
ദോഹ:പൊതുജനങ്ങൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 'ബീഅ' (Bee’ah) മൊബൈൽ ആപ്ലിക്കേഷനിൽ 32 പുതിയ ഇ-സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു.
റേഡിയേഷൻ സംരക്ഷണം, കെമിക്കൽസ് ആൻഡ് ഹസാർഡസ് വേസ്റ്റ് വിഭാഗം, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പുതുതായി ആപ്പിൽ സജ്ജമാക്കിയിരിക്കുന്നത്. പുതിയ പാക്കേജ് പുറത്തിറക്കിയതോടെ ആപ്പിലൂടെ ലഭ്യമാകുന്ന ആകെ സേവനങ്ങളുടെ എണ്ണം 128 ആയി ഉയർന്നു.
ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും മന്ത്രാലയത്തിന്റെ സാങ്കേതിക-നിയന്ത്രണ നടപടികൾ ഉപഭോക്തൃസൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും, അംഗീകൃത നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ അപേക്ഷകളും ഇടപാടുകളും അതിവേഗം പൂർത്തിയാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.











