
മുംബൈ: ബാങ്കോക്കിൽ നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ വയനാട് സ്വദേശിനിയായ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹർഷ സണ്ണി (28)യാണ് കസ്റ്റംസിന്റെ പിടിയിലായത്.
ജൂൺ 10-ന് രാത്രി ബാങ്കോക്കിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഹർഷയുടെ ട്രോളി ബാഗിൽ നിന്ന് വാക്വം സീൽ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള ലഹരിവസ്തു കണ്ടെത്തി. നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) പരിശോധനാ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത ലഹരിമരുന്നിന് 11 കിലോഗ്രാമിലധികം തൂക്കമുണ്ടെന്നും രാജ്യാന്തര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലവരുമെന്നും അധികൃതർ അറിയിച്ചു.
തുടർന്ന് എൻഡിപിഎസ് നിയമപ്രകാരം ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥർ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ലഹരിമരുന്ന് മുംബൈയിൽ വിതരണം ചെയ്യാനായിരുന്നോ, അല്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും കേന്ദ്രങ്ങളിലേക്ക് എത്തിക്കാനായിരുന്നോ കൊണ്ടുവന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ കസ്റ്റംസും പൊലീസും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി ഹർഷയുടെ യാത്രാ വിവരങ്ങളും ഫോൺ കോൾ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചുവരികയാണ്.











