04:57am 14 October 2026
NEWS
‘ദൃശ്യം 3’ കണ്ട് മോഹൻലാൽ; ഹിന്ദി പതിപ്പിനെ പ്രശംസിച്ച് താരം
13/10/2026  12:28 PM IST
nila
‘ദൃശ്യം 3’ കണ്ട് മോഹൻലാൽ; ഹിന്ദി പതിപ്പിനെ പ്രശംസിച്ച് താരം

ബോക്സ്ഓഫിസിൽ വൻ മുന്നേറ്റം തുടരുന്ന ഹിന്ദി ചിത്രം ‘ദൃശ്യം: ദ് കൺക്ലൂഷൻ’ കണ്ട് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച താരം, ജനപ്രിയമായ ഒരു സിനിമാ യാത്രയ്ക്ക് അനുയോജ്യമായ പരിസമാപ്തി ഒരുക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

‘ദൃശ്യം: ദ് കൺക്ലൂഷൻ’ കണ്ടുവെന്നും ഏറെ ജനപ്രീതി നേടിയ ഈ യാത്രയ്ക്ക് മികച്ചൊരു അവസാനം കണ്ടെത്തിയ രീതിയെ അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു. സംവിധായകൻ അഭിഷേക് പഥക്, നിർമാതാവ് കുമാർ മംഗത് പഥക്, നടൻ അജയ് ദേവ്ഗൺ എന്നിവർക്കൊപ്പം ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അദ്ദേഹം ആശംസകൾ നേർന്നു. ‘വളരെ നന്നായി ചെയ്തു’ എന്ന വാക്കുകളോടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിലെ അവസാന ചിത്രമെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയ്ക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആഗോളതലത്തിൽ 489.74 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ബോക്സ്ഓഫിസിൽനിന്ന് 378 കോടി രൂപയും സ്വന്തമാക്കി. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഹിന്ദി പതിപ്പിലെ ആദ്യ രണ്ട് ചിത്രങ്ങളുടെയും കളക്ഷൻ മറികടന്നാണ് മൂന്നാം ഭാഗത്തിന്റെ മുന്നേറ്റം.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം ‘ദൃശ്യം’ സിനിമകളുമായി താരതമ്യം ചെയ്തും ഹിന്ദി പതിപ്പ് ചർച്ചയാകുന്നുണ്ട്. മലയാളം പതിപ്പിന്റെ കഥയിൽനിന്ന് വ്യത്യസ്തമായ തിരക്കഥയിലാണ് ഹിന്ദി ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയ് സാൽഗോങ്കർ എന്ന കഥാപാത്രത്തിന്റെ അവസാന കഥയായിരിക്കും ഇതെന്ന സൂചനയും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്.

അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ ആമിൽ കീയൻ ഖാൻ, അഭിഷേക് പഥക്, പർവീസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് ഒരുക്കിയത്. സുധീർ കുമാർ ചൗധരിയാണ് ഛായാഗ്രഹണം. രവി ബസ്രൂർ, റോചക് കോഹ്ലി, കർമ എന്നിവർ സംഗീതം നിർവഹിച്ചു.

രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ അക്ഷയ് ഖന്ന പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്നാം ഭാഗത്തിൽനിന്ന് പിന്മാറിയിരുന്നു. പകരം ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെത്തിയത്. ആദ്യ രണ്ട് ഹിന്ദി ദൃശ്യം ചിത്രങ്ങളും റീമേക്ക് ചെയ്ത് പുറത്തിറക്കിയ പനോരമ സ്റ്റുഡിയോസാണ് മൂന്നാം ഭാഗത്തിന്റെയും നിർമാണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img