
സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച കാലവർഷവും തുടർച്ചയായ കപ്പൽ അപകടങ്ങളും ട്രോളിംഗ് നിരോധനവും ചേർന്ന് തീരദേശ മേഖലയ്ക്ക് കനത്ത പ്രഹരം. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്. മൂന്നാഴ്ചയ്ക്കിടെ കേരള തീരത്ത് രണ്ട് കപ്പൽ അപകടങ്ങൾ ഉണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. സാധാരണയിലും നേരത്തെ കാലവർഷമെത്തിയതിനാൽ ട്രോളിംഗ് നിരോധനത്തിന് മുമ്പുതന്നെ മത്സ്യബന്ധനം മുടങ്ങിയത് തൊഴിലാളികൾക്ക് തിരിച്ചടിയായി.
പ്രതികൂല കാലാവസ്ഥയും യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന തുറമുഖമായ ബേപ്പൂരിൽ ട്രോളിംഗ് നിരോധനത്തിന് മുൻപേ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി കരയിലേക്ക് കയറ്റി. കഴിഞ്ഞ തവണ സൗജന്യ റേഷനും സമാശ്വാസ നിധിയും മുടങ്ങിയത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ അവ കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ഓഖി, പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്നതിനിടെയാണ് ഈ തിരിച്ചടികൾ.
ബേപ്പൂർ, കൊയിലാണ്ടി, ചോമ്പാല ഹാർബറുകളിൽ കുടിവെള്ള പ്രശ്നം, ഐസിന്റെ ദൗർലഭ്യം എന്നിവയും പ്രതിസന്ധിയാണ്. അശാസ്ത്രീയ മത്സ്യബന്ധനത്തിന്റെ പേരിൽ ഭീമമായ പിഴ ചുമത്തുന്നതും ബോട്ടിലെ മത്സ്യം പിടിച്ചെടുക്കുന്നതും തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ട്രോളിംഗ് നിരോധന സമയത്ത് സജീവമാകുന്ന പരമ്പരാഗത, ചെറുകിട മത്സ്യബന്ധനത്തെ തിങ്കളാഴ്ചയുണ്ടായ കപ്പൽ അപകടം ദോഷകരമായി ബാധിച്ചിട്ടുണ്ട്.
16 ദിവസത്തിനിടെയുണ്ടായ രണ്ട് കപ്പൽ അപകടങ്ങളിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി വ്യക്തമാണ്. മെയ് 25ന് ആലപ്പുഴ തോട്ടപ്പള്ളി തീരത്തിന് സമീപം എം.എസ്.സി എൽസ 3 എന്ന ലൈബീരിയൻ ചരക്കു കപ്പൽ മുങ്ങിയിരുന്നു. അതിലെ അപകടകരമായ രാസവസ്തുക്കളുള്ള കണ്ടെയ്നറുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കെയാണ് ഇന്നലെ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ കൂടുതൽ പ്രഹരശേഷിയുള്ള രാസവസ്തുക്കളുണ്ടെന്ന വാർത്തകൾ വരുന്നത്.
കപ്പലപകടങ്ങളെ തുടർന്നുണ്ടാകുന്ന തെറ്റിദ്ധാരണകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് മത്സ്യത്തൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. കടലിൽ പോയി മീൻ കൊണ്ടുവരുമ്പോൾ വിഷം പേടിച്ച് ആരും വാങ്ങാതിരുന്നാലുള്ള അവസ്ഥ സങ്കടകരമാണെന്ന് തൊഴിലാളികൾ പറയുന്നു. ശാസ്ത്രീയ പഠനങ്ങൾ നടത്താതെ ഇത്തരം ദുരന്തങ്ങളുടെ പേരിൽ കുറ്റം ചാർത്തുന്ന പ്രവണത ഒഴിവാക്കണമെന്നും ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഇത് അത്യാവശ്യമാണെന്നും അവർ ആവശ്യപ്പെടുന്നു.
കടലിനടിയിലായ കണ്ടെയ്നറുകൾ സീൽ ചെയ്യാനും കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. ദുരന്തത്തിന്റെ ആദ്യ ഇരകളായ കടലോര ജനതയ്ക്ക് ഈ നഷ്ടപരിഹാരം വിനിയോഗിക്കണം. കപ്പലിൽ നിന്ന് ചോർന്നിട്ടുള്ള ഇന്ധനവും രാസവസ്തുക്കളും കടലിലെ ജൈവസമ്പത്തിനെയും തീരദേശ ജനതയുടെ ഉപജീവനത്തെയും ബാധിക്കുമെന്നതിനാൽ തീരത്തുണ്ടാകുന്ന മലിനീകരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണം. യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതി ദുരന്തം എന്നിവ ഒഴികെയുള്ള കപ്പലിൽ നിന്നുള്ള മലിനീകരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും കപ്പൽ ഉടമയിൽ നിന്ന് കർശനമായ ബാധ്യത ഈടാക്കണം എന്നാണ് നിയമം. മുൻകാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ഈടാക്കിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടി, കടലിനും പരിസ്ഥിതിയ്ക്കും തീരദേശ ജനതയ്ക്കും ഇത്തരം അപകടങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം ഈടാക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണമെന്ന് അവർ അഭ്യർത്ഥിച്ചു.











