
ദോഹ: പ്രവാസി മലയാളികളടക്കമുള്ള യാത്രാപ്രേമികൾക്കായി സുരക്ഷിതവും സുഗമവുമായ യാത്രാമാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം (Ministry of Interior). സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് യാത്രാനടപടികൾ എളുപ്പമാക്കാനും സുരക്ഷിതത്വം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ട് വഴിയാണ് മന്ത്രാലയം യാത്രക്കാർ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന നിർദ്ദേശങ്ങൾ പങ്കുവെച്ചത്.യാത്രാരേഖകളുടെ പരിശോധന: യാത്ര പുറപ്പെടുന്നതിന് മുൻപായി പാസ്‌പോർട്ടിന്റെ കാലാവധിയും വിമാന ടിക്കറ്റ് ബുക്കിംഗുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
വീടുകളുടെ സുരക്ഷിതത്വം: യാത്ര പോകുന്നതിന് മുൻപ് വീടും പരിസരവും സുരക്ഷിതമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
നിർദ്ദേശങ്ങൾ പാലിക്കുക: വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും എയർലൈൻ ജീവനക്കാരുടെയും നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുക.
അന്യരുടെ ലഗേജുകൾ ഒഴിവാക്കുക: ഉള്ളടക്കത്തെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാതെ മറ്റ് വ്യക്തികളുടെ ബാഗുകളോ സാധനങ്ങളോ കൊണ്ടുപോകാൻ ഏറ്റെടുക്കരുത്.
നിരോധിത വസ്തുക്കൾ: വിമാനത്താവളങ്ങളിൽ നിരോധിച്ചിട്ടുള്ളതോ കൊണ്ടുപോകാൻ അനുമതിയില്ലാത്തതോ ആയ യാതൊരുവിധ വസ്തുക്കളും കൈവശം വെയ്ക്കരുത്.
വിമാനത്താവളങ്ങളിലെ അനാവശ്യമായ തടസ്സങ്ങളും നിയമനടപടികളും ഒഴിവാക്കി യാത്ര കൂടുതൽ സന്തോഷകരമാക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു










