07:25pm 08 October 2026
NEWS
പി.എസ്.സിയിൽ കൂടുതൽ വെട്ടിപ്പ്; മൂന്ന് പരീക്ഷകളിൽ കൂടി ക്രമക്കേട് കണ്ടെത്തി എസ്.ഐ.ടി; അടുത്ത ദിവസം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും


08/10/2026  08:16 AM IST
ന്യൂസ് ബ്യൂറോ
പി.എസ്.സിയിൽ കൂടുതൽ വെട്ടിപ്പ്; മൂന്ന് പരീക്ഷകളിൽ കൂടി ക്രമക്കേട് കണ്ടെത്തി എസ്.ഐ.ടി; അടുത്ത ദിവസം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും

തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് പരീക്ഷാത്തട്ടിപ്പിന്റെ അതേ മാതൃകയിൽ മറ്റ് മൂന്ന് പരീക്ഷകളിലും പി.എസ്.സി ഒത്തുകളി നടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. വേണ്ടപ്പെട്ടവർക്കായി അഭിമുഖത്തിൽ വാരിക്കോരി മാർക്ക് നൽകിയെന്നും, പത്തോളം ചോദ്യങ്ങൾക്ക് മൂല്യനിർണയം പോലും നടത്തിയില്ലെന്നും ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ ഇത് സംബന്ധിച്ച് മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.
​പുറത്തുവന്നതിനേക്കാൾ ഗുരുതരമായ ക്രമക്കേടുകളാണ് ഈ ചെറിയ പരീക്ഷകളിൽ നടന്നിട്ടുള്ളത്. ഇതിനുള്ള വ്യക്തമായ ഡിജിറ്റൽ തെളിവുകളും ഫയലുകളും എസ്.ഐ.ടി പിടിച്ചെടുത്തിട്ടുണ്ട്. എഴുത്തുപരീക്ഷ കഴിയുന്നതിന് മുൻപ് മാർക്ക് മുൻകൂട്ടി ശേഖരിച്ച് ഇഷ്ടക്കാർക്ക് അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയെന്നാണ് പ്രധാന കണ്ടെത്തൽ. ഇത് അഭിമുഖം നടത്തിയ പി.എസ്.സി അംഗങ്ങൾക്കും കുരുക്കാകും.
​അതേസമയം, കെ.എ.എസ് രണ്ടാം ബാച്ച് നിയമനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചും എസ്.ഐ.ടി നിർണ്ണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വിശ്വാസവഞ്ചനയടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തുക. പ്ലാനിംഗ് ബോർഡ് നിയമനത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന പി.എസ്.സിയുടെ ഹർജിയിൽ ഹൈക്കോടതി വിധി പറയുന്ന ചൊവ്വാഴ്ച തന്നെ പുതിയ കേസുകളും രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img