10:26pm 03 November 2026
NEWS
കേരള കോൺ​ഗ്രസിനെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ കരുനീക്കം സജീവം

04/01/2025  08:20 AM IST
nila
കേരള കോൺ​ഗ്രസിനെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ കരുനീക്കം സജീവം

കോട്ടയം: കേരള കോൺ​ഗ്രസ് എമ്മിനെ മുന്നണിയിൽ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ കരുനീക്കം ശക്തം. മുസ്ലീം ലീ​ഗാണ് കേരള കോൺ​ഗ്രസ് നേതാക്കളുമായി ഇക്കാര്യത്തിൽ അനൗദ്യോ​ഗിക ചർച്ചകൾ നടത്തുന്നത് എന്നാണ് സൂചന. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് കേരള കോൺ​ഗ്രസ് നേതാക്കൾ രണ്ടുതട്ടിലാണ്. മുന്നണി മാറ്റം പാർട്ടിയുടെ മുന്നിലുള്ള വിഷയമല്ലെന്ന് പാർട്ടി നേതൃത്വം പരസ്യമായി പറഞ്ഞെങ്കിലും അതിനുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന കണക്കുകൂട്ടലിലാണ് കോൺ​ഗ്രസും യുഡിഎഫും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരത്തിലെത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വം. എൻഎസ്എസും എസ്എൻഡിപിയും വിവിധ ക്രൈസ്തവ സഭകളും യുഡിഎഫുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കേരള കോൺ​ഗ്രസ് എം കൂടി എത്തിയാൽ ഈസി വാക്കോവർ എന്നതാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.

കേരള കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാൻ ചർച്ചകൾ നടത്തുന്നത് മുസ്ലീം ലീ​ഗാണ്. ലീഗ് മത്സരിച്ചുപോരുന്ന തിരുവമ്പാടി നിയമസഭാ സീറ്റ് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വിട്ടുനൽകാമെന്നാണ് ഓഫറെന്നാണ് സൂചന. കേരള കോൺഗ്രസിന് സ്വാധീനമുള്ള പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ നിലവിൽ യു.ഡി.എഫിലെ മാണി സി. കാപ്പന്റെയും മോൻസ് ജോസഫിന്റെയും പക്കലാണ്. ഈ മണ്ഡലങ്ങളിൽനിന്ന് ഇവരെ മാറ്റി സീറ്റ് പിടിച്ചെടുക്കുന്നത് എതിർപ്പിനിടയാക്കുമെന്നു മാത്രമല്ല, എതിർവികാരമുണ്ടാക്കുകയും ചെയ്യുമെന്നതിനാലാണ് ജോസ് കെ മാണിക്കായി തിരുവമ്പാടി സീറ്റ് നൽകാൻ​ ലീ​ഗ് തയ്യാറാകുന്നത്. 

അതേസമയം, മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ്, പ്രമോദ് നാരായൺ എം.എൽ.എ. എന്നിവർ ഇടതുമുന്നണി വിടുന്നതിനോട് യോജിക്കുന്നില്ല. ജോസ് കെ. മാണിയുടെ തീരുമാനത്തെ എതിർത്ത് സ്വതന്ത്രനിലപാട് സ്വീകരിക്കാനും അവർ തയ്യാറല്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ ലഭിക്കുക ഇടതുമുന്നണിയിൽനിന്നാകുമെന്ന വികാരവും കേരള കോൺഗ്രസിലുണ്ട്. ഇതെല്ലാം പരിഗണിച്ചേ അന്തിമതീരുമാനത്തിലേക്ക് പാർട്ടിക്ക് എത്താനാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img