ നടപടികൾ സ്തംഭനാവസ്ഥയിലാണ്. വൻകിട വ്യവസായികളുടെയും, കുത്തക കമ്പനികളുടെയും, വായ്പ തട്ടിപ്പ് നടത്തിയ പ്രമുഖന്മാരുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ പ്രകൃതിദുരന്തത്തിന് ഇരയായി സർവ്വതും നഷ്ടപ്പെട്ടവരുടെ 100 കോടിയിൽ താഴെയുള്ള വായ്പകൾ എഴുതിത്തള്ളാൻ തയ്യാറായില്ലെന്ന് മാത്രമല്ല നിയമം തന്നെ മാറ്റിയെഴുതിയ ചരിത്രവും മുണ്ടക്കൈ ദുരന്തത്തിന്റെ ബാക്കിപത്രമാണ്.. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img